വിഴിഞ്ഞത്ത് സ്ഥിതി നിയന്ത്രണ വിധേയമെന്ന് എഡിജിപി; ആദ്യഘട്ട സമാധാന ചര്‍ച്ച പൂര്‍ത്തിയായെന്ന് യൂജിന്‍ പെരേര; പ്രദേശത്ത് കനത്ത പൊലീസ് കാവല്‍; ഇന്ന് സര്‍വകക്ഷി യോഗം ചേരും; വഴികള്‍ തടഞ്ഞ് സമരക്കാര്‍
സ്വന്തം ലേഖിക
തിരുവനന്തപുരം: വിഴിഞ്ഞത്തെ സംഘര്‍ഷങ്ങള്‍ക്ക് നേരിയ അയവ്.
നിലവില്‍ കാര്യങ്ങള്‍ നിയന്ത്രണവിധേയമാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും നിരോധനാജ്ഞ പ്രഖ്യാപിക്കുകയെന്നും എ ഡി ജി പി അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രദേശത്ത് പൊലീസിന്റെ വന്‍ സന്നാഹം തുടരും. എറണാകുളം, ആലപ്പുഴ,കൊല്ലം, ഇടുക്കി ജില്ലകളില്‍ നിന്നുള്ള അഞ്ഞൂറിലേറെ സായുധ പൊലീസ് ഇന്ന് രാവിലെ വിഴിഞ്ഞത്ത് എത്തും.
അക്രമവുമായി ബന്ധപ്പെട്ട് എട്ടോളം പേരെക്കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഞായറാഴ്‌ച അറസ്റ്റിലായ പ്രതിഷേധക്കാരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ വൈകിട്ട് വന്‍ സംഘര്‍ഷമാണ് വിഴിഞ്ഞത്ത് ഉണ്ടായത്. ഇരുമ്പ് കമ്പികളും പങ്കായങ്ങളുമായാണ് പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. നാലു ജീപ്പുകളും രണ്ടു വാനുകളും ഇരുപത് ബൈക്കുകളും തകര്‍ത്തു.
ഫോര്‍ട്ട് അസി.കമ്മിഷണര്‍ ഷാജി, വിഴിഞ്ഞം സി.ഐ പ്രജീഷ് ശശി, രണ്ട് വനിതകളടക്കം 35 പൊലീസുകാരെയും ക്രൂരമായി മര്‍ദ്ദിച്ചു. ഫോര്‍ട്ട് സ്റ്റേഷനിലെ സി.പി.ഒ ശരത് കുമാര്‍, വിഴിഞ്ഞം പ്രൊബേഷന്‍ എസ്.ഐ ലിജു പി. മണി എന്നിവരുടെ നില ഗുരുതരമാണ്.
അക്രമത്തില്‍ രണ്ട് കെ എസ് ആര്‍ ടി സി ബസുകളും തകര്‍ന്നിരുന്നു. വിഴിഞ്ഞം ഡിപ്പോയില്‍ നിന്ന് കെ എസ് ആര്‍ ടി സി സര്‍വീസ് തുടങ്ങിയിട്ടില്ല. പ്രതിഷേധക്കാര്‍ വള്ളങ്ങള്‍ വച്ച് പലയിടങ്ങളിലും റോഡ് തടഞ്ഞിരിക്കുകയാണ്.
വിഴിഞ്ഞത്ത് ഇന്ന് ഉച്ചയ്‌ക്ക് ശേഷം കളക്‌ടറുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം ചേരും. യോഗത്തില്‍ മന്ത്രിമാര്‍ പങ്കെടുത്തേക്കും. പുലര്‍ച്ചെ രണ്ട് മണിവരെ നടന്ന ചര്‍ച്ചകളില്‍ തീരുമാനമായിരുന്നില്ല. സംഘര്‍ഷമടക്കമുള്ള കാര്യങ്ങള്‍ ഹൈക്കോടതിയെ ധരിപ്പിക്കുമെന്ന് കളക്‌ടര്‍ അറിയിച്ചു.