play-sharp-fill
കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥൻ മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുകളിൽ നിന്നും ചാടി ജീവനൊടുക്കി

കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥൻ മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുകളിൽ നിന്നും ചാടി ജീവനൊടുക്കി

സ്വന്തം ലേഖകൻ

കോട്ടയം: കുന്നത്ത്കളത്തിൽ ജുവലറി ഗ്രൂപ്പ് ഉടമ വിശ്വനാഥൻ മെഡിക്കൽ സെന്റർ ആശുപത്രിയ്ക്കു മുകളിൽ നിന്നും ചാടി ജീവനൊടുക്കി. കുന്നത്ത്കളത്തിൽ നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ മുതൽ റിമാൻഡിലായിരുന്നു വിശ്വനാഥൻ. വ്യാഴാഴ്ചയാണ് ഇയാൾക്ക് തട്ടിപ്പു കേസകളുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിന്നും ജാമ്യം അനുവദിച്ചത്. തുടർന്ന് വിവിധ രോഗങ്ങൾക്കായി മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇതിനിടെയാണ് ശനിയാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നും ചാടി ജീവനൊടുക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ആശുപത്രിയുടെ രണ്ടാം നിലയിൽ നിന്നും ഒരാൾ ചാടുന്നത് കണ്ടതിനെ തുടർന്ന് ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് വിശ്വനാഥനാണെന്നു തിരിച്ചറിഞ്ഞത്. ഈസ്റ്റ് സി.ഐ ടി.ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി അപകട സ്ഥലം ബന്തവസിൽ എടുത്തു. മൃതദേഹം എസ്എച്ച് ആശുപത്രിയ്ക്കുള്ളിലേയ്ക്കു മാറ്റി.
കഴിഞ്ഞ ജൂണിലാണ് കുന്നത്ത്കളത്തിൽ ജുവലറി – ചിട്ടിഫണ്ട് ഉടമ കാരാപ്പുഴ തെക്കും ഗോപുരം ജിനോഭവനിൽ വിശ്വനാഥനും ഭാര്യ രമണിയും മരുമകൻ ജയചന്ദ്രനും മകൾ നീതുവും തട്ടിപ്പു കേസുകളുമായി ബന്ധപ്പെട്ട് റിമാൻഡിലാകുന്നത്. ചിട്ടിയും ജുവലറി ബിസിനസും തകർന്നതിനെ തുടർന്ന് വിശ്വനാഥൻ പാപ്പർ ഹർതി സമർപ്പിച്ചത് സംബന്ധിച്ചുള്ള വാർത്ത തേർഡ് ഐ ന്യൂസ് ലൈവാണ് ആദ്യം പുറത്തു വിട്ടത്. തുടർന്ന് വാർത്ത വൈറലായതോടെ നിക്ഷേപകർ സമരവും പ്രതിഷേധവുമായി രംഗത്ത് എത്തുകയായായിരുന്നു. തുടർന്നാണ് പ്രതിഷേധം ആളിപ്പടർന്നതും വെസ്റ്റ് പൊലീസ് അന്വേഷണം നടത്തി വിശ്വനാഥൻ അടക്കുമുള്ളവരെ അരസ്റ്റ് ചെയ്തതും.
വിശ്വനാഥന്റെ പാപ്പർ ഹർജി പരിശോധിക്കുന്നതിന്റെ ഭാഗമായി കോട്ടയം സബ് കോടതി സമർപ്പിച്ചതിനെ തുടർന്ന് വിവരങ്ങൾ ശേഖരിക്കുന്നതിനായി കോടതി റിസീവറെ നിയോഗച്ചിരുന്നു. വിശ്വനാഥന്റെ സ്ഥാപനങ്ങളിൽ റിസീവർ പരിശോധന നടത്തി കണക്ക് ശേഖരിച്ചിരുന്നു. നൂറ് കോടി രൂപയിലധികം നിക്ഷേപതട്ടിപ്പ് നടന്നിരിക്കുന്ന സാഹചര്യത്തിൽ കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഇപ്പോൾ മരണം സംഭവിച്ചിരിക്കുന്നത്.