
വേണാട് ഇന്ന് കൃത്യസമയം പാലിച്ചു” മനോജ് സാറിന് അഭിനന്ദനങ്ങളും സ്നേഹാദരവുമായി യാത്രക്കാർ…
പതിവിലും വിപരീതമായി സംഭവിക്കുമ്പോളാണ് പലതും വാർത്തകളാകുന്നത്. പുതിയ സമയക്രമം പ്രാബല്യത്തിൽ വന്നശേഷം ആദ്യമായാണ് വേണാട് കൃത്യസമയം പാലിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചുവെന്ന യാത്രക്കാരുടെ ഉത്കണ്ഠ ചെന്നവസാനിച്ചത് ഒരാളിലാണ്. ലോക്കോ പൈലറ്റ് “മനോജ്. ബി. പണിക്കർ”. കഴിഞ്ഞ ആഗസ്ത് 6 ന് എറണാകുളം ജംഗ്ഷനിൽ 09.34 എന്ന ഏറ്റവും മികച്ച സമയത്ത് വേണാട് ഓടിയെത്തിപ്പോൾ തിരുവനന്തപുരം ഡിവിഷൻ ക്യാഷ് അവാർഡ് നൽകി ആദരിച്ചതുമുതൽ യാത്രക്കാരുടെ മനസ്സിൽ ഇടം പിടിച്ചയാളാണ് മനോജ് സർ.
ഒക്ടോബറിൽ വേണാട് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത് 05.05 ന് പകരം 05.15 ലേയ്ക്ക് മാറിയതോടെ കോട്ടയമെത്തുമ്പോൾ തന്നെ അരമണിക്കൂറിലധികം വൈകുന്നത് പതിവായിരുന്നു. ഈ ട്രെയിനാണ് ഇന്ന് എല്ലാ സ്റ്റേഷനിലും എത്തിച്ചേരേണ്ട സമയത്തിനും മിനിറ്റുകൾക്ക് മുമ്പേ ഇടം പിടിച്ചത്. കോട്ടയത്ത് 08.22 ന് എത്തിച്ചേരേണ്ട വേണാട് ഇന്ന് 08.20 ന് എത്തിച്ചേർന്നു.
LHB കോച്ചുകളിലേയ്ക്ക് മാറിയശേഷം വേണാടിൽ വേഗത വ്യത്യാസപ്പെടുമ്പോൾ ശക്തമായ ഉലച്ചിൽ ഉണ്ടാകാറുണ്ട്. ഇന്ന് അങ്ങനെയുള്ള ദുരനുഭവം ഒന്നുമില്ലായിരുന്നുവെന്നും യാത്രക്കാർ പങ്കുവെച്ചു. പരിചയ സമ്പന്നരായ ലോക്കോ പൈലറ്റിന്റെ സേവനം ഇത്തരം സർവീസുകൾക്കായി ഉപയോഗിക്കാൻ റെയിൽവേ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേണാട് എറണാകുളം ജംഗ്ഷനിൽ 09.45 ന് എത്തണമെന്ന സ്ഥിരയാത്രക്കാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു. എന്നാൽ ഇന്ന് 09.40 ന് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേർന്നെങ്കിലും ആവശ്യക്കാർ ആരും തന്നെ ട്രെയിനിൽ ഇല്ലായിരുന്നുവെന്നതാണ് വാസ്തവം. സ്ഥിരയാത്രക്കാരില്ലാത്ത അവധി ദിവസങ്ങളിലാണ് റെയിൽവേ അല്പമെങ്കിലും മര്യാദ കാണിക്കുന്നതെന്നാണ് യാത്രക്കാരുടെ പക്ഷം. അതുകൊണ്ട് തന്നെ പ്രൈവറ്റ് ബസ് ലോബികളുടെ ഇടപെടലാണ് വേണാട് വൈകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രവർത്തി ദിവസങ്ങളിൽ പരിചയ സമ്പന്നരായ ജീവനക്കാരെ ഗുഡ്സിനും മറ്റു സമയബന്ധിതമല്ലാത്ത സർവീസുകൾക്കും നിയോഗിക്കുന്നതിന് പകരം വേണാടിനും സമാനസർവീസുകൾക്കും ഉപയോഗപ്പെടുത്താൻ റെയിൽവേ തയ്യാറായാൽ യാത്രക്കാരുടെ മാനസിക സമ്മർദ്ദവും കുറയുന്നതാണ്. മനോജ് സാറിലൂടെ വേണാടിന്റെ പ്രതീക്ഷകൾ അസ്തമിച്ചിട്ടെല്ലെന്ന സത്യമാണ് ഇന്ന് യാത്രക്കാർ തിരിച്ചറിഞ്ഞതെന്നും അസോസിയേഷൻ പ്രതിനിധികളായ അജാസ് വടക്കേടം, ശ്രീജിത്ത് കുമാർ എന്നിവർ അറിയിച്ചു. രാവിലെ 07.05 നുള്ള പാലരുവിയ്ക്ക് ശേഷം ഒന്നരമണിക്കൂറോളം വ്യത്യാസത്തിൽ ഓടിയെത്തുന്ന വേണാട് കൃത്യസമയം പാലിച്ചാൽ മാത്രമേ കോട്ടയം വഴിയുള്ള യാത്രക്കാരുടെ പ്രശ്നങ്ങൾക്ക് അല്പമെങ്കിലും പരിഹാരമാകുകയുള്ളു.