പാര്‍ട്ടി ഫണ്ടിന്‍റെ പേരില്‍ വൻ അഴിമതി; ജീവനക്കാരെ വീടിന് സമീപത്തെ ഔട്ട്ലെറ്റുകളിലേക്കും ഡിപ്പോകളിലേക്കും സ്ഥലം മാറ്റം നൽകുന്നതിന് കൈക്കൂലി 25,000 മുതല്‍ 30,000 രൂപ വരെ. പണം കൈപ്പറ്റുന്നത് രസീത് നല്‍കാതെ ‘സി.പി.ഐ പാര്‍ട്ടി ഫണ്ടെന്ന’ പേരില്‍; സപ്ലൈകോയില്‍ സ്ഥലംമാറ്റത്തിനും കൈക്കൂലി മുഖ്യം…..!
സ്വന്തം ലേഖിക
തിരുവനന്തപുരം: സപ്ലൈകോയിലും പാര്‍ട്ടി ഫണ്ടെന്ന പേരില്‍ വൻ പണപ്പിരിവ്.
ഉന്നത ഉദ്യോഗസ്ഥ ഉത്താശയോടെ ജീവനക്കാരെ യൂണിയന്‍ നേതാക്കള്‍ക്ക് പണം വാങ്ങി സ്ഥലംമാറ്റം നൽകുന്നു. സിപിഐ അനുകൂല സംഘടനയായ സപ്ലൈകോ എംപ്ലോയീസ് അസോസിയേഷന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന നേതാവിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന പണപ്പിരിവിനെതിരെ സപ്ലൈകോ വിജിലന്‍സിനും സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ക്കും പരാതി ലഭിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ജൂനിയര്‍ അസിസ്റ്റന്‍റ്, സീനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് ഫസ്റ്റ്, സീനിയര്‍ അസിസ്റ്റന്‍റ് ഗ്രേഡ് സെക്കന്‍ഡ് തസ്തികകളില്‍ പ്രതിവര്‍ഷം നടക്കുന്ന സ്ഥാനക്കയറ്റ-സ്ഥലംമാറ്റങ്ങളിലാണ് അഴിമതി.
പ്രമോഷന്‍ ട്രാന്‍സ്ഫര്‍ നല്‍കി വിവിധ ജില്ലകളിലേക്ക് മാറ്റുന്ന ജീവനക്കാരെ രണ്ടാഴ്ചക്കുശേഷം വീടിന് സമീപത്തെ ഔട്ട്ലെറ്റുകളിലേക്കും ഡിപ്പോകളിലേക്കും കൊണ്ടുവരുന്നതിന് 25,000 മുതല്‍ 30,000 രൂപ വരെ നേതാക്കള്‍ കൈക്കൂലിയായി വാങ്ങി. രസീത് നല്‍കാതെ ‘സി.പി.ഐ പാര്‍ട്ടി ഫണ്ടെന്ന’ പേരില്‍ നടത്തുന്ന ഇത്തരം പിരിവുകള്‍ ജീവനക്കാര്‍ നേരേത്ത ചോദ്യം ചെയ്തിരുന്നില്ല.
പണം നല്‍കാത്തതിന്‍റെ പേരില്‍ അസോസിയേഷന്‍ പ്രവര്‍ത്തകരെപ്പോലും നേതാവ് ഇടപെട്ട് തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്കും കോട്ടയത്തേക്കും സ്ഥലം മാറ്റിയതോടെയാണ് അഴിമതി വിവരങ്ങള്‍ ഒരു വിഭാഗം വിജിലന്‍സ് മുൻപാകെ ഹാജരാക്കിയത്. താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചതിലും നേതാക്കള്‍ പണം വാങ്ങിയെന്ന് പരാതി ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മാത്രം ഓരോ നിയമനത്തിനും 25000 രൂപ വീതം യൂനിയന്‍ വാങ്ങിയതായാണ് പരാതി. വലിയതുറ സപ്ലെെകോ ഗോഡൗണിലെ മൂന്നര ലക്ഷം രൂപയുടെ ഹോര്‍ലിക്സ് തിരിമറിയില്‍ സസ്പെഷനിലായ ഉദ്യോഗസ്ഥനാണ് നിയമനങ്ങള്‍ക്ക് ചരടുവലിച്ചത്. ഇദ്ദേഹത്തെ കൊല്ലം ജില്ലയിലേക്ക് സ്ഥലംമാറ്റിയെങ്കിലും സി.പി.ഐ ഉന്നതന്‍ ഇടപെട്ട് വീണ്ടും തിരുവനന്തപുരത്ത് എത്തിച്ചു.
അഴിമതിയില്‍ സസ്പെഷനിലായ എ.ഐ.ടി.യു.സി നേതാവ് നാലുവര്‍ഷമായി തലസ്ഥാനത്തെ പ്രധാന ഔട്ട്ലെറ്റിലെ സുപ്രധാന തസ്തികയിലാണ്. സസ്പെന്‍ഷനിലാകുമ്പോള്‍ ജൂനിയര്‍ അസിസ്റ്റന്‍റായിരുന്ന ഇദ്ദേഹത്തിന് നാലുവര്‍ഷത്തിനിടെ രണ്ട് പ്രമോഷനും നല്‍കി.