കക്ക വാരി മടങ്ങവെ പോളപ്പായലിൽ കുരുങ്ങി; മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന തൊഴിലാളികളെ അഗ്നിശമനസേനയും പ്രദേശവാസികളും ചേർന്ന് രക്ഷപ്പെടുത്തി

Spread the love

ചേര്‍ത്തല: വേമ്പനാട്ടു കായലില്‍ നിന്ന് വള്ളങ്ങളില്‍ കക്ക വാരി മടങ്ങുന്നതിനിടെ പോളപ്പായലില്‍ മണിക്കൂറുകളോളം കുടുങ്ങിയ രണ്ട് തൊഴിലാളികള്‍ക്ക് അഗ്നിശമനസേനയും പ്രദേശവാസികളും രക്ഷകരായി. തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ രാജേഷ് (43), ഗിരീഷ് (38) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ചേര്‍ത്തല കട്ടച്ചിറ കുണ്ടുവളവിന് വടക്കുവശം വേമ്പനാട്ടു കായലില്‍ ലക്ഷ്മികരി പ്രദേശത്തായിരുന്നു സംഭവം.

ബുധനാഴ്ച രാവിലെ അഞ്ചോടെയാണ് ഇരുവരും യന്ത്രം ഘടിപ്പിച്ച വള്ളങ്ങളില്‍ കക്ക വാരാന്‍ പോയത്. കക്ക വാരി മടങ്ങുന്നതിനിടെ ഒന്‍പതരയോടെയാണ് ലക്ഷ്മികരി മേഖലയിലെ തിങ്ങി നിറഞ്ഞിരിക്കുന്ന പോളപ്പായലില്‍ ഇവരുടെ വള്ളങ്ങള്‍ കുടുങ്ങിയത്. ഒരു മണിക്കൂറിലേറെ പരിശ്രമിച്ചിട്ടും ഇവര്‍ക്ക് പുറത്ത് കടക്കാന്‍ കഴിഞ്ഞില്ല. ഒച്ചയുണ്ടാക്കിയപ്പോഴാണ് പ്രദേശവാസികള്‍ വിവരം അറിഞ്ഞത്. അവര്‍ ആദ്യം രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. പത്തരയോടെ വിവരം അറിഞ്ഞ് അഗ്നിശമന സേന എത്തി. കരയില്‍ നിന്ന് നൂറ് മീറ്ററോളം അകലെ കിടന്നിരുന്ന വള്ളങ്ങള്‍, വലിയ റോപ്പുകളും മറ്റും ഉപയോഗിച്ച് ഒരു വലിയ വള്ളത്തിന്‍റെ സഹായത്തോടെ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് കരയിലേക്ക് വലിച്ചുകയറ്റുകയായിരുന്നു. ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് വള്ളത്തില്‍ കുരുങ്ങിയവരെ കരയ്‌ക്കെത്തിച്ചത്.

കക്ക വാരാന്‍ പോയ വള്ളങ്ങളില്‍ യന്ത്രം ഘടിപ്പിച്ചിരുന്നെങ്കിലും കനത്ത തോതില്‍ തിങ്ങി നിറഞ്ഞിരുന്ന പോളപ്പായലിനെ മറികടക്കാന്‍ തക്കശേഷി വളളത്തിന്‍റെ യന്ത്രങ്ങള്‍ക്ക് ഇല്ലാതിരുന്നതാണ് പ്രശ്‌നമായത്. വേമ്പനാട്ട് കായലിലും അനുബന്ധ കായലുകളിലും നിറഞ്ഞിരിക്കുന്ന പോളപ്പായല്‍ കാരണം മത്സ്യ കക്ക വാരല്‍ തൊഴിലാളികളും ഹൗസ് ബോട്ടുകളും മറ്റും കടുത്ത പ്രതിസന്ധിയിലാണ്. അഗ്നിശമന സേന ചേര്‍ത്തല അസി.സ്‌റ്റേഷന്‍ ഓഫീസര്‍ ശ്രീകുമാര്‍, ഗ്രേഡ് ഓഫീസര്‍ ആര്‍.മധു, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ കെ ആര്‍ രഞ്ജിത്ത്, എ എസ് സുധീഷ്, എസ് ഉണ്ണി, വി വിനീത്, ഹോംഗാര്‍ഡ് അനീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group