ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവര്‍ക്ക് പറയാം; അറസ്റ്റില്‍ പ്രതികരണവുമായി വിനായകൻ
സ്വന്തം ലേഖിക
കൊച്ചി: പരാതി നല്‍കാൻ വന്ന തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തത് എന്തിനാണെന്ന് അറിയില്ലെന്ന് നടൻ വിനായകൻ. എന്തെങ്കിലും അറിയണമെങ്കില്‍ പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പ്രതികരിച്ചു.
ഇന്നലെ രാത്രിയാണ് പൊലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കിയതിന് എറണാകുളം നോര്‍ത്ത് പൊലീസ് നടനെ അറസ്റ്റ് ചെയ്‌തത്. ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്‌ക്ക് ശേഷം സ്റ്റേഷനിലേക്ക് തിരിച്ചു കൊണ്ടു പോകുന്നതിനിടെയാണ് നടൻ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
താനൊരു പരാതി കൊടുക്കാൻ പോയതാണെന്നും എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസിനോട് ചോദിക്കണമെന്നും വിനായകൻ പറഞ്ഞു. ‘സംഭവം എനിക്കറിയില്ല. പുള്ളി എന്നെ പിടിച്ചോണ്ട് വന്നതാണ്. എനിക്കൊന്നും അറിയില്ല. ഞാനൊരു കംപ്ലെയ്ന്റ് കൊടുക്കാൻ പോയതാണ്. എന്നെ ഇവിടെ കൊണ്ടുവന്നതെന്തിനാണെന്ന് പുള്ളിയോടു ചോദിച്ചാല്‍ മതി. ഞാൻ ആകെ ടയേര്‍ഡ് ആണ്. എന്തുവേണമെങ്കിലും പറയാമല്ലോ. ഞാനൊരു പെണ്ണുപിടിയനാണെന്നും പറയാമല്ലോ. ഞാൻ അവിടെയുള്ള പെണ്ണിനെ കേറി പിടിച്ചെന്നും അവര്‍ക്ക് പറയാം.’- വിനായകൻ പറഞ്ഞു.
ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് താമസിക്കുന്ന ഫ്ലാറ്റിലേക്ക് വിനായകൻ പൊലീസിനെ വിളിച്ചു വരുത്തിയിരുന്നു. ഫ്ലാറ്റിലെത്തിയ പൊലീസ് ഇരുവരുടെയും മൊഴിയെടുത്തു. അതില്‍ തൃപ്തനല്ലാതെ വിനായകൻ പൊലീസിനെ പിന്തുടര്‍ന്ന് സ്റ്റേഷനിലെത്തി. സ്റ്റേഷനിലെത്തിയ നടൻ അവിടെവച്ച് പുകവലിച്ചു. ഇതിനു പൊലീസ് പിഴയടപ്പിച്ചു. തുടര്‍ന്ന് സ്റ്റേഷന്റെ അകത്തു കയറിയ നടൻ ബഹളം വയ്ക്കുകയും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയുമായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്‌ത് വിനായകനെ പൊലീസ് അറസ്റ്റ് ചെയ്തത്. അപ്പോൾ നടൻ മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത വിനായകനെ ജാമ്യത്തില്‍ വിട്ടു.