play-sharp-fill
വിജിലൻസ് ജാഗ്രതയോടെ;അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല :മുഖ്യമന്ത്രി പിണറായി വിജയൻ

വിജിലൻസ് ജാഗ്രതയോടെ;അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല :മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖിക

പാലക്കാട് : അഴിമതിക്കെതിരെ ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് സംസ്ഥാനത്തെ വിജിലൻസ് വിഭാഗം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി ഏതുമേഖലയിലായാലും കർശനമായ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വിജിലൻസ് വിഭാഗം ഒട്ടേറെ മേഖലകളിൽ മിന്നൽ പരിശോധന നടത്തുന്നുണ്ട്. വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പാലക്കാട് യൂനിറ്റിന്റെ പുതിയ കെട്ടിട സമുച്ചയം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.സംസ്ഥാനത്തെ വിജിലൻസ് വിഭാഗത്തിന്റെ പൊതുശേഷി വർദ്ധിപ്പിക്കും. അതിന്റെ ഭാഗമായി ഇപ്പോൾ പാലക്കാട്ടെന്നപോലെ വിജിലൻസിന് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ ഓഫീസുകൾ സജ്ജമാക്കുന്നതിനുളള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടുലതയാർന്ന പ്രവർത്തനങ്ങൾക്കായി വലിയതോതിലുളള ആൾബലവും വിജിലൻസ് വിഭാഗത്തിന് വേണമെന്നതിനാൽ വിജിലൻസിന്റെ വിവിധ തലത്തിൽ നിയമനങ്ങൾ നടത്തും. വിജിലൻസ് കേസുകൾ ഗൗരവമായി എടുക്കുകയും നിയമപരമായ പാളിച്ചകളും കുറവുകളും ഇല്ലാതിരിക്കാൻ നിയമോപദേശം നൽകാൻ ഉള്ളവരുടെ പിൻബലവും ഉറപ്പാക്കാനുളള നടപടിയെടുക്കും. സമൂഹത്തിന്റെ പൊതു വികാരത്തോട് ചേർന്നുകൊണ്ട് അഴിമതി വിരുദ്ധ പ്രവർത്തനം നടത്താൻ വിജിലൻസിന് സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.പാലക്കാട് ജില്ലാ പബ്ലിക്ക് ലൈബ്രറി ഹാളിനടുത്തുളള വേദിയിൽ നടന്ന പരിപാടിയിൽ നിയമസാംസ്‌കാരിക പട്ടികജാതിപട്ടികവർഗ്ഗവകുപ്പ് മന്ത്രി എ.കെ ബാലൻ അധ്യക്ഷനായി. ജലവിഭവ വകുപ്പു മന്ത്രി കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി.