
ആലപ്പുഴ: വി.എസിന്റെ വിയോഗം ഇളയ സഹോദരി ആഴിക്കുട്ടി അറിഞ്ഞിട്ടില്ല. വി.എസിന്റെ ജന്മഗൃഹമായ വെന്തലത്തറയിലാണ് ആഴിക്കുട്ടി താമസിക്കുന്നത്.
കഴിഞ്ഞ ഏഴുമാസമായി കിടപ്പിലാണ്. മകള്‍ സുശീല പന്ത്രണ്ടു വര്‍ഷം മുമ്പ് മരിച്ചതിനുശേഷം മരുമകന്‍ പരമേശ്വരനും കൊച്ചുമകന്‍ അഖില്‍ വിനായകുമാറുമാണ് ഒപ്പമുള്ളത്.
മൂന്നു സഹോദരന്മാര്‍ക്ക് ഏക സഹോദരിയായിരുന്നു ആഴിക്കുട്ടി. സഹോദരന്മാരില്‍ ഗംഗാധരനും പുരുഷനും മരിച്ചു. വിശേഷദിവസങ്ങളില്‍ വി.എസ്. വെന്തലത്തറയിലെത്തി ആഴിക്കുട്ടിയെ കാണുമായിരുന്നു. വേലിക്കകത്ത് വീട്ടില്‍നിന്നു രണ്ട് കിലോമീറ്ററോളം ദൂരത്തുള്ള വെന്തലത്തറയിലേക്ക് നടന്നായിരുന്നു അദ്ദേഹം പോയിരുന്നത്.
ആഴിക്കുട്ടി കിടപ്പിലാകുന്നതിന് മുമ്പ് വരെ വി.എസിനെക്കുറിച്ച് പറയുമായിരുന്നു. വി.എസിന്റെ കാര്യം ചോദിച്ചാല്‍ നൂറ് നാവായിരുന്നു. പറഞ്ഞ് തുടങ്ങിയാല്‍ പിന്നെ ആവേശമാണ്.തിരുവിതാകൂര്‍ ദിവാനെതിരേ സമരം നയിച്ചതിന് ഒരു വര്‍ഷം വി.എസിനെ തടവിന് ശിക്ഷിച്ചു. എന്നാല്‍ അതിന് വിധേയനാകാതെ പൂഞ്ഞാറില്‍ കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തകനായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ ഒരു സന്ധ്യാനേരം വി.എസ്. സഹോദരിയെ കാണാനെത്തി. വിവരമറിഞ്ഞ് പിന്നാലെ പോലീസും. വീടിന്റെ പിന്നിലൂടെ അണ്ണനെ വള്ളത്തില്‍ കയറ്റി രക്ഷപ്പെടുത്തിയ കാര്യം ആവേശത്തോടെയാണ് ആഴിക്കുട്ടി പറഞ്ഞിരുന്നത്.’ പിന്നീട് പോലീസിന്റെ പിടിയിലായി കൊടിയമര്‍ദനം ഏറ്റെങ്കിലും ഒപ്പമുള്ളവരെക്കുറിച്ച് ഒരക്ഷരം പോലും അണ്ണന്‍ പറഞ്ഞില്ല.
രണ്ടു വര്‍ഷത്തിന് ശേഷം പോലീസിന്റെ മര്‍ദനത്തിലെ മുറിപ്പാടുകളുമായി വീട്ടിലെത്തിയ അണ്ണനോട് ഇത് മതിയാക്കിക്കൂടെ എന്ന ചോദ്യത്തിന് മറുപടി നല്‍കിയത് നിനക്ക് വേറെയും രണ്ട് അണ്ണന്‍മാരുണ്ടല്ലോ എന്നായിരുന്നു.തിരുവനന്തപുരത്ത് സ്‌ഥിരതാമസമായ ശേഷം ഇടയ്‌ക്ക് വിളിക്കുമായിരുന്നു. വിളിക്കാതായപ്പോള്‍ വിഷമമായിരുന്നു. പിന്നീടാണ് അറിയുന്നത് കിടപ്പിലാണെന്ന്.’- ഈറനണിഞ്ഞ കണ്ണുകളോടെ ഒരിക്കല്‍ ആഴിക്കുട്ടി പറഞ്ഞു.