play-sharp-fill
സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മറച്ചു വെക്കാനുള്ള ശ്രമം; കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ് ; 57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ; കർണാടക നടത്തിയത് വേറെ സമരം ; വി. മുരളീധരൻ രാത്രിയിൽ പിണറായിയുമായി ചർച്ച നടത്തുന്നു : വി.ഡി. സതീശൻ

സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മറച്ചു വെക്കാനുള്ള ശ്രമം; കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ് ; 57,800 കോടി രൂപ ലഭിക്കാനുണ്ടെന്നത് നുണ; കർണാടക നടത്തിയത് വേറെ സമരം ; വി. മുരളീധരൻ രാത്രിയിൽ പിണറായിയുമായി ചർച്ച നടത്തുന്നു : വി.ഡി. സതീശൻ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ നടത്തുന്ന സമരത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേന്ദ്ര അവഗണനയാണെന്ന വ്യാഖ്യാനമുണ്ടാക്കി സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും മറച്ചു വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കോടതിയില്‍ കൊടുത്തിരിക്കുന്നത് വേറെ കേസ്, ഡല്‍ഹിയില്‍ പറയുന്നത് വേറെ കേസ്, കേരളത്തിന്റെ നിയമസഭയില്‍ പറഞ്ഞത് വേറെ കേസ്. പരസ്പര വിരുദ്ധമാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നതെന്ന് വിഡി സതീശന്‍ ആരോപിച്ചു.

57,800 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനുണ്ടെന്ന് പറയുന്നത് നുണയാണ്. പച്ചക്കള്ളമാണ്. ഊതിപ്പെരുപ്പിച്ച കണക്കാണിത്. നിയമസഭയില്‍ ഇത് പ്രതിപക്ഷം പൊളിച്ചതാണ്. നികുതി പിരിവിലുണ്ടായ പരാജയം, ധൂര്‍ത്ത്, അഴിമതി, കെടുകാര്യസ്ഥത എന്നിവയാണ് രൂക്ഷമായ ധനപ്രതിസന്ധിക്ക് കാരണം. ഒരുപാടു കാരണങ്ങളില്‍ ഒന്നു മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ അവഗണന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്താം ധനകാര്യ കമ്മീഷനെയും പതിനഞ്ചാം ധനകാര്യ കമ്മീഷനെയും താരതമ്യപ്പെടുത്തി കിട്ടിയ കുറവാണ് പറയുന്നത്. പത്താം ധനകാര്യ കമ്മീഷന്‍ ഉണ്ടായത് 1995 ലാണ്. കര്‍ണാടക സര്‍ക്കാര്‍ നടത്തിയത് വേറെ സമരമാണ്. പതിനാലാം ധനകാര്യ കമ്മീഷനിലും പതിനഞ്ചാം ധനകാര്യ കമ്മീഷനിലും ലഭിച്ച കുറവാണ് കര്‍ണാടക സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. അവിടെ 90 ശതമാനം ജില്ലകളിലും വരള്‍ച്ചയാണ്. വരള്‍ച്ചാ ദുരിതാശ്വാസം കിട്ടിയിട്ടില്ല.

എട്ടുമാസത്തിനിടെ തെരഞ്ഞെടുപ്പു വാഗ്ദാനമായ നാലു സുപ്രധാന പദ്ധതികളാണ് കര്‍ണാടക നടപ്പാക്കിയത്. ഇവിടെ അഞ്ചുമാസമായിട്ട് പെന്‍ഷന്‍ പോലും കൊടുത്തിട്ടില്ല. കരാറുകാര്‍ക്ക് പണം കൊടുക്കുന്നില്ല. വിതസന പ്രവര്‍ത്തനങ്ങളോ സാമൂഹ്യക്ഷേമ പരിപാടികളോ ഇല്ല. എന്നിട്ട് വീണ്ടും കടമെടുക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കടമെടുപ്പിന്റെ പരിധി ഉണ്ടാകരുതെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെടുന്നത്.

കടമെടുപ്പിന്റെ പരിധി കൂടി മാറ്റിയാല്‍ കേരളം എവിടെപ്പോയി നില്‍ക്കുമെന്ന് വിഡി സതീശന്‍ ചോദിച്ചു. രൂക്ഷമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനസര്‍ക്കാര്‍ കേരളത്തെ തള്ളിയിട്ടത്. 2020 ല്‍ പ്രതിപക്ഷം ഇറക്കിയ ധവളപത്രം, കഴിഞ്ഞ വര്‍ഷം ഇറക്കിയ ധവളപത്രം ഇതിലെല്ലാം കേരളത്തിനുണ്ടാകാന്‍ പോകുന്ന ദുരന്തം പ്രവചിച്ചിരുന്നു. ധനപ്രതിസന്ധിയെക്കുറിച്ച് നിയമസഭയ്ക്ക് അകത്തും പുറത്തും കൃത്യമായ ഓര്‍മ്മപ്പെടുത്തലുകളും, തിരുത്താനുള്ള ശ്രമങ്ങളും പ്രതിപക്ഷം നടത്തിയിട്ടുണ്ട്.

സര്‍ക്കാരിന് ക്രിയാത്മകമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. എന്നാല്‍ അതൊന്നും പരിഗണിക്കാതെ, എല്ലാ കുഴപ്പത്തിലേക്കും ചെന്നുചാടി നിലയില്ലാക്കയത്തിലേക്ക് കേരളം പോകുകയാണ്. എന്നിട്ട് തെരഞ്ഞെടുപ്പ് വരുന്നതിന്റെ തൊട്ടുമുമ്പ് പോയിട്ട് സമരം നടത്തുന്നു. അഞ്ചുകൊല്ലമായിട്ട് ധനകാര്യകമ്മീഷന്‍ പ്രവര്‍ത്തിച്ചു വരുന്നു. എന്തുകൊണ്ട് മുമ്പൊന്നും സമരം നടത്തിയില്ല. ഇപ്പോള്‍ നിവൃത്തിയില്ലാതായപ്പോള്‍, ജനങ്ങളെ കബളിപ്പിക്കാന്‍ നുണ ആയിരം വട്ടം ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുകയാണ്. അതാണ് ഇവരുടെ തന്ത്രമെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

കേന്ദ്രമന്ത്രി വി മുരളീധരന്‍ രാത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് ഒത്തുതീര്‍പ്പു നടത്തുന്നതിന്റെ ഇടനിലക്കാരനാണ്. കേന്ദ്രത്തിലെ സംഘപരിവാര്‍ നേതൃത്വത്തിന്റെയും കേരളത്തിലെ സിപിഎം നേതൃത്വത്തിലെയും ഒത്തുതീര്‍പ്പ് ഇടനിലക്കാരനാണ് മുരളീധരന്‍. ഞങ്ങള്‍ സര്‍ക്കാരുമായി ഏറ്റുമുട്ടിക്കൊണ്ടിരിക്കുകയാണ്. സര്‍ക്കാരിന്റെ തനിനിറം തുറന്നുകാട്ടുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ബിജെപിയാണ് സര്‍ക്കാരുമായി സന്ധി ചെയ്യുന്നത്. എല്ലാ കേസും വി മുരളീധരനാണ് ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതെന്നും വിഡി സതീശന്‍ ആരോപിച്ചു.