
കോട്ടയം: കോട്ടയത്തും പരിസരപ്രദേശങ്ങളിലുമുള്ള ജനങ്ങള്ക്ക് കുടിവെള്ളം നല്കാതെ ബോധപൂർവം സര്ക്കാര് ദ്രോഹിക്കുകയാണെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ.
വെള്ളംവച്ച് രാഷ്ട്രീയം കളിക്കുന്നവരെ ജനങ്ങള് വെള്ളം കുടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
ഒരു നാടിന്റെ വികസനം തടസപ്പെടുത്താന് ചിലര് വാട്ടര് അഥോറിറ്റിയെ ആയുധമാക്കുകയാണെന്ന് തിരുവഞ്ചൂര് കുറ്റപ്പെടുത്തി. കോട്ടയത്തെ ജനങ്ങള്ക്ക് ജീവിക്കാന് ആവശ്യമായ വെള്ളം ലഭിക്കുന്നതിന് സര്ക്കാര് മതിയായ നടപടി എടുക്കണം. സര്ക്കാരിന്റെ മുഖം മിനുക്കാന് കോടികളാണ് ചെലവഴിക്കുന്നത്. എത്ര കോടികള് ചെലഴിച്ചാലും ഈ സര്ക്കാരിന്റെ മുഖം മിനുങ്ങാന് പോകുന്നില്ലെന്ന് തിരുവഞ്ചൂര് ചൂണ്ടിക്കാട്ടി.
കോട്ടയം നിയോജകമണ്ഡലത്തിലെ കോട്ടയം മുനിസിപ്പാലിറ്റി, വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകളിലെ രൂക്ഷമായ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തില് വാട്ടര് അഥോറിറ്റി ഓഫീസിനു മുന്നില് നടത്തിയ ധര്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു തിരുവഞ്ചൂര്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുനിസിപ്പല് ചെയര്മാന് എം.പി. സന്തോഷ്കുമാര്, ടി.സി. റോയി, സിബി കൊല്ലാട്, എന്. ജയചന്ദ്രന്, സിസി ബോബി, സാബു മാത്യു, ഷൈനി വര്ക്കി, ബിന്ദു സന്തോഷ്കുമാര്, ബിന്സി സെബാസ്റ്റ്യന്, സനില് കാണക്കാലില്, മിഥുന് ജി. തോമസ് തുടങ്ങിയവര് നേതൃത്വം നല്കി
.



