play-sharp-fill
വോട്ടെണ്ണൽ: കോട്ടയം ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ ഇന്ന്

വോട്ടെണ്ണൽ: കോട്ടയം ജില്ലയിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ ഇന്ന്

സ്വന്തം ലേഖകൻ

കോട്ടയം : ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഒന്‍പത് കേന്ദ്രങ്ങളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ സാന്നിധ്യത്തിലാണ് വരണാധികാരികളുടെ നേതൃത്വത്തില്‍ മെയ് രണ്ടിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

ആകെ 66 സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയ ജില്ലയില്‍ പോളിംഗ് ബൂത്തുകളില്‍ 11,49,901 പേരും കോവിഡ് സാഹചര്യത്തില്‍ ആബ്സെന്‍റീ വോട്ടര്‍മാര്‍ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിംഗ് സംവിധാനത്തിലൂടെ 31762 പേരുമാണ് വോട്ടു ചെയ്തിട്ടുള്ളത്. ഇതിനു പുറമെ സര്‍വീസ് വോട്ടുകളും സാധാരണ തപാല്‍ വോട്ടുകളുമുണ്ട്. മെയ് രണ്ടിന് രാവിലെ എട്ടുവരെ തപാല്‍ വകുപ്പില്‍നിന്ന് വരണാധികാരികളുടെ കയ്യില്‍ ലഭിക്കുന്ന തപാല്‍ വോട്ടുകള്‍ വോട്ടെണ്ണലിന് പരിഗണിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

*വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍*
====================
*ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍*
—————————
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിന് എല്ലാ മണ്ഡലത്തിലും മൂന്നു ഹാളുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ഓരോ ഹാളിലും ഏഴ് മേശകള്‍ വീതം ആകെ 21 മേശകള്‍. എല്ലാ മേശകളിലും ഓരോ ബൂത്തു വീതം എണ്ണിക്കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂര്‍ത്തിയാകുക.

ജില്ലയില്‍ ആകെ 189 വോട്ടെണ്ണല്‍ മേശകളാണുള്ളത്. കടുത്തുരുത്തി, കാഞ്ഞിരപ്പള്ളി, പാലാ, പൂഞ്ഞാര്‍ എന്നീ മണ്ഡലങ്ങളില്‍ 14 റൗണ്ടുകളും ചങ്ങനാശേരി, ഏറ്റുമാനൂര്‍, പുതുപ്പള്ളി മണ്ഡലങ്ങളില്‍ 13 റൗണ്ടുകളും വൈക്കത്തും കോട്ടയത്തും 12 റൗണ്ടുകളുമാണുള്ളത്.

ഒരു മേശയില്‍ ഒരു മൈക്രോ ഒബ്സര്‍വറെയും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറെയും ഒരു കൗണ്ടിംഗ് അസിസ്റ്റന്‍റിനെയുമാണ് നിയോഗിച്ചിരിക്കുന്നത്.

ഓരോ കൗണ്ടിംഗ് ഹാളിനും ഒരു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറുണ്ട്.

എല്ലാ മേശയിലും സ്ഥാനാര്‍ഥികളുടെ ഏജന്‍റുമാരും ഉണ്ടാകും.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയത്തില്‍നിന്നും അംഗീകരിച്ചു വന്ന കൗണ്ടിംഗ് ഉദ്യോഗസ്ഥരുടെ പട്ടികയില്‍നിന്നും മൂന്നു റാന്‍ഡമൈസേഷന്‍ നടത്തിയാണ് ഓരോ കൗണ്ടിംഗ് മേശയിലും ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത്.

വോട്ടെണ്ണലില്‍ ഓരോ ഉദ്യോഗസ്ഥരുടെയും ചുമതലയും ഇവരെ നിയോഗിക്കുന്ന മണ്ഡലവും തീരുമാനിക്കുന്ന ആദ്യ രണ്ട് റാന്‍ഡമൈസേഷനുകള്‍ പൂര്‍ത്തിയായി. മെയ് രണ്ടിന് രാവിലെ 6.30ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ എത്തുന്ന ഉദ്യോഗസ്ഥരുടെ മേശ തീരുമാനിക്കുന്ന മൂന്നാമത്തെ റാന്‍ഡമൈസേഷന്‍ കേന്ദ്ര നിരീക്ഷകന്‍റെ സാന്നിധ്യത്തില്‍ വരണാധികാരിയോ ഉപ വരണാധികാരിയോ നിര്‍വഹിക്കും.

ഓരോ മേശയിലും എത്തിക്കേണ്ട കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത് എന്ന് മുന്‍കൂട്ടി തീരുമാനിച്ച് ചാര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. ഈ ചാര്‍ട്ട് ഇന്നു രാവിലെ കൗണ്ടിംഗ് ഏജന്‍റുമാര്‍ക്ക് കൊടുക്കുകയും അതത് മേശകളില്‍ പതിക്കുകയും ചെയ്യും.

*തപാല്‍ വോട്ടുകള്‍*
———————-
ട്രഷറികളില്‍ സൂക്ഷിച്ചിട്ടുള്ള തപാല്‍ വോട്ടുകള്‍ സ്ഥാനാര്‍ഥികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തില്‍ പോലീസ് കാവലിലാണ് വോട്ടിംഗ് കേന്ദ്രങ്ങളില്‍ എത്തിക്കുക. ഈ നടപടികളുടെ വീഡിയോ ഡോക്യുമെന്‍റേഷനും നടത്തും.

എല്ലാ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി ഏഴു മേശകള്‍ വീതം ക്രമീകരിച്ചിട്ടുണ്ട്.

ഓരോ മേശയിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്‍റുമാരും ഒരു അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസറും ഒരു മൈക്രോ ഒബ്സര്‍വറും സ്ഥാനാര്‍ഥികളുടെ കൗണ്ടിംഗ് ഏജന്‍റുമാരും ഉണ്ടായിരിക്കും.

പോസ്റ്റല്‍ വോട്ടുകള്‍ നിരാകരിക്കുന്ന വിഷയത്തില്‍ അന്തിമ തീരുമാനം വരണാധികാരിയുടേതായിരിക്കും.

വോട്ടെണ്ണല്‍
————-
രാവിലെ എട്ടിന് തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തപാല്‍ ബാലറ്റുകള്‍ അടങ്ങിയ കവറുകള്‍ തുറക്കുക.

തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോംഗ് റൂം രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ വരണാധികാരി തുറക്കും.

സ്ട്രോംഗ് റൂമില്‍നിന്നും കണ്‍ട്രോള്‍ യൂണിറ്റും പോളിംഗ് ബൂത്തിലെ നടപടികളുടെ സംക്ഷിപ്ത റിപ്പോര്‍ട്ടായ 17 സി ഫോറവുമാണ് വോട്ടെണ്ണല്‍ മേശകളില്‍ എത്തിക്കുക. ഇവ സീല്‍ ചെയ്തിട്ടുണ്ടെന്ന് കൗണ്ടിംഗ് ഏജന്‍റുമാരുടെ സാന്നിധ്യത്തില്‍ ഉറപ്പാക്കും. 8.30ഓടെ വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും.

കണ്‍ട്രോള്‍ യൂണിറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് ആദ്യം പരിശോധിക്കുക. ഇത് 17 സി ഫോറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് തന്നെയെന്ന് ഉറപ്പാക്കിയശേഷമാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും ലഭിച്ച വോട്ടുകള്‍ പരിശോധിക്കുക.

ഈ വോട്ടുകളുടെ വിശദാംശങ്ങള്‍ കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ രേഖപ്പെടുത്തും. ഓരോ യന്ത്രത്തിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ റിസള്‍ട്ട് ഷീറ്റില്‍ കൗണ്ടിംഗ് സൂപ്പര്‍വൈസറും കൗണ്ടിംഗ് എജന്‍റുമാരും ഒപ്പിട്ട് വരണാധികാരിക്ക് സമര്‍പ്പിക്കും.

ഒരു റൗണ്ട് പൂര്‍ത്തിയാകുമ്പോള്‍ 21 മേശകളിലെയും വോട്ടെണ്ണല്‍ ഫലം തയ്യാറാക്കി വരണാധികാരി വേദിയില്‍ പ്രസിദ്ധീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നതിനൊപ്പം തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ എന്‍കോര്‍ ആപ്ലിക്കേഷനില്‍ അപ്ലോഡ് ചെയ്യും.

എല്ലാ റൗണ്ടുകളും പൂര്‍ത്തിയായശേഷം റാന്‍ഡമൈസ് ചെയ്തെടുക്കുന്ന അഞ്ച് വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ പ്രത്യേക കൗണ്ടറില്‍ എണ്ണും.

*ആകെ 1305 ഉദ്യോഗസ്ഥര്‍*
——————–
വോട്ടെണ്ണലിനായി ജില്ലയില്‍ ആകെ 1305 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഇതില്‍ 40 ശതമാനം പേര്‍ റിസര്‍വാണ്.

വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുന്നതിനായി 288 മൈക്രോ ഒബ്സര്‍വര്‍മാരും 270 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 288 കൗണ്ടിംഗ് അസിസ്റ്റന്‍റുമാരുമാണുള്ളത്.

തപാല്‍ വോട്ടുകള്‍ എണ്ണുന്നതിന് 90 വീതം മൈക്രോ ഒബ്സര്‍വര്‍മാരും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 180 കൗണ്ടിംഗ് അസിസ്റ്റന്‍റുമാരുമാണ് നിയോഗിക്കപ്പെട്ടിട്ടുള്ളത്. എല്ലാ കേന്ദ്രങ്ങളിലുമായി 99 അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍മാരുമുണ്ട്.

കൊവിഡ് പ്രോട്ടോക്കോള്‍
——————
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശപ്രകാരം കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിച്ചായിരിക്കും വോട്ടെണ്ണല്‍.

രണ്ടു ഡോസ് പ്രതിരോധ വാക്സിന്‍ എടുത്തതിന്‍റെ രേഖയോ കോവിഡ് ആര്‍.ടി.പി.സി.ആര്‍ അല്ലെങ്കില്‍ ആന്‍റിജന്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഹാജരാക്കുന്നവര്‍ക്കു മാത്രമാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ വളപ്പിനുള്ളില്‍ പ്രവേശനം അനുവദിക്കുക.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളതനുസരിച്ച് ഓരോ വോട്ടെണ്ണല്‍ മേശയ്ക്കു ചുറ്റും 150 ചതുരശ്ര അടി സ്ഥലം ഉറപ്പാക്കിയിട്ടുണ്ട്.

കൈകള്‍ ശുചീകരിക്കുന്നതിന് സോപ്പ്, വെള്ളം, സാനിറ്റൈസര്‍ എന്നിവയും പനി പരിശോധനയ്ക്ക് തെര്‍മല്‍ സ്കാനിംഗ് സംവിധാനവും വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലുണ്ടാകും.

*സുരക്ഷാ ക്രമീകരണം*
—————-
ജില്ലയെ ഒന്‍പത് സബ് ഡിവിഷനുകളായി തിരിച്ചാണ് വോട്ടെണ്ണലിന്‍റെ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പ പറ‍ഞ്ഞു. ഇതിനായി ആകെ 1800 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിക്കുന്നത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സി.ഐ.എസ്.എഫ്, സായുധ പൊലീസ്, ലോക്കല്‍ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയുള്ള ത്രിതല സുരക്ഷയുടെ ചുമതല ഡിവൈ.എസ്.പിമാര്‍ക്കാണ്. എല്ലാ കേന്ദ്രങ്ങളിലും നിലവില്‍ സ്ട്രോംഗ് റൂം സുരക്ഷാ ചുമതലയിലുള്ളവര്‍ക്കു പുറമെ 75 പൊലിസ് ഉദ്യോഗസ്ഥരെക്കൂടി നിയോഗിച്ചിട്ടുണ്ട്.

ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തോടനുബന്ധിച്ചും രണ്ട് പട്രോള്‍ സംഘത്തെയും ഒരു സ്ട്രൈക്കര്‍ പാര്‍ട്ടിയെയും നിയോഗിച്ചിട്ടുണ്ട്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ വളപ്പിനുള്ളില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുമായി പ്രവേശിക്കാന്‍ അനുവാദമില്ല. മെറ്റല്‍ ഡിറ്റക്ടര്‍ പരിശോധയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

*വിജയാഹ്ളാദ പ്രകടനങ്ങള്‍ക്ക് നിരോധനം*
=======
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെയും ഹൈക്കോടതിയുടെയും നിര്‍ദേശപ്രകാരം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടനുബന്ധിച്ചുള്ള വിജയാഹ്ലാദം നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. കോവിഡ് സാഹചര്യത്തില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കുമെന്ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ അറിയിച്ചു.

*മീഡിയ സെന്‍റര്‍*
=========
വോട്ടെണ്ണല്‍ വിവരങ്ങള്‍ തത്സമയം മാധ്യമങ്ങള്‍ക്ക് നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രധാന മീഡിയ സെന്‍റര്‍ കളക്ടറേറ്റിലാണ് പ്രവര്‍ത്തിക്കുക. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച പാസ് ഉള്ളവര്‍ക്കു മാത്രമാണ് പ്രവേശനം.

ട്രെന്‍ഡ്സ് ടിവി എന്ന വെബ്സൈറ്റ് മുഖേനയാണ് ജില്ലാ മീഡിയ സെില്‍ വിവരങ്ങള്‍ ലഭ്യമാകുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും കൗണ്ടിംഗ് കേന്ദ്രത്തില്‍നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ എന്‍കോര്‍ ആപ്ലിക്കേഷനില്‍ വരണാധികാരികള്‍ എന്‍റര്‍ ചെയ്യുന്ന വിവരങ്ങളാണ് ഇന്‍ഫോഗ്രാഫിക്സ് ഉള്‍പ്പെടെ ട്രെന്‍ഡ്സ് ടിവിയില്‍ പ്രദര്‍ശിപ്പിക്കുക.

ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം നാഷണല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററാണ് ജില്ലയില്‍ ഇതിനുള്ള സാങ്കേതിക ക്രമീകരണങ്ങള്‍ നടത്തുന്നത്.

പൊതുജനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ഫലങ്ങള്‍ Voter helpline എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെയും result.eci.nic.in എന്ന ലിങ്കിലൂടെയും തത്സമയം അറിയാനാകും.