പെറ്റിയടിച്ച കാശ് പോക്കറ്റിലിട്ട് എ.എസ്.ഐ: ബ്ലേഡ്കാരനും ക്വാറി ഉടമയും കയറിയിറങ്ങി പൊലീസ് സ്റ്റേഷൻ; തോന്നും പടി വണ്ടി പിടിച്ചിട്ട് ചിങ്ങവനം സ്റ്റേഷൻ; അഴിമതിയ്ക്കായി രേഖകളെല്ലാം കുഴച്ച് മറിച്ച് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ: ഓപ്പറേഷൻ തണ്ടറിൽ വണ്ടറടിച്ച് പൊലീസ് സ്റ്റേഷനുകൾ: വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

പെറ്റിയടിച്ച കാശ് പോക്കറ്റിലിട്ട് എ.എസ്.ഐ: ബ്ലേഡ്കാരനും ക്വാറി ഉടമയും കയറിയിറങ്ങി പൊലീസ് സ്റ്റേഷൻ; തോന്നും പടി വണ്ടി പിടിച്ചിട്ട് ചിങ്ങവനം സ്റ്റേഷൻ; അഴിമതിയ്ക്കായി രേഖകളെല്ലാം കുഴച്ച് മറിച്ച് ജില്ലയിലെ പൊലീസ് സ്റ്റേഷനുകൾ: ഓപ്പറേഷൻ തണ്ടറിൽ വണ്ടറടിച്ച് പൊലീസ് സ്റ്റേഷനുകൾ: വിജിലൻസ് പരിശോധനയിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പെറ്റിയടിച്ച കാശ് പോക്കറ്റിലിട്ട് കറങ്ങി നടക്കുന്ന എ.എസ്.ഐ. കൃത്യമായി പരിപാലിക്കേണ്ട ക്യാഷ് ബുക്ക് കുഴച്ച് മറിച്ചിട്ട് പോക്കറ്റിലേയ്ക്ക് കാശിന്റെ വരവ് പരിപാലിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ. ബ്ലേഡുകാരന് ജാമ്യം കിട്ടാൻ കേസ് നടപടികൾ പരമാവധി വൈകിപ്പിക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ. പിടിച്ചിട്ട വണ്ടികളുടെ കണക്ക് എത്രയെന്നറിയാത്ത പൊലീസ് സ്റ്റേഷൻ ചുമതലക്കാരൻ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ജില്ലയിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയ വിജിലൻസ് സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന ഇടപാടുകളാണ്. 
കഴിഞ്ഞ 21 നാണ് എരുമേലി പൊലീസ് സ്റ്റേഷനിൽ പൊലീസ് സംഘം വാഹന പരിശോധന നടത്തിയത്. വാഹന പരിശോധനയ്ക്കു ശേഷം ലഭിക്കുന്ന പണം സ്റ്റേഷനിലെ രജിസ്റ്ററിൽ രേഖപ്പെടുത്തി കൃത്യമായി കണക്ക് കാണിച്ച ശേഷം സ്റ്റേഷൻ ജിഡി ചാർജിനെ ഏൽപ്പിക്കണമെന്നാണ് ചട്ടം. ജി.ഡി ചാർജ് ഇത് വൈകുന്നേരം കൃത്യമായി ട്രഷറിയിൽ അടയ്ക്കണമെന്നാണ് നിയമം.  എന്നാൽ, വാഹന പരിശോധനയ്ക്കു ശേഷം ലഭിച്ച പിഴ തുക പോക്കറ്റിലിട്ട എ.എസ്.ഐ വീട്ടിലേയ്ക്ക് പോയി. വിജിലൻസ് പരിശോധനയ്ക്ക് എത്തിയപ്പോഴാണ് കണക്കിൽ വ്യത്യാസം കണ്ടതും, തുക എ.എസ്.ഐ പോക്കറ്റിലാക്കിയത് കണ്ടെത്തിയതും. പണം പോക്കറ്റിലാക്കിയ എ.എസ്‌ഐയ്ക്കും, കൃത്യമായി രേഖ പരിപാലിക്കാത്ത ജി.ഡി ചാർജിലുണ്ടായിരുന്ന ഉദ്യോഗസ്ഥനും എതിരെ വിജിലൻസ് റിപ്പോർട്ട്് സമർപ്പിക്കും. 
തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ബ്ലേഡ് മാഫിയ, ക്വാറി മാഫിയ സംഘങ്ങളുടെ വിളയാട്ടമാണ്. ഓപ്പറേഷൻ കുബേര പ്രകാരം റെയ്ഡ് നടത്തിയെങ്കിലും പ്രതിയെ പിടികൂടാൻ പൊലീസ് ഉദ്യോഗസ്ഥർ ഒന്ന് വൈകി. കാരണം മറ്റൊന്നുമല്ല. കൃത്യമായി പോക്കറ്റിൽ കാശെത്തിച്ച് നൽകിയതോടെയാണ് ബ്ലേഡ് മാഫിയ സംഘത്തെ കുടുക്കാൻ പൊലീസുകാർ ഒന്ന് മങ്ങിയത്. ഇതിന്റെ ഫലമുണ്ടാകുകയും ചെയ്തു. ബ്ലേഡുകാരൻ മുൻകൂർ ജാമ്യമെടുത്ത് സുഖമായി പുറത്തിറങ്ങി. ഉദിഷ്ഠ കാര്യത്തിന് പൊലീസുകാർക്ക് ഉപകാര സ്മരണ ഉണ്ടാകുമല്ലോ. ഇതു സംബന്ധിച്ചുള്ള ഫയലും വിജിലൻസ് സംഘം തലയോലപ്പറമ്പ് സ്റ്റേഷനിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. 
എരുമേലി പൊലീസ് സ്റ്റേഷനിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ കയ്യിലുള്ള പണം എത്രയാണെന്ന് സ്റ്റേഷനിലെ ക്യാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നാണ് ചട്ടം. എന്നാൽ, പോക്കറ്റിലുള്ള പണം വെളിപ്പെടുത്താതെയായിരുന്നു എരുമേലി സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിയെല്ലാം. പോക്കറ്റിലെ കാശ് എത്രയാണെന്ന് രേഖയില്ലെങ്കിൽ എത്ര വേണമെങ്കിലും കൈക്കൂലി വാങ്ങി പോക്കറ്റിൽ തിരുകാമല്ലോ. പൊലീസുകാരുടെ ഈ തന്ത്രം വിജിലൻസ് സംഘം കയ്യോടെ പിടികൂടി. കയ്യിലെ പണമെത്രയെന്ന് രജിസ്റ്ററിൽ രേഖപ്പെടുത്താത്ത പൊലീസുകാർക്കെല്ലാം പണി പിന്നാലെ വരുമെന്ന് ഉറപ്പായി. 
ചൊവ്വാഴ്ച ഉച്ചയോടെയാണ് വിജിലൻസ് സംഘം പൊലീസ് സ്റ്റേഷനുകളിൽ പരിശോധനയ്ക്കായി എത്തിയത്. കോട്ടയം മധ്യമേഖലയിലെ രണ്ട് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലായിരുന്നു പൊലീസ് സംഘത്തിന്റെ പരിശോധന.  ഡിവൈ.എസ്.പിമാരായ സി.കെ ബാബു, സുനി ഡെന്നി  എന്നിവരായിരുന്നു പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. എരുമേലിയിൽ സി.ഐമാരായ റെജോ പി.ജോസഫും, തലയോലപ്പറമ്പിൽ സി.ഐമാരായ എം.എ നിഷാദ്മോനും, കെ.വി ബെന്നിയും, ചിങ്ങവനത്ത് ഡിവൈഎസ്പിയും നേരിട്ട് പരിശോധനകൾക്ക് നേതൃത്വം നൽകി. 
പോലീസിന്റെ മാഫിയ ബന്ധത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായാണ് പരിശോധന നടത്തിയത്. ഒരു ജില്ലയിൽ മൂന്നു പൊലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തണമെന്ന് നിർദേശം നൽകിയിരുന്നു.