
വിയ്യൂർ അതിസുരക്ഷാ ജയിലിലെ എന്‍ഐഎ തടവുകാരന് സിം കാര്‍ഡ് കൈമാറിയ സംഭവം: പോപ്പുലര്‍ ഫ്രണ്ട് കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന സൈനുദ്ദീനെ കാണാനെത്തിയവരെ ചോദ്യം ചെയ്യും; ബന്ധുക്കൾ കൈമാറിയ പുസ്തകത്തിനുള്ളിലാണ് സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നതെന്ന് സൂചന
സ്വന്തം ലേഖിക
തൃശൂര്‍: വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസിലെ തടവുകാരന് സിം കാര്‍ഡ് കൈമാറിയ സംഭവത്തില്‍ ഇയാളെ കാണാനെത്തിയവരെ ചോദ്യംചെയ്യും.
ജയിലില്‍ കഴിയുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവും കോട്ടയം ജില്ലാ സെക്രട്ടറിയുമായിരുന്ന സൈനുദ്ദീനെ കാണാനെത്തിയവരാണു സിം കാര്‍ഡ് കൈമാറിയതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ സൈനുദ്ദീന്‍റെ ബന്ധുക്കളെന്നാണു സൂചന. ഇവര്‍ കൈമാറിയ പുസ്തകത്തിനുള്ളിലായിരുന്നു സിം കാര്‍ഡ് ഒളിപ്പിച്ചിരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിസുരക്ഷാ ജയിലിന്‍റെ ചുമതലയുള്ള ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍റെ സേനാംഗങ്ങളാണു സിം കാര്‍ഡ് കണ്ടെത്തിയത്. അതിസുരക്ഷ ജയിലിനകത്ത് തടവുകാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന സംശയമാണ് ഇതോടെ ബലപ്പെടുന്നത്.
സിം കാര്‍ഡ് മാത്രമാണ് ഇപ്പോള്‍ കണ്ടെടുക്കാനായത്.
മുൻപ് സെന്‍ട്രല്‍ ജയിലില്‍ അന്നത്തെ സിറ്റി പോലീസ് കമ്മീഷണറായിരുന്ന യതീഷ്ചന്ദ്രയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ ഒട്ടേറെ മൊബൈല്‍ ഫോണുകളും ചാര്‍ജറുകളും സിം കാര്‍ഡുകളും കണ്ടെടുത്തിരുന്നു.
കനത്ത സുരക്ഷാ പരിശോധനകള്‍ക്കൊടുവില്‍ മാത്രമാണ് അതിസുരക്ഷ ജയിലില്‍ സന്ദര്‍ശകരെ അനുവദിക്കാറുള്ളത്.
കോയമ്പത്തൂര്‍ കാര്‍ സ്ഫോടനക്കേസില്‍ വിയ്യൂര്‍ അതിസുരക്ഷ ജയിലില്‍ കഴിയുന്ന പലരും ഇപ്പോഴും സംശയത്തിന്‍റെ നിഴലിലാണെന്നിരിക്കെ നിരോധിക്കപ്പെട്ട സംഘടനയുടെ മുന്‍ ഭാരവാഹിക്കുവേണ്ടി ജയിലിനകത്തേക്ക് സിം കാര്‍ഡ് കടത്താന്‍ ശ്രമിച്ചത് എന്‍ഐഎ അടക്കമുള്ള അന്വേഷണ ഏജന്‍സികള്‍ അതീവ ഗൗരവത്തോടെയാണു കാണുന്നത്.