വ്യാജ തിരിച്ചറിയൽ കാർഡ് അടിക്കാൻ നൽകിയ മൊബൈൽ നമ്പരിൽ ഒരക്കമില്ല..! കടുവാക്കുളത്തെ വ്യാജ റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതിയായ കൊല്ലാട് സ്വദേശി വീണ്ടും അറസ്റ്റിൽ; പിടിയിലായത് കോട്ടയം നഗരമധ്യത്തിൽ വ്യാജ തിരിച്ചറിയൽ കാർഡ് അച്ചടിക്കാനുള്ള ശ്രമത്തിനിടെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ട്രാഫിക് പൊലീസിന്റെ ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിൽ വ്യാജ തിരിച്ചറിയൽ കാർഡ് അച്ചടിക്കാനുള്ള ശ്രമത്തിനിടെ പൊലീസ് റിക്രൂട്ട്‌മെന്റ് തട്ടിപ്പ് കേസിലെ പ്രതി വീണ്ടും അറസ്റ്റിൽ. കോട്ടയം കടുവാക്കുളത്തും, ആലപ്പുഴയിലും അടക്കം പൊലീസിന്റെ പേരിൽ വ്യാജ റിക്രൂട്ട്‌മെന്റ് നടത്തിയ പ്രതിയെയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടികൂടിയത്. കൊല്ലാട് ബോട്ട് ജെട്ടി ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ ഷൈമോൻ പി.പോളിനെ(42)യാണ് ജില്ലാ പൊലീസ് മേധാവി ഡി.ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

2018 ഡിസംബറിൽ കടുവാക്കുളത്തും, 2019 മേയിൽ ആലപ്പുഴയിലും ട്രാഫിക് പൊലീസിലേയ്ക്ക് ഹോം ഗാർഡ് മാതൃകയിൽ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഷൈമോന്റെ നേതൃത്വത്തിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തിയിരുന്നു. ഷൈമോനും ഇയാളുടെ സംഘത്തിലെ ഡി.സി.പി എന്നറിയപ്പെടുന്ന രവിയും ചേർന്നാണ് റിക്രൂട്ട്‌മെന്റിനായി പദ്ധതി തയ്യാറാക്കിയിരുന്നത്. വിവിധ സ്ഥലങ്ങളിൽ റിക്രൂട്ട്‌മെന്റ് റാലി നടത്തി യുവാക്കളെ പൊലീസ് സേനയിലേയ്ക്കു ചേർക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്.

കഴിഞ്ഞ ദിവസം കോട്ടയം നഗരത്തിലെത്തിയ പ്രതി ഇവിടെ ഒരു പ്രിന്റിംങ് സ്ഥാപനത്തിൽ എത്തിയ ശേഷം തിരിച്ചറിയൽ കാർഡ് അച്ചടിക്കുന്നതിനായി രേഖകൾ നൽകുകയായിരുന്നു. ട്രാഫിക് പൊലീസ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ഡെപ്യൂട്ടി കമ്മിഷണർ എന്ന പേരിലാണ് ഇയാൾ തിരിച്ചറിയൽ കാർഡ് നിർമ്മിക്കാൻ എത്തിയത്. എന്നാൽ, ഈ കാർഡിനൊപ്പം നൽകിയ ഫോൺ നമ്പരിൽ ഒരക്കം കുറവായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്നു സംശയം തോന്നിയ സ്ഥാപന ഉടമ ഡിവൈ.എസ്.പി അനിൽകുമാറിനെ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ തിരിച്ചറിയൽ കാർഡ് വാങ്ങാനെത്തിയപ്പോൾ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.എസ് വിജയൻ, എസ്.ഐ റിൻസൺ തോമസ്, എസ്.ഐ സുരേന്ദ്രൻ, എസ്.ഐ സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ടി.ജെ സജീവ്, സി.പി.ഒ വിഷ്ണു വിജയദാസ്, കെ.ആർ ബൈജു, രാജീവ് എന്നിവർ ചേർന്നു പ്രതിയെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.