
ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്ന ആരോപണത്തിന് മറുപടിയായാണ് സതീശന്റെ പ്രതികരണം. ഘടക കക്ഷികളുടെ കാര്യങ്ങൾ നോക്കാൻ കോൺഗ്രസിന് അറിയാമെന്നും മറ്റുള്ളവർ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ നോക്കണമെന്നും സതീശൻ പറഞ്ഞു. അദ്ദേഹത്തിന്റെ രാഷ്ട്രീയ പാരമ്പര്യം എന്താണെന്ന് ചോദിച്ച സതീശൻ കേരളത്തിലേക്ക് പുറത്തുനിന്ന് കൊണ്ടുവന്ന നേതാവാണെന്ന് പരിഹസിക്കുകയും ചെയ്തു.
അതേസമയം സിപിഎമ്മിനെതിരെയും സതീശൻ വിമർശനം ആവർത്തിച്ചു. വിഴിഞ്ഞം, ഗെയിൽ പദ്ധതികൾ തുടങ്ങിയവ ആരംഭിച്ചത് യുഡിഎഫ് സർക്കാരാണെന്നും ഉമ്മൻചാണ്ടി സർക്കാർ അഞ്ച് വർഷത്തിൽ വലിയ തോതിൽ വീടുകൾ നിർമ്മിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗെയിൽ പദ്ധതിയെ അന്ന് എതിർത്തത് ഇന്നത്തെ വ്യവസായ മന്ത്രി പി രാജീവ് ആണെന്നും സതീശൻ ആരോപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group







