
വർഷങ്ങളായി കുട്ടികൾ ഇല്ലാത്തതിൽ വിഷമിക്കുന്ന ആളാണ് ഞാൻ എന്നാൽ ഇനി എനിക്ക് മക്കൾ വേണ്ട ; ആ കുട്ടികൾക്ക് നീതി ലഭിക്കണം : നടൻ സാജു നവോദയ
സ്വന്തം ലേഖകൻ
പാലക്കാട് : വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികൾക്ക് നീതി കിട്ടണമെന്ന് നടൻ സാജു നവോദയ. വാളയാർ പീഡനക്കേസിലെ പ്രതികളെ വെറുത്തെവിട്ട നടപടിയിൽ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർഷങ്ങളായി കുട്ടികളില്ലാത്തതിൽ ഏറെ വിഷമിക്കുന്ന ആളാണ് താനെന്നും ഇനി കുട്ടികൾ വേണ്ട എന്നുമാണ് ചിന്തിക്കുന്നതെന്നും സാജു നവോദയ മാധ്യമങ്ങളോട് സംസാരിക്കവേ വികാരാധീനനായി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ഏറെ വർഷങ്ങളായി കുഞ്ഞുങ്ങളില്ലാത്ത ആളാണ് ഞാൻ. അതിൽ വലിയ വിഷമവും ഉണ്ട്. എന്നാൽ, ഇനി തനിക്കു മക്കൾ വേണ്ട എന്നാണ് ഇപ്പോൾ ചിന്തിക്കുന്നത്. അത്രയ്ക്കു വിഷമമുണ്ട്. ഇതൊന്നും നിർത്താൻ പറ്റില്ല. ഇതെല്ലാം കേട്ട് ഒരാളെങ്കിലും ഇങ്ങനെയൊന്നും ചെയ്യാൻ പാടില്ലെന്ന് ചിന്തിച്ചാൽ മതി. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാൻ. ഒരു രാഷ്ട്രീയപാർട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികൾക്കു നീതി ലഭിക്കണം. കലാകാരൻ എന്ന നിലയിൽ തനിക്കു ചെയ്യാൻ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തത്.’
‘ഇവിടെ പിഞ്ചുകുട്ടികൾക്ക് നീതി നിഷേധിക്കപ്പെട്ടിരിക്കുകയാണ്. മക്കൾ ഉണ്ടാകരുത് എന്നാണ് ഇപ്പോൾ ആഗ്രഹം. മക്കളുണ്ടായാൽ അവർക്ക് ഈ നാട്ടിൽ സ്വസ്ഥമായി ഉറങ്ങാൻ സാധിക്കില്ല. ഇപ്പോൾ ഇല്ലെന്നൊരു സങ്കടമുണ്ട്. നമ്മുടെ കേരളത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ കുഞ്ഞുങ്ങൾ ജനിക്കാതിരിക്കുന്നതാണ് നല്ലത്.
ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവർ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്ടം. കുഞ്ഞുമക്കളുടെ അവസ്ഥ കേട്ടിട്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. അത് ആൺകുഞ്ഞായാലും പെൺകുഞ്ഞായാലും.’ സാജു പറഞ്ഞു.