
മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചു ; ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണം ; പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകി സർക്കാർ ഉത്തരവ്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: മുവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. ഇടുക്കി ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടത്തുക. പ്രാഥമിക അന്വേഷണത്തിന് അനുമതി നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്.
മാത്യു കുഴൽനാടൻ ഭൂപതിവ് ചട്ടം ലംഘിച്ചാണ് റിസോർട്ട് നിർമിച്ചതെന്ന് സി.പി.എം ആരോപണം ഉന്നയിച്ചിരുന്നു. പാർപ്പിട ആവശ്യത്തിന് റവന്യൂവകുപ്പ് അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയെന്നായിരുന്നു കുഴൽനാടനെതിരെ ആരോപണം. കെട്ടിടം വാങ്ങിയതിലും റിസോർട്ട് ആക്കിയതിലും നികുതി അടച്ചതിലും ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിന്നക്കനാല്‍ വില്ലേജില്‍ 1.14 ഏക്കര്‍ സ്ഥലവും കെട്ടിടവും വില്‍പ്പന നടത്തിയതിലും റജിസ്റ്റര്‍ ചെയ്തതിലും ക്രമക്കേട് നടന്നതായി പരാതി ഉയര്‍ന്നിരുന്നു. മൂന്നരക്കോടി രൂപ വിലയുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്ന വസ്തുവകകളാണ് 1,92,60,000 രൂപയ്ക്ക് രജിസ്റ്റര്‍ ചെയ്തത്.
സ്ഥലപരിശോധനപോലും നടത്താതെ ഇടുക്കി രാജകുമാരി സബ് രജിസ്ട്രാര്‍ ഈ തുകയ്ക്കുമാത്രമായി 15,40,800 രൂപ മുദ്രവില ചുമത്തി രജിസ്‌ട്രേഷനും നടത്തിക്കൊടുത്തു. ഇതിലൂടെ യഥാര്‍ഥ സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്‌ട്രേഷന്‍ ഫീസുമായി വന്‍തുകയും തട്ടിച്ചുവെന്നാണ് പരാതി
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനനാണ് മാത്യുവിനെതിരെ ആരോപണം ഉന്നയിച്ചത്. ഭൂമി വാങ്ങിയതില്‍ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന്, സിപിഎം വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു.