വീട് നിർമ്മിക്കാതെ തറമാത്രം കെട്ടി 12500 രൂപ തട്ടിയെടുത്തു: രണ്ടു വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർക്ക് അഞ്ചു വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും; പ്രതികളെ ശിക്ഷിച്ചത് കോട്ടയം വിജിലൻസ് കോടതി
തേർഡ് ഐ ബ്യൂറോ
കോട്ടയം: വിട് നിർമ്മിക്കാതെ തറമാത്രം കെട്ടിയിട്ട ശേഷം 12500 രൂപ തട്ടിയെടുത്ത കേസിൽ രണ്ടു വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർക്ക് അഞ്ചു വർഷം കഠിനതടവും, അരലക്ഷത്തോളം രൂപ പിഴയും. ആലപ്പുഴ കാവാലം കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരായ കായംകുളം പ്രതംഗമൂട്ടിൽ ഊരയിൽപ്പറമ്പിൽ വീട്ടിൽ എ.ഷംനാദ്, പാതിയൂർ പഞ്ചായത്ത് തൈപ്പുറം രാഹുലേയം വീട്ടിൽ എ.സതീഷ്‌കുമാർ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
2012 നവംബർ ഒന്നിനായിരുന്നു കേസിനാസ്പദമായ സംഭവം. 2006 മുതലാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. പ്രദേശത്തെ ലക്ഷം വീട് കോളനിയിൽ ഇരട്ടവീടുകൾ ഒറ്റ വീടാക്കുന്നതിനായി അപേക്ഷ ലഭിച്ചിരുന്നു. ഇത്തരത്തിൽ ലഭിച്ച അപേക്ഷ പരിഗണിച്ച പ്രതികൾ, വീടിൻ്റെ തറകെട്ടാതെ 12500 രൂപ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും 2003 മുതൽ 2007 വരെയുള്ള കാലയളവിലാണ് ഇവിടെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാരായി ജോലി ചെയ്തിരുന്നത്. തുടർന്നു ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തുകയായിരുന്നു. അന്വേഷണം നടത്തിയ വിജിലൻസ് സംഘം ഇരുവരും തട്ടിപ്പ് നടത്തിയതായി കണ്ടെത്തുകയായിരുന്നു. തുടർന്നു, ഇരുവർക്കും എതിരെ അഴിമതി നിരോധന നിയമത്തിലെ 409 , 465 , 471 എന്നിവയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 ബി വകുപ്പ് പ്രകാരവും കേസെടുത്തു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തത്.
വിജിലൻസ് എൻക്വയറി കമ്മിഷനും സ്‌പെഷ്യൽ ജഡ്ജുമായ കെ.ജി സനൽകുമാറാണ് കേസിൽ വാദം കേട്ട് ഇരുപ്രതികൾക്കും ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് ലീഗൽ അഡൈ്വസർ രാജ്‌മോഹൻ ആർ.പിള്ള കോടതിയിൽ ഹാജരായി.