ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം..? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ, പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനെ ഇന്നത്തെ തലമുറയിലെ എത്രപേർക്കറിയാം….!? ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ കോട്ടയംകാരെ ചേർത്ത് പിടിച്ച വിഎന്‍ വാസവന്‍ എന്ന മനുഷ്യ സ്നേഹിയെ.! പാമ്പിനെക്കണ്ടാലും പോത്ത് വിരണ്ടാലും ജനങ്ങള്‍ വിളിക്കുന്ന ഒരേയൊരു പേര്; സഹജീവി സ്‌നേഹം സിരകളിലോടുന്ന സഖാവ് വി എന്‍ വാസവന്‍ ഏറ്റുമാനൂരില്‍ വോട്ട് തേടുമ്പോള്‍..!

Spread the love

എ കെ ശ്രീകുമാർ

video
play-sharp-fill

കോട്ടയം: പുതിയ തലമുറയിലെ പലര്‍ക്കും ഐങ്കൊമ്പ് ബസപകടത്തെപ്പറ്റി അറിയില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പാലായിലെ ഐങ്കൊമ്പ് ബസപകടം. 1998 ഒക്ടോബര്‍ 22 ന് പാലാ സ്റ്റാന്‍ഡില്‍ നിന്നും നിറയെ യാത്രക്കാരുമായി തൊടുപുഴയിലേക്ക് യാത്ര തിരിച്ച പ്രശാന്ത് എന്ന സ്വകാര്യ ബസ്, ഐങ്കൊമ്പ് ഭാഗത്തെ റോഡിന്റെ ഇടതുവശത്തുണ്ടായിരുന്ന ടെലിഫോണ്‍ തൂണിലിടിച്ചശേഷം വലതുവശത്തുള്ള തിട്ടയിലിടിച്ചു മറിയുകയായിരുന്നു. യാത്രക്കാരിൽ ആരോ വാങ്ങി ബസിനുള്ളില്‍ കന്നാസില്‍ സൂക്ഷിച്ചിരുന്ന പെട്രോളിന് തീപിടിച്ച് ഏതാനും നിമിഷങ്ങള്‍ കൊണ്ട് ബസ് പൂര്‍ണമായും അഗ്‌നിക്കിരയായി. 16 പേര്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഒരു പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 22 പേരാണ് അന്നത്തെ അപകടത്തില്‍ മരണമടഞ്ഞത്.

കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാല്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പലതും ദിവസങ്ങള്‍ക്കു ശേഷമായിരുന്നു തിരിച്ചറിയുവാന്‍ സാധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ഓര്‍മ്മകള്‍ നടുക്കമുണ്ടാക്കുമ്പോഴും വിഎന്‍ വാസവനെ ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. വെന്തമണം വമിക്കുന്ന, കത്തിക്കരിഞ്ഞ് തിരിച്ചറിയാതെ പോയവരെ അറപ്പിന്റെ കണികപോലും ഇല്ലാതെ ചേര്‍ത്ത് പിടിച്ചത് അന്ന് വാസവന്‍ മാത്രമായിരുന്നു.

അപകടത്തിന് ദൃക്സാക്ഷിയായ തങ്കമ്മ ചേച്ചി പറയുന്നതിങ്ങനെ !

ഞങ്ങള് പെണ്ണുങ്ങള്‍ ഒത്തിരിപ്പേര് തോട്ടീന്ന് ബക്കറ്റില്‍ വെള്ളം നിറച്ച് തീ അണക്കാന്‍ ഓടി. മരിച്ചവരെ കാണണമെന്ന് പറഞ്ഞപ്പോൾ പൊലീസ് സമ്മതിച്ചില്ല. കാണണ്ട, വെന്തുപോയി എന്ന് പറഞ്ഞു. വര്‍ഷം 28 കഴിഞ്ഞില്ലേ, പലതും പലർക്കും ഓര്‍ക്കാന്‍ പറ്റുന്നില്ല. പക്ഷേ, മരിക്കും വരെ ആരും മറക്കാത്ത ഒരു മനുഷ്യനുണ്ട് ആ കൂട്ടത്തില്‍. പൊലീസും നാട്ടുകാരും ഉള്‍പ്പെടെ കത്തിക്കരിഞ്ഞവരെ എടുക്കാന്‍ പേടിച്ച് നിന്നപ്പോള്‍, ഓടി വന്ന് പാതിവെന്തശരീരങ്ങള്‍ ഓരോന്നായി എടുത്ത് ആംബുലന്‍സില്‍ കയറ്റിയ ഒരു ചെറുപ്പക്കാരൻ .. ഇത് പറഞ്ഞപ്പോൾ ഐങ്കൊമ്പ് സ്വദേശിനി തങ്കമ്മച്ചേട്ടത്തിയുടെ വാക്കുകള്‍ ഇടറി.

കോട്ടയത്ത് ഏത് അപകടമുണ്ടായാലും പൊലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്ത് എത്തും മുന്‍പേ വാസവന്‍ എത്തി രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരിക്കും എന്ന് മലയാളത്തിന്റെ മൊഗാസ്റ്റാര്‍ മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. അക്ഷരാർത്ഥത്തിൽ ഇത് ശരിയുമാണ്.

കുമരകം ബോട്ട് ദുരന്തം, താഴത്തങ്ങാടി ബസ് അപകടം ,പുല്ലുപാറ ദുരന്തം തുടങ്ങി ഏറെ മനുഷ്യ ജീവനുകള്‍ നഷ്ടപ്പെട്ട ദുരന്തഭൂമിയില്‍ ഒരു സാധാരണക്കാരനായ സഖാവായി നിന്ന ആളാണ് അദ്ദേഹം. പ്രളയത്തില്‍ ആലപ്പുഴയിലെ ഒറ്റപ്പെട്ട തുരുത്തുകളില്‍ കുടുങ്ങിയവരെ പാതിരാത്രി ടോറസില്‍ കയറ്റി എ.സി.റോഡിലൂടെ ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ എത്തിക്കാനുള്ള തന്ത്രപ്പാടിൽ ടോറസില്‍ നിന്ന് ബാലന്‍സ് തെറ്റി വീണ് നട്ടെല്ലിന് പരിക്കേറ്റ് ദീര്‍ഘകാലം ചികിത്സയ്ക്കു വിധേയനാകേണ്ടി വന്നിട്ടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതില്‍ ഒരു കുറവും അദ്ദേഹം വരുത്തിയിട്ടില്ല. അഭയം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാനെന്ന നിലയില്‍ ചെയ്ത മനുഷ്യത്വപരമായ ഇടപെടലുകള്‍ പറയാവുന്നതിനും അപ്പുറമാണ്..

കോവിഡ് മഹാമാരിക്കാലത്തും കോട്ടയത്തെ ജനങ്ങള്‍ ആ കരുതല്‍ അറിഞ്ഞിട്ടുണ്ട്. ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച ചെങ്ങളത്തെ കുടുംബത്തെ നാട് മുഴുവന്‍ കുറ്റപ്പെടുത്തിയപ്പോഴും ശാപവാക്കുകള്‍ കൊണ്ട് മുറിവേല്‍പ്പിച്ചപ്പോഴും മാധ്യമങ്ങള്‍ അവരുടെ പിന്നാലെ വേട്ടപ്പട്ടികളെപ്പോലെ നടന്നപ്പോഴും ആദ്യാവസാനം ആ കുടുംബത്തെ ചേര്‍ത്ത് നിര്‍ത്തിയത് വി എന്‍ വാസവന്‍ മാത്രമായിരുന്നു. മറ്റൊരാളുടെ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ട്, അത് പരിഹരിക്കപ്പെടും വരെ കൈയ്മെയ് മറന്ന് ഓടി നടക്കുകയെന്നത് ദിനചര്യയുടെ ഭാഗമാണ് വാസവന്.

ആംബുലന്‍സുമായി ചെങ്ങളത്തെ വീട്ടില്‍ ചെന്ന് അവരെ സുരക്ഷിതരായി മെഡിക്കല്‍ കോളേജില്‍ എത്തിക്കും വരെ ജനങ്ങളുടെ ഒട്ടാകെ ഭീതിയും ആശങ്കയും അനുഭവിച്ചറിഞ്ഞിരുന്നു വി എന്‍ വാസവന്‍ എന്ന കോട്ടയംകാരുടെ സ്വന്തം വാസവന്‍ ചേട്ടന്‍. ‘മരണം വിതയ്ക്കുന്ന രോഗത്തോടുള്ള ഭീതി സ്വാഭാവികമാണ്, എന്നാൽ “സഹജീവിയെ സഹായിക്കാനുള്ള ബാധ്യത നമ്മള്‍ മറക്കരുത്” രോഗിയെ മെഡിക്കൽ കോളേജിൽ എത്തിച്ചശേഷം വാസവന്‍ പറഞ്ഞ ഈ വാക്കുകളാണ് പിന്നീട് കോവിഡ് രോഗികള്‍ക്കൊപ്പം നില്‍ക്കാന്‍ കേരളത്തെ സജ്ജമാക്കിയത്. ഉദ്യോഗസ്ഥര്‍ക്കും പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കിയ ശേഷം, കയ്യുംകെട്ടി മാറി നിന്ന്, ഒടുവില്‍ പേരെടുക്കാന്‍ കഷ്ടപ്പെടുന്ന സീസണല്‍ പൊതുപ്രവര്‍ത്തകര്‍ക്ക് ഒരപവാദമാണ് സഖാവ് വി. എന്‍ വാസവന്‍.

പാമ്പാടി ബസ് സ്റ്റാന്‍ഡിന് സമീപമുള്ള വി എന്‍ വാസവന്റെ വീട്ടിലേക്ക് ജാതിമത പ്രായഭേദമന്യേ വാസവന്‍ ചേട്ടാ എന്ന് വിളിച്ച് ആര്‍ക്കും ഏത് സമയത്തും കയറിച്ചെല്ലാം. ആ വീടിന്റെ ഗേറ്റ് ആര്‍ക്ക് മുന്നിലും ഒരിക്കലും അടയില്ല. വന്നയാളുടെ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയിട്ടേ ഏത് അർദ്ധരാത്രിയിലും വാസവൻ ഉറങ്ങാറുള്ളു…!

ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന വാസവന് സാധാരണ സ്ഥാനാര്‍ത്ഥികളുടെ ഉത്കണ്ഠയില്ല. അരനൂറ്റാണ്ടുകാലമായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ, സഹജീവി സ്‌നേഹമുള്ള ഒരാളെ വിജയിപ്പിക്കേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്ന ബോധ്യം ഏറ്റുമാനൂരിലെ ജനങ്ങള്‍ക്കുള്ളത് തന്നെ കാരണം. ഒപ്പം കഴിഞ്ഞ അഞ്ച് വർഷം ഏറ്റുമാനൂർ മണ്ഡലത്തിൽ നടത്തിയ കോടിക്കണക്കിന് രൂപയുടെ വികസനവും വോട്ടായി മാറും