സർക്കാരിൽ ജനമനസളന്ന് വിജയ്: തമിഴ് സൂപ്പർതാരം വിജയ് ഡി.എം.കെയിലേയ്ക്ക്; രജനിയെയും കമലിനെയും നേരിടാൻ വിജയുടെ താരമൂല്യം മുതലാക്കാൻ സ്റ്റാലിൻ
പൊളിറ്റിക്കൽ ഡെസ്‌ക്
ചെന്നൈ: നേതാവില്ലാതെ ഉഴറുന്ന തമിഴ്‌നാട്ടിൽ രാഷ്ട്രീയ മുന്നേറ്റത്തിനു കോപ്പുകൂട്ടി സൂപ്പർ താരം വിജയ്. ഡിഎംകെയിലൂടെ രാഷ്ട്രീയ പ്രവേശനം സാധ്യമാക്കുന്നതിനു മുന്നോടിയായി ജനമനസ് അളക്കാനുള്ള തന്ത്രമാണ് പുതിയ ചിത്രമായ സർക്കാരിലൂടെ താരം ലക്ഷ്യമിട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ ആനുകാലിക രാഷ്ട്രീയം പരാമർശിക്കുന്ന സിനിമയിലൂടെ തന്റെ മുഖ്യമന്ത്രി മോഹം പറയാതെ പറയുകയാണ് വിജയ്.
ജയലളിതയുടെയും കരുണാധിയുടെയും മരണത്തോടെ തമിഴ്‌നാട് നിലവിൽ വലിയൊരു നേതൃത്വ പ്രതിസന്ധിയെ നേരിടുകയാണ്. സ്റ്റാലിനും, പനീർശെൽവവും, മുഖ്യമന്ത്രി ഇടപ്പാടി പളനിസ്വാമിയും, മുരശൊരിമാരനും, കനിമൊഴിയും അടക്കമുള്ള നേതാക്കളെല്ലാമുണ്ടെങ്കിലും കരുണാനിധിയുടെയും ജയലളിതയുടെയും രാഷ്ട്രീയ പാരമ്പര്യത്തിന്റെ പ്രൗഡി ഇവർക്കാർക്കും അവകാശപ്പെടാനില്ല. അൽപമെങ്കിലും ഭേദം സ്റ്റാലിൻ മാത്രമാണ്. പക്ഷേ, ഇവർക്കാർക്കും ഒറ്റയ്ക്ക് ജനസമ്മിതി അവകാശപ്പെടാനും സാധിക്കില്ല.
ഈ സാഹചര്യത്തിലാണ് ദളപതി രജനീകാന്തും, ഉലകനായകൻ കമലഹാസനും സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇരുവരുടെയും ഫാൻസ് അസോസിയേഷനുകളെ കളത്തിലിറക്കി തമിഴ്‌നാട് രാഷ്ട്രീയ പിടിക്കുകയാണ് ഇവർ ലക്ഷ്യമിടുന്നത്.
രജനിയും കമലും സ്വന്തം രാഷ്ട്രീയ പാർട്ടിയുമായി രംഗത്തിറങ്ങിയാൽ ഇത് തീർച്ചയായും വെല്ലുവിളിയുണ്ടാക്കുക ഡി.എം.കെയ്ക്കാവും. അടുത്ത തിരഞ്ഞെടുപ്പിൽ സുഖമായി തമിഴ്‌നാട് ഭരണം പിടിക്കാമെന്നാണ് ഡി.എം.കെ പ്രതീക്ഷിക്കുന്നത്. ഛിന്നഭിന്നമായി നിൽക്കുന്ന എ.ഐഎ.ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ പാർട്ടികളുടെ ശക്തി ചോരുന്ന സാഹചര്യത്തിൽ ഡിഎംകെയ്ക്ക് മാത്രമാണ് കൃത്യമായ മേധാവിത്വമുള്ളത്. എന്നാൽ, കമലും രജനിയും പരസ്യമായി പ്രചാരണ രംഗത്തിറങ്ങി വോട്ട് വീതം വച്ചാൽ ഇത് ഡി.എം.കെയുടെ സാധ്യതകളെ നെഗറ്റീവായി ബാധിക്കും. ഈ സാഹചര്യത്തിലാണ് ഡി.എം.കെ വിജയെ സ്വന്തം പാളയത്തിൽ എത്തിക്കാൻ ശ്രമിക്കുന്നത്.
കലാനിധിമാരൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എ.ആർ മുരുഗദോസ് നിർമ്മിക്കുന്ന വിജയുടെ ഏറ്റവും പുതിയ ചിത്രമായ സർക്കാരിലൂടെ വിജയ് കൃത്യമായ രാഷ്ട്രീയ സന്ദേശം തന്നെയാണ് നൽകുന്നത്. കോടികളുടെ ശമ്പളം ഉപേക്ഷിച്ച്, പൊതുജന സേവനത്തിനിറങ്ങുന്ന കോർപ്പറേറ്റ് കമ്പനിയുടെ സിഇഒ ആയി എത്തുന്ന വിജയ് ക്ലൈമാക്‌സിൽ ഒളിപ്പിച്ച് വച്ചിരിക്കുന്നതും തന്റെ രാഷ്ട്രീയ മോഹങ്ങൾ തന്നെയാണ്..!