എസ്.ഐ.ആർ നടപടികള്‍ക്കായി ബി.എല്‍.ഒമാരായി പോയ അധ്യാപകര്‍ക്ക് പകരം ആളില്ല; വി.എച്ച്‌.എസ്.എസുകളില്‍ പഠനം താളംതെറ്റിയ അവസ്ഥ

Spread the love

പെരിന്തല്‍മണ്ണ: എസ്.ഐ.ആർ നടപടികള്‍ക്കായി ബി.എല്‍.ഒമാരായി പോയ അധ്യാപകർക്ക് പകരം ആളില്ലാത്തതിനാല്‍ സംസ്ഥാനത്തെ വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളുകളിലെ (വി.എച്ച്‌.എസ്.എസ്) പഠനം താളംതെറ്റി.

video
play-sharp-fill

കഴിഞ്ഞ ഒക്ടോബറിലാണ് അധ്യാപകരെ ബി.എല്‍.ഒമാരായി നിയമിച്ചത്. ഹൈസ്കൂളുകളില്‍ നിന്നും ഹയർ സെക്കൻഡറികളില്‍ നിന്നും ബി.എല്‍.ഒ ഡ്യൂട്ടിക്ക് പോയവർക്ക് പകരം ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍, സംസ്ഥാനത്തെ ഏഴ് റീജ്യനുകളിലെ 389 വി.എച്ച്‌.എസ്.എസുകളില്‍ നിന്ന് ബി.എല്‍.ഒ ഡ്യൂട്ടിക്ക് പോയവർക്ക് പകരം ആളെ നിയോഗിക്കാൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ടീച്ചിങ് സ്റ്റാഫില്‍ നിന്ന് മൂന്നും അതിലധികവും പേരെ ബി.എല്‍.ഒമാരായി നിയോഗിച്ചതിനാല്‍ ഇവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ പഠനം പാടെ സ്തംഭിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യയന വർഷം അവസാനിക്കാനിരിക്കെ മിക്ക സ്കൂളുകളിലും തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഒരുപോലെ അവതാളത്തിലായിട്ടുണ്ട്. പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഏറെ സജീവമാകുന്നത് അധ്യയന വർഷത്തിൻ്റെ അവസാന കാലത്താണ്.

ഫെബ്രുവരിയില്‍ സംസ്ഥാന വ്യാപകമായി മോഡല്‍ പരീക്ഷ നടക്കും. അതിന് മുൻപായി കുട്ടികളെ പരിക്ഷകള്‍ക്ക് സജ്ജരാക്കാൻ കഴിയാത്ത ഗതികേടിലാണ് പല വി.എച്ച്‌.എസ്.എസുകളും. മാർച്ച്‌ പകുതിയോടെ പൊതുപരീക്ഷ തുടങ്ങാനിരിക്കെ ചുരുങ്ങിയസമയം കൊണ്ട് അധ്യാപകരെ നിയമിച്ച്‌ തിയറി, പ്രാക്ടിക്കല്‍ ക്ലാസുകള്‍ പൂർത്തിയാക്കാനാവുമോ എന്ന ആശങ്കയിലാണ് രക്ഷിതാക്കളും സ്കൂള്‍ അധികൃതരും.