
കോട്ടയം: സംഗതി ആവശ്യത്തിന് ലീവൊക്കെ പേപ്പറിലുണ്ടെങ്കിലും പല കമ്പനികളിലും അത് നേടിയെടുക്കൽ ഇത്തിരി പ്രയാസമാണ്. അതിനി അസുഖമാണെങ്കിലും അങ്ങനെ തന്നെ. അതുപോലെ ഒരു പോസ്റ്റാണ് ഇപ്പോൾ റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പോസ്റ്റിൽ ഒരാൾ മാനേജരോട് ലീവ് ചോദിക്കുന്നതിന്റെ സ്ക്രീൻഷോട്ടാണ് ഉള്ളത്. ഇരുവരും തമ്മിലുള്ള സംഭാഷണം ലീവിനെ ചോല്ലിയുള്ളതാണ്. പനി ആയതിനാൽ തന്നെ ജോലിക്ക് വരാൻ സാധിക്കില്ല എന്നാണ് ജീവനക്കാരൻ മാനേജരോട് പറയുന്നത്. അതിനുള്ള മാനേജരുടെ മറുപടിയും അതിന് തിരിച്ച് ജീവനക്കാരൻ നൽകുന്ന മറുപടിയും സ്ക്രീൻഷോട്ടിൽ കാണാം. റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്.
താൻ സംസാരിച്ചത് കൂടുതൽ പരുഷമായിപ്പോയോ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവ് സ്ക്രീൻഷോട്ട് റെഡ്ഡിറ്റിൽ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ പനി കൂടുതൽ വഷളായി എന്നും അതിനാൽ ഓഫീസിൽ വരാൻ സാധിക്കില്ല എന്നുമാണ് യുവാവ് മാനേജരോട് പറയുന്നത്. മാനേജർ യുവാവിനോട് ഡോക്ടറെ കാണാൻ നിർദ്ദേശിക്കുന്നുണ്ട്. അതിന്റെ ആവശ്യമില്ലെന്നും ആവശ്യം വന്നാൽ പാരാസെറ്റാമോൾ കഴിക്കാമെന്നുമാണ് യുവാവിന്റെ മറുപടി.
പിന്നാലെ മാനേജർ പറയുന്നത്, സിക്ക് ലീവ് എടുക്കുകയാണെങ്കിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഹാജരാക്കണമെന്ന് ഡയറക്ടർ പറഞ്ഞിട്ടുണ്ട് എന്നാണ്. അതിനുള്ള മറുപടി യുവാവ് നൽകിയത് ഇങ്ങനെയാണ്; ‘ഞാനൊരു സ്കൂൾ വിദ്യാർത്ഥിയല്ല സർ, എനിക്ക് ലീവുണ്ട്. അതിൽ നിന്നും ഒരു ലീവ് താൻ എടുക്കുകയാണ്.’ ഇത് മാത്രമല്ല, ‘തന്റെ കയ്യിൽ ഡോക്ടറുടെ പ്രിസ്ക്രിപ്ഷനോ, രക്ഷിതാക്കൾ ഒപ്പിട്ടിരിക്കുന്ന ലീവ് ലെറ്ററോ ഒന്നും ഇല്ല. താൻ ലീവെടുക്കുകയാണ്. ജോലിസംബന്ധമായ കോളുകളൊന്നും തന്നെ താൻ ഇനി എടുക്കില്ല’ എന്നും യുവാവ് പറയുന്നുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വളരെ പെട്ടെന്നാണ് പോസ്റ്റ് റെഡ്ഡിറ്റിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാടുപേർ പോസ്റ്റിന് കമന്റുകളും നൽകി. ഒട്ടും പരുഷമല്ല എന്നാണ് മിക്കവരും കമന്റ് നല്‌കിയത്. അതേസമയം ഈ സ്ക്രീൻഷോട്ട് വ്യാജമാണോ എന്ന് ചോദിച്ചവരുമുണ്ട്. ഒരു കമന്റിൽ യുവാവ് പറയുന്നത്, താൻ ആ കമ്പനിയിൽ നിന്നും പിന്നീട് ജോലി രാജിവച്ചു. മറ്റൊരു കമ്പനിയിൽ ജോയിൻ ചെയ്തു എന്നാണ്.