കരയരുത് കുഞ്ഞേ ; ജവാന്റെ മരണാനന്തര ചടങ്ങില്‍ പൊട്ടിക്കരഞ്ഞു നാല് വയസുകാരൻ ; കണ്ണ് നനക്കുന്ന ചിത്രം നെഞ്ചോട് ചേർത്ത് സോഷ്യൽ മീഡിയ
സ്വന്തംലേഖകൻ
ജമ്മുകശ്മീർ :ജമ്മുകശ്മീരില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച പൊലീസ് ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് ഖാന്റെ മകനെ മാറോട് ചേര്‍ത്തു പിടിച്ച് കരയുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വൈറലാകുന്നു. ബുധനാഴ്ച ജമ്മുകശ്മീരിലെ അനന്തനാഗ് മേഖലയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ച ഇന്‍സ്‌പെക്ടര്‍ അര്‍ഷാദ് ഖാന്റെ(37) സംസ്‌കാര ചടങ്ങ് നടക്കുകയായിരുന്നു. അര്‍ഷാദിന്റെ മകന്‍ നാലു വയസുകാരന്‍ മകന്‍ ഉബാന്‍ കരയുന്നത് താങ്ങാനാവാതെ പൊലീസ് സൂപ്രണ്ട് ഹസീബ് അവനെയും ചേര്‍ത്ത് പിടിച്ച് കരഞ്ഞു കൊണ്ട് പുറത്തേക്ക് വരുന്നതാണ് ചിത്രം. ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അര്‍ഷാദ് ഖാന്‍ മരണത്തിനു കീഴടങ്ങിയത്.പൊലീസ് ജീപ്പില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെ അര്‍ഷാദ് അഹമ്മദ് ഖാന് നേരെ ജയ്‌ഷെ മുഹമ്മദ് ഭീകരന്‍ വെടി വെയ്ക്കുകയായിരുന്നു. ഭീകരാക്രമണത്തില്‍ അഞ്ച് സിആര്‍പിഎഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്.