
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ട്രാൻസ്ഷിപ്മെന്റ് ഹബ്ബ് ആക്കി മാറ്റാനൊരുങ്ങി കേന്ദ്രം.
പശ്ചിമേഷ്യൻ സംഘർഷത്തില്‍ ആഗോള ചരക്കുനീക്കത്തിലും സമുദ്രവ്യാപാര മേഖലയിലുമുണ്ടായ അനിശ്ചിതത്വം മൂലമാണ് രാജ്യത്ത് പുതിയൊരു ആഗോള മാരിടൈം ഹബ്ബ് സ്ഥാപിക്കാൻ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തില്‍ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങള്‍ ബാധിക്കാത്ത സമുദ്രവ്യാപാര കേന്ദ്രമാണ് വിഴിഞ്ഞം വികസനത്തിലൂടെ ലക്ഷ്യമിടുന്നത്.
ഭാവിയില്‍ സിങ്കപ്പൂർ, ദുബായ് തുറമുഖങ്ങള്‍ക്ക് ബദലായി വിഴിഞ്ഞത്തെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഇതിനുള്ള തുടർനടപടികള്‍ സ്വീകരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തെ ചുമതലപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഷിപ്പിങ് മന്ത്രാലയം ഉദ്യോഗസ്ഥർ സംസ്ഥാന തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരും ‘വിസിലു’മായി (വിഴിഞ്ഞം ഇന്റർനാഷണല്‍ സീ പോർട്ട് ലിമിറ്റഡ്) പ്രാഥമിക ചർച്ചകള്‍ പൂർത്തിയാക്കി. രാജ്യത്ത് തുറമുഖങ്ങള്‍ വികസിപ്പിക്കാൻ കേന്ദ്രം പ്രഖ്യാപിച്ച മാരിടൈം അമൃത്കാല്‍ വിഷൻ 2047-ന്റെ ഭാഗമായാണ് പദ്ധതി വരുന്നത്.
നിലവിലുള്ള ട്രാൻസ്ഷിപ്മെന്റ് ടെർമിനലിനെ ട്രാൻസ്ഷിപ്മെന്റ് ഹബ്ബ് ആക്കുകയാണ് ലക്ഷ്യം. വിഴിഞ്ഞം രണ്ടാംഘട്ടം പൂർത്തിയാക്കുമ്പോള്‍ ബെർത്തിന്റെ നീളം രണ്ട് കിലോമീറ്ററാകും. ആഗോളതലത്തില്‍ മികവ് വേണമെങ്കില്‍ കുറഞ്ഞത് അഞ്ച് കിലോമീറ്റർ വേണം. ബെർത്ത് നിർമിക്കാൻ സ്വകാര്യസംരംഭകർ വരുമെന്നാണ് വിലയിരുത്തല്‍.



