
സ്വന്തം ലേഖകൻ
കൊച്ചി: വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനത്തിന് കൊച്ചിയിൽ രണ്ട് പൊലീസുകാർക്കെതിരെ വിജിലന്‍സ് കേസ്. പൊലീസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട രേഖ ലഭിച്ചു.
ഇരിങ്ങാലക്കുട സ്റ്റേഷനിലെ സസ്‌പെന്‍ഷനിലുള്ള സി.പി.ഒമാരായ തൃശൂര്‍ പുത്തന്‍ചിറ കൊമ്പത്തുകടവ് വള്ളാട്ടുതറ വീട്ടില്‍ വി.എല്‍. അനൂപ്, കൊടുങ്ങല്ലൂര്‍ മംഗലത്ത് വീട്ടില്‍ എം.എസ്. വൈശാഖ് എന്നിവര്‍ക്കെതിരെയാണ് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എറണാകുളം സ്‌പെഷ്യല്‍ സെല്ലില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.
വിജിലന്‍സ് എസ്.പി കെ.കെ. മൊയ്തീന്‍കുട്ടിയുടെ നിര്‍ദ്ദേശാനുസരണം ഇന്നലെ ഇവരുടെ താമസ സ്ഥലങ്ങളില്‍ ഡെപ്യൂട്ടി സൂപ്രണ്ട് ഒഫ് പൊലീസ് സാജു വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ എസ്.എല്‍. അനില്‍കുമാര്‍, എ.ജി. ബിബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


