
കിടക്കയിൽ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകൻ മർദിച്ചു; ഏഴു വയസുകാരൻ ഗുരുതരാവസ്ഥയിൽ .
സ്വന്തം ലേഖകൻ
കൊച്ചി: ഇളയ സഹോദരൻ കിടക്കയിൽ മൂത്രം ഒഴിച്ചതായി ആരോപിച്ച് ഏഴു വയസുകാരന് അമ്മയുടെ കാമുകന്റെ ക്രൂര മർദനം. തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്താണ് കുട്ടിയ്ക്ക് ക്രൂരമർദനമേറ്റത്. അമ്മയുടെ കാമുകൻ മർദിച്ച് അതീവ ഗുരുതരാവസ്ഥയിലാക്കിയ ഏഴ് വയസുകാരൻ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ അബോധാവസ്ഥയിലാണ് . കുഞ്ഞിന്റെ ആരോഗ്യനില വളരെ മോശമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു.
സംഭവത്തിൽ കുട്ടിയുടെ അമ്മയോടൊപ്പം കഴിയുന്ന തിരുവനന്തപുരം സ്വദേശി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് ഉച്ചയോടെ രേഖപ്പെടുത്തും. അമ്മയുടെ മൊഴി വിശദമായി രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇളയ കുട്ടി കിടക്കയിൽ മൂത്രമൊഴിച്ചതാണ് അരുണ്‍ ആനന്ദ് ഏഴുവയസുള്ള മൂത്ത കുട്ടിയെ അതിക്രൂരമായി മർദിക്കാൻ കാരണമെന്നാണ് പുറത്തുവരുന്ന വിവരം. കിടക്കയിൽ കിടന്ന ഏഴുവയസുകാരന്റെ നടുവിനു ചവിട്ടി തെറിപ്പിച്ചു. കുട്ടി ഭിത്തിയിൽ തലയടിച്ചു അലമാരയ്ക്കിടയിൽ വീഴുകയായിരുന്നു.
എന്നിട്ടും അരിശം മാറാത്ത അരുണ്‍ കുട്ടിയെ വീണ്ടും മർദിച്ചു. നിലത്തിട്ടു ചവിട്ടി. മാതാവ് ഇടപെട്ടപ്പോൾ എല്ലാവരെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി നിശബ്ദമാക്കി. കുട്ടിയെ അബോധാവസ്ഥയിൽ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിൽ രണ്ടാം ക്ലാസ് വിദ്യാർഥിയുടെ തലയോട്ടി പൊട്ടി തലച്ചോർ പുറത്തുവന്നു.
അരുണ്‍ തിരുവനന്തപുരത്തൊരു കൊലപാതക കേസിലെ പ്രതിയായിരുന്നു. മദ്യപിച്ചു വാഹനം ഓടിച്ചതിനു നൂറോളം പ്രാവശ്യം പിടിച്ചിട്ടുണ്ടെന്നു പ്രതി തന്നെ പോലീസിനോടു സമ്മതിച്ചു. കുട്ടിയുടെ പിതാവ് ഒരുവർഷം മുന്‍പു മരിച്ചു പോയതാണ്. പിന്നീട് ഭർത്താവിന്റെ അമ്മായിയുടെ മകൻ അരുൺ സഹായിക്കാൻ എന്ന പേരിൽ ഇവിടെ കൂടുകയായിരുന്നു. ഇവർ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.
എന്നും ഇളയകുട്ടിയെ രാത്രിയിൽ എഴുന്നേൽപിച്ചു മൂത്രമൊഴിപ്പിച്ചശേഷം കിടത്തേണ്ടതു ഏഴാംക്ലാസുകാരനായ മൂത്ത കുട്ടിയായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയിൽ കുട്ടി ഉറങ്ങിപ്പോയി. ഇളയകുട്ടി കിടക്കയിൽ മൂത്രമൊഴിച്ചു കരഞ്ഞു. ഇതാണ് അരുണിനെ പ്രകോപിപ്പിച്ചത്. ഇളയകുട്ടിയേയും മർദിച്ചു. എന്നാൽ ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
ബുധനാഴ്ച വൈകുന്നേരത്തോടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ ഗുരുതരാവസ്ഥയിൽ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ തലയ്ക്കായിരുന്നു ഗുരുതര പരിക്ക്.