ചോദിച്ചത് മൂന്നു ദിവസത്തെ അവധി, നല്‍കിയത് ഒരു ദിവസവും; അവധിയെച്ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലെത്തി; വിയ്യുര്‍ അതിസുരക്ഷാ ജയിലില്‍ പ്രിസണ്‍ ഓഫിസറുടെ കാലൊടിച്ച അസി.പ്രിസണ്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍; മൂക്കിന്റെ പാലത്തിന് ഗുരുതര പരിക്കേറ്റ പ്രിസണ്‍ ഓഫീസര്‍ ചികിത്സയിൽ

Spread the love

സ്വന്തം ലേഖിക

തൃശ്ശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ അവധി നല്‍കുന്നതിനെച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തെ തുടർന്ന് പ്രിസണ്‍ ഓഫിസറെ മര്‍ദ്ദിച്ച്‌ ഗുരുതരമായി പരിക്കേല്‍പ്പിച്ച അസി. പ്രിസണ്‍ ഓഫിസര്‍ക്ക് സസ്‌പെന്‍ഷന്‍.

മര്‍ദ്ദനത്തില്‍ പ്രിസണ്‍ ഓഫിസറുടെ കാലിന്റെ അസ്ഥിപൊട്ടുകയും മൂക്കിന്റെ പാലത്തിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു.ചവിട്ടേറ്റു കാലിന്റെ അസ്ഥിപൊട്ടിയ നിലയില്‍ പ്രിസണ്‍ ഓഫിസര്‍ ടി.ഡി. അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസി. പ്രിസണ്‍ ഓഫിസര്‍ കെ. രാജേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. അവധി അനുവദിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിച്ചെന്നാണു വിവരം. അതിസുരക്ഷാ ജയിലില്‍ ജീവനക്കാരുടെ വിശ്രമകേന്ദ്രത്തില്‍ വെള്ളിയാഴ്ച രാത്രിയാണു സംഭവം.

ഒരുമാസം മുന്‍പ് അതിസുരക്ഷാ ജയിലിലേക്കു സ്ഥലംമാറി എത്തിയവരാണു പ്രിസണ്‍ ഓഫിസറും അസി. പ്രിസണ്‍ ഓഫിസറും. ജയിലില്‍ ജീവനക്കാരുടെ എണ്ണം കുറവായതിനാല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമേ അവധി അനുവദിക്കുന്നുള്ളൂ.

ചീഫ് വാര്‍ഡന്റെ ചുമതലയുള്ള പ്രിസണ്‍ ഓഫിസറാണ് അവധി അനുവദിക്കേണ്ടത്. പ്രതിസ്ഥാനത്തുള്ള അസി. പ്രിസണ്‍ ഓഫിസര്‍ രാജേഷ് 3 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍, അനുവദിച്ചത് ഒരു ദിവസം മാത്രം. ഇതില്‍ പ്രകോപിതനായാണ് ആക്രമിച്ചത്.

കാലിന്റെ ഉപ്പൂറ്റിക്കു മുകളിലേറ്റ ചവിട്ടിലാണ് അസ്ഥിക്ക് പൊട്ടലുണ്ടായത്. മൂക്കിന്റെ പാലത്തിനും ഇടിയേറ്റു. പ്രതിസ്ഥാനത്തുള്ള ജീവനക്കാരനു രണ്ടാഴ്ച മുന്‍പും മോശം പെരുമാറ്റത്തിന്റെ പേരില്‍ താക്കീത് ലഭിച്ചിരുന്നതായി സൂചനയുണ്ട്.

അതേസമയം, അതിസുരക്ഷാ ജയിലില്‍ ജീവനക്കാരുടെ എണ്ണം മൂന്നിലൊന്നു പോലും ഇല്ലാത്തതു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. 400 തടവുകാരെ പാര്‍പ്പിക്കാന്‍ ശേഷിയുള്ള ജയിലില്‍ 100 ജീവനക്കാരെങ്കിലും വേണമെന്നാണു കണക്ക്. എന്നാല്‍, ആകെയുള്ളത് 28 പേര്‍ മാത്രം. ഇതില്‍ 8 പേര്‍ പരിശീലനത്തിലും മറ്റുമാണ്. ഡ്യൂട്ടിക്കുള്ളത് ആകെ 20 പേര്‍ മാത്രവും.