
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ വിജിലൻസ് പരിശോധന തിങ്കളാഴ്ച തുടങ്ങാനിരിക്കെ അന്വേഷണത്തിന്റെ ഭാവിയിൽ ആശങ്ക. പ്രാഥമിക പരിശോധന മാത്രം മതിയെന്ന നിലപാടിനൊപ്പം മുഖ്യമന്ത്രിയുടെ പ്രതികരണവും അന്വേഷണം വഴിമുട്ടുമെന്ന സംശയമാണ് ഉയർത്തുന്നത്.
ഒപ്പം ഡി.ജി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെയും സ്വർണക്കടത്ത് സംബന്ധിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിനും സമാന ഗതിയാകും. മൂന്ന് അന്വേഷണവും എ.ഡി.ജി.പിക്ക് ക്ലീൻ ചിറ്റ് നൽകിയാൽ പി.വി. അൻവറിന്റെ ആരോപണങ്ങളെല്ലാം ഉണ്ടയില്ലാ വെടിയായേക്കും.
അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതിലെ തട്ടിപ്പ്, കേസ് ഒതുക്കിയതിനു വന്‍ തുക കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് വിജിലൻസ് അന്വേഷണം. ആറുമാസത്തിനകം പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ, എ.ഡി.ജി.പിക്കെതിരെ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന്റെ ഭാവി സംശയകരമാണ്. എ.ഡി.ജി.പിയിൽനിന്ന് എസ്.പി എങ്ങനെ വിവരം ശേഖരിക്കുമെന്നാണ് സേനയിലെതന്നെ ചർച്ച. എസ്.പി കെ.എല്‍. ജോണ്‍കുട്ടിയുടെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ഷിബു പാപ്പച്ചന്, ഇന്‍സ്പെക്ടര്‍മാരായ കെ.വി. അഭിലാഷ്, കിരണ്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതിൽ തൂക്കം കുറച്ച് കാണിക്കാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ വിശദീകരണവും അജിത് കുമാറിനുള്ള ക്ലീൻചിറ്റായിരുന്നു. മലപ്പുറത്തെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യമില്ലെന്ന സൂചനയായും ഇതിനെ കാണുന്നു. പ്രാഥമികാന്വേഷണങ്ങളിൽ തെളിവില്ലെന്ന് കണ്ടാൽ കേസെടുക്കാതെ വിജിലൻസ് അന്വേഷണവും അവസാനിപ്പിക്കും.
എ.ഡി.ജി.പിയെ ചുമതലയിൽനിന്ന് നീക്കണമെന്ന് വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തക്ക് ആവശ്യപ്പെടാമെങ്കിലും സർക്കാറിന്റെ പൂർണ പിന്തുണയുള്ള അജിത് കുമാറിനെതിരെ ഈ ആവശ്യം ഉന്നയിക്കാൻ ഇടയില്ല. ഡി.ജി.പി ഷെയ്ഖ് ദർവേശ് സാഹിബിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിന്റെ അന്വേഷണവും വഴിമുട്ടിയേക്കുമെന്നാണ് സൂചന.
ഇതുവരെ നടത്തിയ അന്വേഷണത്തിൽ കാര്യമായ തെളിവ് ലഭിച്ചില്ലെന്നാണു സൂചന. ഈ സംഘത്തിലെ ഐ.ജിയും ഡി.ഐ.ജിയും അജിത് കുമാറിനു നേരിട്ട് റിപ്പോർട്ട് ചെയ്യുന്നവരാണ്.