വെഞ്ഞാറമൂട്ടിൽ കക്കൂസ് കുഴിയിൽ നിന്നും പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം ; പ്രതിയായ ഭർത്താവ് കർണ്ണാടകയിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് പൊലീസ് ; പ്രതി ഫോൺ ഉപയോഗിക്കാത്തതിനാൽ വഴിമുട്ടി അന്വേഷണം
സ്വന്തം ലേഖകൻ
തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ ഭാര്യയെ കൊന്ന് കക്കൂസ് കുഴിയിൽ കുഴിച്ച് മൂടിയ ശേഷം ഒളിവിൽ പോയ പ്രതി കുട്ടന് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. കക്കൂസ് കുഴിയിൽ നിന്നും ചൊവ്വാഴ്ച പൊലീസ് പുറത്തെടുത്ത സിനിയുടെ മൃതദേഹത്തിന് മൂന്ന് ദിനസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.
കേസിൽ പ്രതിയായ കുട്ടൻ കർണ്ണാടകയിൽ ജോലി ചെയ്തിരുന്നതിനാൽ അവിടേക്ക് കടന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ഫോൺ ഉപയോഗിക്കാത്തതിനാൽ ടവർ ലൊക്കേഷൻ ഉപയോഗിച്ച് സ്ഥലം കണ്ടുപിടിക്കാൻ സാധിക്കില്ല. പ്രതിയുടെ കൈവശം പണമില്ലാത്തതിനാൽ കൂടുതൽ ദൂരം പോയിരിക്കാൻ സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് പുല്ലമ്പാറ മരുതുംമൂട് വാലിക്കുന്ന് കോളനിയിൽ സിനിയെ (32) ഭർത്താവായ കുട്ടൻ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ വിവരം പുറം ലോകം അറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച മുതൽ സിനിയെ കാണാനില്ലാത്തിൽ സംശയം തോന്നിയ സിനിയുടെ ഇളയമ്മയുടെ മകൻ രാജേഷ് ഇന്നലെ നടത്തിയ പരിശോധനയിലാണ് വീടിന് സമീപം കക്കൂസിന് എടുത്തിട്ടിരുന്ന കുഴിയിൽ നിന്നാണ് സിനിയുടെ മൃദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
ഭർത്താവ് കുട്ടൻ ശാരീരികമായി ഉപദ്രവിക്കുന്നതിനാൽ കഴിഞ്ഞ ഒന്നര വർഷത്തോളമായി സിനി മക്കളായ അനന്തു (13) ആനന്ദ് (16) എന്നിവർക്കൊപ്പം സമീപത്തുള്ള അമ്മയുടെ വീട്ടിലാണ് താമസം. ഇടയ്ക്ക് വാലികുന്നത്തെ വീട്ടിലേക്ക് വരും. ഞായറാഴ്ച സിനിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ബന്ധുവീട്ടിൽ പോയെന്നാണ് കുട്ടൻ മക്കളോടും സിനിയുടെ അച്ഛൻ ചെല്ലപ്പനോടും പറഞ്ഞിരുന്നത്. തിങ്കളാഴ്ച ഉച്ചയോടെ, താൻ കർണാടകയിലേക്ക് പോകുന്നതായി കുട്ടൻ ബന്ധുക്കളെ അറിയിച്ചു. ഇതിൽ സംശയം തോന്നിയതോടെയാണ് അന്വേഷണം തുടങ്ങിയത്. ഇന്നലെ രാവിലെ രാജേഷ് വാലിക്കോണത്തെ വീട്ടിലെത്തിയപ്പോൾ കുട്ടൻ ഉണ്ടായിരുന്നില്ല. കക്കൂസിനായി എടുത്തിട്ട കുഴി മണ്ണിട്ടു മൂടിയതായി കണ്ടു. മണ്ണ് നീക്കിയപ്പോൾ ഒരു കൈ പുറത്ത് കണ്ടു. ഉടൻ തന്നെ വാർഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ശ്രീകണ്ഠനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ശ്രീകണ്ഠനാണ് പൊലീസിനെ വിവരം അറിയിച്ചത്.
പരീക്ഷയ്ക്ക് പോകുന്ന തിരക്കിലായിരുന്നു മകൻ അനന്തു. സ്‌കൂളിലേക്ക് പോകുന്നതിന് മുൻപും അവൻ അമ്മയെ അന്വേഷിച്ചു പക്ഷേ, എങ്ങും കണ്ടില്ല തൊട്ടടുത്ത കക്കൂസ് കുഴിയിൽ അമ്മ മരിച്ച് കിടക്കുന്നതറിയാതെ അവൻ പരീക്ഷ എഴുതി. തേമ്പാമ്മൂട് ജനതാ ഹയർ സെക്കൻഡറി സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് അനന്തു.
ശനിയാഴ്ച രാത്രി അച്ഛൻ, അമ്മയെ മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച ഇരുവരെയും കുട്ടൻ വിരട്ടിയോടിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയെ തിരക്കിയെങ്കിലും കണ്ടില്ല. അമ്മ ബന്ധുവീട്ടിൽ പോയതാണെന്ന് കുട്ടൻ മക്കളോട് പറഞ്ഞത്. ഇത് വിശ്വസിക്കാത്ത മക്കൾ അയൽവാസികളോട് അമ്മയെ കാണാനില്ലെന്ന് പറഞ്ഞു. തുടർന്ന് ഇവർ പൊലീസിനെ അറിയിക്കുകയായിരുന്നു. സംശയം തോന്നാതിരിക്കാൻ ചോറും, കറികളും അടുക്കളയിൽ തയ്യാറാക്കി വയ്ക്കുകയും ചെയ്തു.
സിനിയെ ഭർത്താവ് കുട്ടൻ പത്തു വർഷം മുൻപ് കഴുത്തിനു വെട്ടി അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. ആ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുകയും ചെയ്തിരുന്നു. 2004ൽ സിനിയുടെ കാലിൽ വെട്ടി പരിക്കേൽപ്പിച്ചതിന് ഏഴുവർഷത്തോളമാണ് ജയിലിൽ കിടന്നത്. ജയിലിൽ നിന്നിറങ്ങിയശേഷം ഇവർ വീണ്ടും ഒരുമിച്ച് താമസിച്ചെങ്കിലും കലഹം പതിവായിരുന്നതായി നാട്ടുകാർ പറഞ്ഞു. മർദ്ദനത്തിൽ സിനി എത്ര നിലവിളിച്ചാലും അലിവ് തോന്നാത്ത മനസ്സായിരുന്നു കുട്ടന്റേത്. തൊട്ടടുത്ത താമസക്കാരൻ ശല്യം സഹിക്ക വയ്യാതെ ഒരിക്കൽ കുട്ടന്റെ ദേഹത്ത് ആസിഡ് ഒഴിച്ചിരുന്നു.
ശനിയാഴ്ച അതിക്രൂരമായ മർദ്ദനത്തിലാണ് സിനി കൊല്ലപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. നെറ്റിയിൽ ഇരുമ്ബ് കമ്പി കൊണ്ടോ ചുറ്റിക കൊണ്ടോ ഉള്ള വലിയ ക്ഷമേറ്റിട്ടുണ്ട്. ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നേതൃത്വത്തിൽ വെഞ്ഞാറമൂട് സി.ഐ.യും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.