തെറ്റ് ചെയ്യാത്തവർ പേടിക്കണ്ട ഗോപൂ…..! സ്‌കൂട്ടറിൽ ത്രിബിൾസ് പോയവർ പൊലീസിനെ കണ്ടപ്പോൾ ഓടടാ ഓട്ടം; ഒരാൾ മാത്രം മര്യാദരാമനായി പൊലീസിനോട് കുശലം പറച്ചിലും ; കേരളാ പൊലീസ് ഫെയ്‌സ്ബുക്ക് പേജിൽ പങ്കുവച്ച വീഡിയോയിലെ വൈറൽ ചേട്ടന്മാർ ഇവർ : വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
കൊല്ലം: പൊലീസിനെ കണ്ട് സ്‌കൂട്ടർ നിർത്തി മൂന്ന് വഴിക്ക് ഓടിയും നടന്നും പോയ മൂവർസംഘത്തിന്റെ വീഡിയോയായിരുന്നു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നത്.
സ്‌കൂട്ടറിൽ ത്രിബിൾസ് വച്ച് പോയ സംഘം പൊലീസ് ജീപ്പ് വരുന്നത് കണ്ട് ബൈക്ക് നിർത്തി ഇറങ്ങി ഓടുന്നതിനിടയിൽ ഒരാൾ മാസ്‌ക്ക് എടുത്ത് വയ്ക്കാനും മറന്നില്ല. ഒരാൾ ഓടിയും മറ്റൊരാൾ സ്‌കൂട്ടറിലും സ്ഥലം വിട്ടെങ്കിലും മാസ്‌ക്ക് വച്ച ആളിനെ പൊലീസ് താക്കീത് നൽകുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവർ ആരാണ് എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ ഉയരുകയും ചെയ്തിരുന്നു. മൂവരും കൊല്ലം ആയൂർ സ്വദേശികളാണ്. ഇവർക്ക് താക്കീത് നൽകി വിട്ടയച്ചതാകട്ടെ ചടയമംഗലം പൊലീസും. ഇട്ടിവ ഗ്രാമപഞ്ചായത്തംഗം അഫ്‌സൽ,അൻവർ,ഷിബിൽ എന്നിവരായിരുന്നു ആ മൂന്നു പേർ.
തണൽ ജീവകാരുണ്യം മഞ്ഞപ്പാറ എന്ന സംഘടനയിലെ അംഗങ്ങളാണ് മൂന്നു പേരും. 15 ന് ഉച്ചയ്ക്ക് ഒന്നരയോടെ സംഘടനയിലെ എട്ടോളം അംഗങ്ങളുമായി ചേർന്ന് റംസാൻ കിറ്റ് വിതരണത്തിനായി പോകുകയായിരുന്നു ഇവർ. മുന്നിൽ കിറ്റുകളുമായി ഒരു പിക്ക്അപ്പ് വാനും പുറകെ സംഘടനാ അംഗങ്ങളും പോയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് മഞ്ഞപ്പാറ യു.പി.സ്‌ക്കൂളിന് അടുത്ത് വച്ച് പൊലീസ് ജീപ്പ് കാണുന്നത്. ഉടൻ തന്നെ ടൂവീലർ ഓടിച്ചിരുന്ന ഷിബിൽ വാഹനം നിർത്തി.
പിന്നിലിരുന്ന അഫ്‌സലും അൻവറും ചാടിയിറങ്ങി. അൻവർ ഓടി രക്ഷപെട്ടു. എന്നാൽ അഫ്‌സൽ വാഹനത്തിൽ നിന്നിറങ്ങി മാസ്‌കും എടുത്തു വച്ച് പതിയെ റോഡരുകിലൂടെ നടന്നു. ഷിബിൽ വാഹനം ഓടിച്ച് കടന്നു കളഞ്ഞു.
എന്നാൽ പൊലീസ് സംഘം ഇവരെ കണ്ടതിനാൽ ജീപ്പ് അഫ്‌സലിനടുത്ത് നിർത്തി വിവരങ്ങൾ ചോദിച്ചു. റംസാൻ കിറ്റുമായി പോയതാണെന്നും അടുത്ത വീട്ടിൽ നിന്നും തൊട്ടടുത്ത വീട്ടിലേക്ക് പോകുകയായിരുന്നതിനാലാണ് മൂന്നു പേരും ടൂവീലറിൽ യാത്ര ചെയ്തതെന്നും പറഞ്ഞു. എന്നാൽ ഇനി ഇത് ആവർത്തിക്കരുത് എന്ന് താക്കീത് നൽകി പൊലീസ് പോകുകയായിരുന്നു.
സംഭവം കഴിഞ്ഞ് സംഘടനയിലെ ഒരു അംഗം സജി സമദ് തന്റെ വീടിന് മുൻപിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ചിരിയുണർത്തുന്ന ദൃശ്യങ്ങൾ കണ്ടത്. ഈ ദൃശ്യങ്ങൾ കൂട്ടായ്മയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുകയും അവിടെ നിന്നും എന്റെ നാട് മഞ്ഞപ്പാറ എന്ന ഫെയ്‌സ് ബുക്ക് പേജിലെത്തുകയായിരുന്നു. പിന്നീട് ട്രോൾ മഞ്ഞപ്പാറ എന്ന ഗ്രൂപ്പിൽ ട്രോളായി എത്തിയതോടെ സംഭവം വൈറലായി മാറുകയായിരുന്നു.
ഇതോടെ കേരളാ പൊലീസും ഈ വീഡിയോ ദൃശ്യങ്ങൾ രസകരമായ അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്യുകയായിരുന്നു. തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
അടുത്തടുത്ത വീടുകളിൽ കിറ്റ് കൊടുക്കുന്നതിനാൽ എളുപ്പത്തിനായാണ് ഒരു ടൂവീലറിൽ മൂന്ന് പേർ കയറിയത്. അത് നിയമപരമായി തെറ്റാണ്. പൊലീസ് വാഹനം കണ്ടപ്പോൾ പേടിച്ചു പോയി. എങ്കിലും തെറ്റ് ഏറ്റു പറഞ്ഞ് ക്ഷമ പറയുകയും ചെയ്തു.
ഒരിക്കലും ഒരു ന്യായീകരണമായല്ല ഇത് പറയുന്നത്. പിഴ അടയ്ക്കാനും തയ്യാറായിരുന്നു. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായുള്ള കിറ്റ് വിതരണമായതിനാലാണ് പിഴ ചുമത്താതെ വിട്ടത് വാർഡ് മെമ്പർ അഫ്‌സൽ പറയുന്നു.