വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറെ…; അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക ; മുന്നറിയിപ്പുമായി പോലീസ്

വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറെ…; അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കുക ; മുന്നറിയിപ്പുമായി പോലീസ്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ് നൽകി പോലീസ്. വാട്‌സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോളിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ഏറിവരുകയാണ്.

മൊബൈൽ ഫോണിലേക്ക് വരുന്ന വീഡിയോ കാൾ അറ്റൻഡ് ചെയ്താൽ മറുവശത്തു അശ്ളീല വീഡിയോ പ്രത്യക്ഷപ്പെടുകയും, വിൻഡോ സ്‌ക്രീനിൽ ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം ഉൾപ്പെടെ റെക്കോർഡ് ചെയ്‌തെടുത്തതിന് ശേഷം പണം ആവശ്യപ്പെടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുകയെന്ന് പോലീസ് ചൂണ്ടിക്കാട്ടി.വീഡിയോ സാമൂഹിക മാധ്യമങ്ങളിലും യുട്യൂബിലും ഇടുമെന്നും അല്ലെങ്കിൽ പണം വേണമെന്നുമാകും ആവശ്യം.

ചിലർ മാനഹാനി ഭയന്ന് പണം അയച്ചു നൽകിയെങ്കിലും ഇത്തരം തട്ടിപ്പു സംഘങ്ങൾ കൂടുതൽ പണം ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന പരാതിയും ലഭിച്ചിട്ടുണ്ട്.

ലിങ്ക് സാമൂഹിക മാധ്യമം വഴി സുഹൃത്തുക്കൾക്ക് അയക്കുമെന്ന് ഭീഷണി മുഴക്കുന്നതോടെ, ഭൂരിഭാഗം പേരും തട്ടിപ്പുകാർക്ക് വഴങ്ങും. ഫേസ്ബുക് പോലുള്ള സമൂഹ മാധ്യമങ്ങളിലൂടെ നമ്മുടെ പൂർണ വിവരങ്ങൾ നേരത്തെ തന്നെ ഇവർ കൈവശപ്പെടുത്തിയിട്ടുണ്ടാകും.

അതിനാൽ ഇവരെ ബ്ലോക്ക് ചെയ്തത് കൊണ്ടോ, നമ്മുടെ അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തത് കൊണ്ടോ ഫലം ഇല്ലെന്നർത്ഥം. അപരിചിതരുടെ വീഡിയോ കോളുകൾ സ്വീകരിക്കുമ്പോൾ ഇത്തരം കെണിയെക്കുറിച്ചുകൂടി ഓർക്കണമെന്നും പോലീസ് കൂട്ടിച്ചേർത്തു.