
സ്വന്തം ലേഖിക
തൃശ്ശൂർ:പ്രിയപ്പെട്ട ശ്രീ സത്യൻ,
താങ്കൾ സർക്കാർ സേവനത്തിൽനിന്ന് വിരമിച്ചു എന്നറിഞ്ഞു. ചെയ്ത സേവനങ്ങൾക്ക് നന്ദി പറയട്ടെ. ജനങ്ങൾ നിങ്ങളുടെ സേവനത്തെ വിലമതിക്കുന്നുണ്ട്…….വിരമിക്കൽ ഒരിക്കലും ഒരു അവസാനമല്ല, അതൊരു തുടക്കമാണ്…..താങ്കൾക്കും കുടുംബാംഗങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു…
സ്‌നേഹപൂർവം

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിണറായി വിജയൻ
അപൂർവമായൊരു കത്ത് കിട്ടിയ സന്തോഷത്തിലാണ് തൃശ്ശൂരിന്റെ സ്വന്തം ഡഫേദാറായിരുന്ന കോഴിപ്പുറത്ത് പരമേശ്വരൻ സത്യൻ. ”എന്താ പറയാ…എന്നെ പോലെ ചെറിയ ജോലിയുണ്ടായിരുന്നൊരാൾക്ക് മുഖ്യമന്ത്രി കത്തയക്കുമെന്നൊന്നും വിചാരിച്ചില്ല”- സത്യൻ പറയുന്നു. തൃശ്ശൂർ കളക്ടറേറ്റിൽ 35 വർഷം ജോലിചെയ്ത ആളാണ് ഡഫേദാർ സത്യൻ. തൃശ്ശൂരിലെ 27 കളക്ടർമാരുടെ നിഴലായുണ്ടായിരുന്നയാൾ. നിറഞ്ഞ ചിരിയോടെയല്ലാതെ സത്യനെ ഇതുവരെ കളക്ടറേറ്റിലാരും കണ്ടിട്ടില്ല. കഴിഞ്ഞ മെയ് 31നാണ് വിരമിച്ചത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ജൂലായിൽ പുറപ്പെട്ട കത്ത് സത്യന്റെ കൈയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. കത്ത് കൃത്യമായി എൽത്തുരുത്തിലെ വീട്ടിലെത്തിയിരുന്നു. പക്ഷേ, സത്യൻ വീട്ടിലെത്തിയിരുന്നില്ല. ഭാര്യയുടെ അച്ഛൻ മരിച്ചതിനാൽ കണ്ടശ്ശാംകടവിലെ വീട്ടിലായിരുന്നു. മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രിയുടെ കത്ത് കിട്ടിയത്.
സത്യൻ വിരമിക്കുന്ന ദിവസം ‘മാതൃഭൂമി നഗരം’ സർക്കാർ സർവീസിലെ ‘സത്യജീവിതം’എഴുതിയിരുന്നു. ഇതാണ് മുഖ്യമന്ത്രിയുടെ കത്തിലേക്ക് വരെ എത്തിയത്. ഒരു ഹീറോ സൈക്കിളായിരുന്നു സത്യന്റെ ഔദ്യോഗിക വാഹനം. ഇപ്പോഴും അതേ സൈക്കിളിലാണ് യാത്ര.
2018-ലെ പ്രളയകാലത്ത് അഞ്ചുദിവസം വീട്ടിൽ പോകാതെ അന്നത്തെ കളക്ടർ ടി.വി അനുപമയ്‌ക്കൊപ്പം രാപകലില്ലാതെ സത്യൻ ജോലിചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ കത്തിലും ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്….ആ വരികൾ ഇങ്ങനെ
”പ്രളയകാലത്ത് കേരളത്തിലുണ്ടായ ജനകീയ കൂട്ടായ്മ ലോകത്തെ അതിശയിപ്പിച്ചു. ഇത്തരം ജനകീയമുന്നേറ്റങ്ങൾ ഇനിയും ഉണ്ടാകുമ്പോൾ നിങ്ങളെപ്പോലെയുള്ള അനുഭവസമ്പന്നരുടെ പങ്കാളിത്തം സുപ്രധാനമായിരിക്കും..” ഔദ്യോഗിക ജീവിതവേഷമഴിച്ചുവെച്ച ശേഷം ലഭിച്ച ഈ വലിയ അംഗീകാരം നിധിപോലെ കൈയിൽ കൊണ്ടുനടക്കുകയാണ് സത്യനെന്ന പഴയ ഡഫേദാർ.