play-sharp-fill
ലോക്ക് ഡൗൺ : പച്ചക്കറികളുടെ വിലയിൽ ഇടിവ്: പ്രധാന ഇനങ്ങളെല്ലാം നേർ പകുതി വിലയ്ക്ക് : ഹീറോ ആയത് ഫല വർഗ വിപണി

ലോക്ക് ഡൗൺ : പച്ചക്കറികളുടെ വിലയിൽ ഇടിവ്: പ്രധാന ഇനങ്ങളെല്ലാം നേർ പകുതി വിലയ്ക്ക് : ഹീറോ ആയത് ഫല വർഗ വിപണി

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പച്ചക്കറികൾക്ക് വിലയിൽ ഇടിവ്. പ്രധാന ഇനങ്ങളെല്ലാം നേർ പകുതി വിലയ്ക്കാണ് ഇപ്പോൾ വിപണിയിൽ വിൽക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള വിലക്കു കാരണം ആരും വാങ്ങാനെത്തുന്നില്ലെന്ന പരാതിയുമുണ്ട്. പ്രമുഖ വ്യാപാര കേന്ദ്രങ്ങളളിലും സ്ഥലങ്ങളിൽ കച്ചവടവും മൂന്നിലൊന്നായി കുറഞ്ഞു.

 

ലോക്കൗട്ടിനു മുമ്പും ആദ്യ ദിനങ്ങളിലും തക്കാളിയുടെ വില 100 വരെ എത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് 70, 80 രൂപക്കാണ് വിൽക്കുന്നത്. പച്ചമുളകിനാകട്ടെ 10, 20 രൂപയാണ് നിലവിലെ വില. നേരത്തെ ഇത് 40 രൂപവരെ ആയിരുന്നു. കാരറ്റും ബീറ്റ് റൂട്ടും വിലയിൽ മാറ്റമില്ല. യഥാക്രമം 20, 30 രൂപയാണ് ചാലയിലെ ഇന്നലത്തെ വില. എത്തക്കായ്ക്ക് 4 കിലോയ്ക്ക് 100 രൂപ. തമിഴ്നാട്, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് തലസ്ഥാനത്തേക്ക് പച്ചക്കറികൾ സാധാരണ എത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രണ്ടിനം തക്കാളികൾ വിപണിയിൽ സുലഭമാണ്. നാടൻ തക്കാളിക്കും ബംഗളൂരു തക്കാളിക്കും ഒരേവിലയാണ് ഈടാക്കുന്നത്. ആദ്യമൊക്കെ ചരക്കുനീക്കത്തിന് ചെറിയരീതിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതാണ് വിപണിയിൽ തക്കാളിയുടെ വില നൂറുകടന്നത്. എന്നാൽ സർക്കാരിന്റെ വിപണിയിലെ ഇടപെടലോടെ ചരക്കുനീക്കത്തിലെ തടസം നീങ്ങി. ചെക്ക്പോസ്റ്റുകളിലൂടെ കുറഞ്ഞത് പ്രതിദിനം 25 ലോഡെങ്കിലും പച്ചക്കറികൾ തലസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലേക്ക് എത്തുന്നുണ്ട്.

 

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ദൂര സ്ഥലങ്ങളിൽ നിന്നൊന്നും സാധനം വാങ്ങാൻ ആളുകൾ ചാലയിലും പാളയത്തും വരുന്നില്ലെന്ന പരാതി വ്യാപാരികൾക്കുണ്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള യാത്രാവിലക്കാണ് അതിനുള്ള കാരണം. ആളുകൾ അവരവരുടെ വീടുകൾക്ക് അടുത്തുള്ള സ്ഥലങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങിയാൽ മതിയെന്നാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന

നിർദ്ദേശം. ഇതുകാരണം വ്യാപാരം മൂന്നിലൊന്നായി കുറയുകയും ചെയ്തു. നേരത്തെ ചാലയിലെ ഹോൾസെയിൽ കടകളിൽ കുറഞ്ഞത് 25,000 രൂപയുടെ കച്ചവടം നടന്നിരുന്നു. എന്നാലിപ്പോൾ അത് 10,000ത്തിനു താഴെ മാത്രമാണ്. ചില്ലറ വ്യാപാരികൾക്കു പുറമെ വീട്ടമ്മമാരും മറ്റും ഇവിടെവന്ന് സാധനങ്ങൾ വാങ്ങിയിരുന്നു. ഇതിപ്പോൾ നിലച്ചിരിക്കുകയാണ്. ഈ മാസം 14നു ശേഷം കച്ചവടം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.

 

 

ചെറിയ ഉള്ളിയുടെ വില വിപണിയിൽ ഉയർന്നുതന്നെ. 100, 120 രൂപയ്ക്കാണ് വിൽപ്പന. അതേസമയം സവാളയ്ക്ക് മൊത്തവ്യാപാരികൾ കിലോയ്ക്ക് 35, ചില്ലറ വ്യാപാരികൾ 40 രൂപയ്ക്കാണ് വിൽക്കുന്നത്. ഉരുളക്കിഴങ്ങിനാകട്ടെ 35, 30 രൂപയാണ് വില. വെളുത്തുള്ളി 140 രൂപയായിരുന്നു ഇന്നലത്തെ വില. മേട്ടുപ്പാളയം, ഊട്ടി, തിരുനെൽവേലി, ഹുസൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് തലസ്ഥാനത്തേക്ക് പ്രധാനമായും ഇത്തരം ഇനങ്ങൾ വരുന്നത്.

 

കോവിഡ്ക്കാലത്ത് യാതൊരു തടസവും കൂടാതെ ചരക്കുനീക്കം നടക്കുന്നുണ്ടെങ്കിലും തമിഴ്നാട്ടിലെ ഇടനിലക്കാർ കൃത്രിമ ക്ഷാമവും വിലക്കയറ്റവും ഉണ്ടാക്കുന്നതായി വ്യാപാരികൾ ആരോപിക്കുന്നു. സാധനങ്ങൾ എത്തിക്കാൻ പാടാണെന്നും മാത്രമല്ല സാധനങ്ങൾ കിട്ടാനില്ലെന്നുമാണ് ഇടനിലക്കാരുടെ ന്യായം. എന്നാൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ ലോഡുകണക്കിന് സാധനങ്ങളാണ് ഇത്തരം ഇടനിലക്കാർ സ്റ്റോക്ക് ചെയ്തിരിക്കുന്നത്. കൂടുതൽ വില ഈടാക്കി സാധനങ്ങൾ അയക്കാനുള്ള നീക്കമാണിതെന്നും വ്യാപാരികൾ പറയുന്നു. കോവിഡിന് മുമ്ബ് ഇത്തരം സാധനങ്ങളുടെ വില വളരെ താഴ്ന്നിരുന്നു.

 

അതേസമയം ഏജന്റുമാരെ ഒഴിവാക്കി തമിഴ്നാട്ടിൽ നിന്നും വ്യാപാരികൾക്ക് കേരളത്തിലേക്ക് സാധനം എത്തിക്കാനാകാത്ത അവസ്ഥയാണ്. അവരിലൂടെയല്ലാതെ ആരെങ്കിലും സാധനം വാങ്ങാൻ ശ്രമിച്ചാൽ അതിർത്തി കടക്കാൻ പാടാണെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. അതിനാൽ അവർ പറയുന്ന വില നൽകി സാധനങ്ങൾ വാങ്ങുകയേ നിവൃത്തിയുള്ളൂവെന്നും വ്യാപാരികൾ പറഞ്ഞു. തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മത്സ്യത്തൊഴിലാളികൾ കടലിൽപ്പോക്ക് നിർത്തി. ചിലർ പോകുന്നുണ്ടെങ്കിലും കൊണ്ടുവരുന്ന മീനിന് വിപണിയിൽ പൊന്നുംവിലയാണ്. ചന്തകളിൽ ആൾക്കിരക്ക് കൂടുമെന്ന് കണ്ട് പൊലീസ് വ്യാപാരികളെ വിരട്ടുന്നതു കാരണം പലരും കള്ളക്കടത്ത് നടത്തുന്നപോലെയാണ് മീനെത്തിക്കുന്നത്. അതും ഇരട്ടി വിലയ്ക്ക്.

 

നേരത്തെ വിഴിഞ്ഞം, പൂവാർ, കോവളം, പൂന്തുറ, ശംഖുംമുഖം, വലിയതുറ, തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും ജില്ലയിലെ വിവിധ ചന്തകളിൽ മീനെത്തിയിരുന്നു. എന്നാൽ യാത്രാ വിലക്ക് വന്നതോടെ ഈ മേഖലകളിൽ മത്സ്യബന്ധനം നിർത്തിവച്ചിരിക്കുകയാണ്. പ്രധാന വ്യാപാര കേന്ദ്രമായ ചാലയിൽ മീനെത്തിക്കുന്നത് ജില്ലാതിർത്തിയായ പാറശാലയിൽ നിന്നാണ്.

ഇവരാകട്ടെ പൊലീസിനെ ഒളിച്ചാണ് മീനെത്തിക്കുന്നത്. അവർക്കു മുന്നിലൂടെ പോയാൽ പെട്ടതുതന്നെ. അടിയും ഫ്രീയാണ്. അതുകൊണ്ടാണ് ഒളിച്ചു ചെന്ന് മീനുമായി വരുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന മീനിനാണ് വിപണിയിൽ പൊന്നുംവില. ചൂര ഒരു കിലോയ്ക്ക് 160, വങ്കട 200, കൊഞ്ച് 300 രൂപയ്ക്കാണ് ഇന്നലെ ചാലയിൽ വിറ്റത്. ലോക്ക്ഡൗണിന്റെ ആദ്യകാലത്ത് ഇത്തരം മീനുകളൊന്നും ഉണ്ടായിരുന്നില്ല.

 

വിലക്ക് പേടിച്ച് ആരും കടലിൽ മീൻപിടിക്കാൻ പോയിരുന്നില്ല. എന്നാൽ ഇടയ്ക്കുവച്ച് ചിലയിടങ്ങളിൽ ചെറു വള്ളങ്ങളിൽ മീൻ പിടിക്കാൻ പോയതോടെ വിപണിയിൽ ചെറിയ രീതിയിൽ മീൻ വന്നുതുടങ്ങി. എന്നാൽ വാങ്ങാൻ ആളില്ലാത്തത് വ്യാപാരികളെ വല്ലതെ വലച്ചിരിക്കുകയാണ്. ആദ്യമൊന്നും പച്ചമീൻ കിട്ടാത്തതു കാരണം പലരും ഉണക്കമീൻ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു. ഇതോടെ പാളയത്തെയും ചാലയിലെയും ഉണക്കമീൻ വിൽപ്പനശാലകൾ സ്റ്റോക്കില്ലാത്തതു കാരണം അടച്ചുപൂട്ടി. തമിഴ്നാട്ടിൽ നിന്നാണ് ഉണക്കമീൻ പ്രധാനമായും തലസ്ഥാനത്തേക്ക് എത്തുന്നത്. അവിടെനിന്നും ഇപ്പോൾ ഉണക്കമീൻ വരുന്നില്ല. പച്ചമീൻ പോലും അതിർത്തി കടത്തിവിടുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. അതുകൊണ്ടാണ് കിട്ടുന്ന മീൻ കൂടിയ വിലയ്ക്ക് വിൽക്കുന്നതെന്നും വ്യാപാരികൾ പറയുന്നു.

മലയാളികൾക്ക് അച്ചാർ വിഭവങ്ങളിൽ ഏറെ ഇഷ്ടപ്പെട്ട ഒന്നാണ് നാരങ്ങ. അച്ചാറിനു പുറമെ ജ്യൂസിനും മറ്റും ഇത് ഉപയോഗിക്കാറുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് ഇത് പ്രധാനമായും കേരളത്തിലേക്കെത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് നാരങ്ങ വിപണിയിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മാത്രമല്ല അതിന്റെ വില കേട്ടാൽ ഞെട്ടും. 30, 40 രൂപയ്ക്ക് വിറ്റിരുന്ന നാരങ്ങ ഇപ്പോൾ മൊത്തവ്യാപാര കടകളിൽ 57 രൂപയ്ക്കാണ് വിൽക്കുന്നത്. ചില്ലറ വ്യാപാരികൾക്കും ഗാർഹിക ഉപയോഗത്തിനും വ്യാപാരികൾ വിൽക്കുന്നത് 60 രൂപയ്ക്കാണ്.

 

 

തമിഴ്നാട്ടിൽ നാരങ്ങ വിൽപ്പന മന്ദഗതിയിലായതാണ് ഈ വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ പറയുന്നു. മാത്രമല്ല നേരത്തെ എണ്ണമനുസരിച്ചായിരുന്നു വില ഈടാക്കിയിരുന്നത്. എന്നാൽ തമിഴ്നാട്ടിൽ ഇപ്പോൾ കിലോയ്ക്കാണ് വിൽപ്പന. ഇതുകാരണം കേരളത്തിലേക്ക് ലോഡെത്തുമ്‌ബോൾ ഒരു ചാക്കിൽ കുറഞ്ഞത് അരക്കിലോയിലധികം ചീഞ്ഞ നാരങ്ങയായിരിക്കും.

 

എണ്ണമനുസരിച്ച് വിൽപ്പന നടത്തിയിരുന്നപ്പോൾ ചീത്തയായതും അല്ലാത്തതും വേർതിരിച്ചെടുക്കാമായിരുന്നു. ഇപ്പോൾ ഓരോ ചാക്കിൽ കെട്ടിവച്ചിരിക്കുന്ന നാരങ്ങ തൂക്കി വില നിശ്ചയിച്ച് കയറ്റി അയക്കുകയാണ്. ഇതാണ് വിലകൂടാൻ കാരണമെന്നും വ്യാപാരികൾ പറയുന്നു. ലോക്ക്ഡൗൺ കാലത്ത് മത്സ്യം കിട്ടാതായതോടെ ഇറച്ചിക്ക് ആവശ്യക്കാർ വർധിച്ചു. ചിക്കനാണ് വിപണിയിലെ താരം. കിലോയ്ക്ക് 95 രൂപ വരെ ചിക്കന് ഈടാക്കുന്നുണ്ട്. ലോക്ക്ഡൗണിനു മുമ്ബ് ചിക്കന് വില 40-50 ആയിരുന്നു. അതേസമയം, നഗരത്തിൽ പലയിടങ്ങളിലും ചിക്കന് വില പലതാണ്.

 

ചാല മാർക്കറ്റിൽ ചിക്കന് കിലോ 85 ആണെങ്കിൽ വലിയതുറയിൽ കിലോയ്ക്ക് 95 ആണ്. എന്നാൽ, ബീഫ് കിലോയ്ക്ക് 350 മുതൽ 450 രൂപ വരെയാണ്. മട്ടൻ കിട്ടാനില്ലെന്നാണ് കച്ചവടക്കാർ പറയുന്നത്. ലോക്ക് ഡൗണായതോടെ കാളച്ചന്തകൾ കൂടാറില്ല. അതുകൊണ്ടുതന്നെ സ്വകാര്യ വ്യക്തികൾ വിൽക്കുന്ന മാടുകളെ വാങ്ങിയാണ് വെട്ടുന്നത്. പോത്തിന് കിലോയ്ക്ക് 45 മുതൽ 900 രൂപ വരെ ഈടാക്കുന്നുണ്ട്. മിക്കയിടങ്ങളിലും ഇന്നു മുതൽ ഇറച്ചിക്ക് ക്ഷാമം നേരിടുമെന്നാണ് കച്ചവടക്കാർ പറയുന്നത്. അതേസമയം, കോഴിക്ക് ക്ഷാമമില്ല. തമിഴ്നാട്ടിൽ നിന്നും ഇറച്ചിക്കോഴികൾ എത്തുന്നുണ്ട്.

ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ഹീറോ ആയത് ഫല വർഗ വിപണിയാണ്. യാത്രാവിലക്ക് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഫല വർഗങ്ങൾ വാങ്ങാൻ തിരക്കേറി. നേരത്തെ 20,000 രൂപവരെ വിൽപ്പനയുണ്ടായിരുന്ന പഴവർഗങ്ങൾക്ക് ഇപ്പോൾ 40,000 രൂപവരെ കച്ചവടം പൊടിപൊടിക്കുകയാണ്. എന്നാൽ ആപ്പിളും മാതളവും ആളുകളുടെ കീശ കാലിയാക്കുന്നുണ്ട്. നേത്തെ 100 രൂപയ്ക്ക് താഴെയായിരുന്നു ഈ രണ്ടിനങ്ങളുടെയും വില.

 

 

ഇപ്പോൾ ആപ്പിളും മാതളവും കിലോയ്ക്ക് 140 രൂപയാണ് വില. ജ്യൂസ് മുന്തിരിക്ക് കിലോയ്ക്ക് 50, സീഡ്ലെസ് മുന്തിരിക്ക് 120 രൂപയാണ് വില. നേരത്തെ സീഡ്ലെസ് മുന്തിരിക്ക് 100 രൂപയിൽ തഴെയായിരുന്നു വില. കോവിഡ് വന്നതോടെ അതിന്റെ വിലയും വർദ്ധിച്ചു. തണ്ണിമത്തൻ മൊത്ത കച്ചവടക്കാർ 13 രൂപയ്ക്കും ചില്ലറ വ്യാപാരികൾ 20 രൂപയ്ക്കുമാണ് കിലോയ്ക്ക് ഈടാക്കുന്നത്. അതേസമയം പഴവിപണി വളരെ മന്ദഗതിയിലാണ് വ്യാപാരം നടക്കുന്നത്. ഏത്തൻ നേരത്തെ ഒരു കിലോ 40-50 രൂപയായിരുന്നു. കോവിഡ് ബാധിച്ചതോടെ ഒന്നരക്കിലോ ഏത്തന് 50 രൂപയാണ് ഈടാക്കുന്നത്. എന്നാൽ അതു വാങ്ങാൻ പോലും ആളുകൾ വരുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. രസകദളിക്ക് 60 രൂപയാണ് വില. നേരത്തെ 50 രൂപയായിരുന്നു.