play-sharp-fill
വാഴവരയിലെ നാടൻപെൺകുട്ടി കേരളത്തെ വിറപ്പിച്ച കൊലപാതകിയായതെങ്ങനെ ….?

വാഴവരയിലെ നാടൻപെൺകുട്ടി കേരളത്തെ വിറപ്പിച്ച കൊലപാതകിയായതെങ്ങനെ ….?

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായിയിലെ ക്രൂരയായ കൊലയാളി പൊന്നാമറ്റം കുടുംബത്തിലെ മരുമകൾ ജോളി, ഇടുക്കി കട്ടപ്പന വാഴവരയിലെ നാട്ടുകാർക്ക് ഒരു നാടൻ പെൺകുട്ടിയാണ്. ആറ് കൊലപാതകങ്ങൾ നടത്തിയവളാണ് ജോളിയെന്ന് കേട്ടപ്പോൾ നാടൊന്നാകെ ഞെട്ടിയിരിക്കുകയാണ്. 1998ൽ ഭർത്താവ് റോയി തോമസിന്റെ കൈപിടിച്ച് താമരശ്ശേരി കൂടത്തായി പൊന്നാമറ്റം കുടുംബത്തിലേക്ക് പോകുന്നതുവരെ അവളെ ശരിക്കും അറിയുന്നവരാണ് ഈ നാട്ടുകാർ.
കാമാക്ഷി പഞ്ചായത്തിൽ വാഴവരയ്ക്ക് സമീപം മത്തായിപ്പടിയിലെ ചോറ്റയിൽ തറവാട്ടിലാണ് ജോളി വളർന്നത്. പിതാവ് കുഞ്ഞേട്ടൻ എന്നുവിളിക്കുന്ന ജോസഫിന് കൃഷിയും റേഷൻ കടയുമുണ്ട്. രണ്ട് റേഷൻ കടകൾ ജോസഫ് നടത്തിയിരുന്നു. മോശമല്ലാത്ത ചുറ്റുപാടിലായിരുന്നു ജോളി അന്നും ജീവിച്ചിരുന്നതെന്ന് നാട്ടുകാർ ഓർത്തെടുക്കുന്നു.

ഏലത്തോട്ടത്തിന് നടുവിലായിരുന്നു ചോറ്റയിൽ തറവാട്. വാഴമല സെന്റ് മേരീസ് സ്‌കൂളിലായിരുന്നു പത്താംക്‌ളാസുവരെയുള്ള പഠനം. വീട്ടിൽ നിന്ന് സുഹൃത്തുക്കളോടൊപ്പമാണ് ജോളി സ്‌കൂളിൽ പോയിരുന്നത്. അന്ന് പണത്തെക്കുറിച്ചുള്ള ചിന്തയൊന്നുമില്ലായിരുന്നു. സഹപാഠികളോടും നല്ല പെരുമാറ്റമായിരുന്നു. സ്‌കൂളിലെ മിടുക്കിയും എല്ലാവരുടെയും പ്രിയങ്കരിയുമായിരുന്നു ജോളി. പഠനത്തിൽ മാത്രമല്ല, സ്‌കൂളിലെ എല്ലാകാര്യങ്ങളിലും ജോളി അന്ന് മുന്നിൽ നിന്നിരുന്നുവെന്ന് അന്നത്തെ സഹപാഠികൾ ഓർക്കുന്നു. സഹപാഠികൾക്കാർക്കും ജോളി കൊലയാളിയാണെന്ന് വിശ്വസിക്കാനാവുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോസഫിന്റെ ആറുമക്കളിൽ അഞ്ചാമത്തെയാളാണ് ജോളി. മൂന്ന് സഹോദരന്മാരും രണ്ട് സഹോദരിമാരുമാണ് അവർക്ക്. ബിരുദപഠനത്തിനായി ജോളി പാലായിലേക്ക് മാറി. ബി.കോം ബിരുദധാരിയായ ജോളി പഠനം കഴിയുമ്പോഴേക്കും വിവാഹിതയുമായിരുന്നു. നാലുവർഷം മുമ്പ് ജോസഫും ഭാര്യയും കട്ടപ്പനയിലേക്ക് താമസം മാറി. ജോളിയുടെ ഇളയ സഹോദരനാണ് വാഴവരയിൽ ഇപ്പോൾ താമസിക്കുന്നത്. ഇവരുടെ ഏലംകൃഷിയൊക്കെ ഇന്നുമുണ്ട്. ഇവരെല്ലാം ഇപ്പോഴും നല്ലനിലയിൽ തന്നെയാണ് ജീവിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. പിന്നെ എവിടെയാണ് ജോളിക്ക് വഴിതെറ്റിയതെന്നാണ് ഇവരുടെ മനസിൽ ഉയരുന്ന ചോദ്യം.

വിവാഹം ചെയ്തതിന് ശേഷവും ജോളി നാട്ടിലെത്താറുണ്ടായിരുന്നു. രണ്ടുമാസം മുമ്പും അവർ അനുജനുമൊത്ത് വാഴവരയിലെ തറവാട്ട് വീട്ടിലും ഏലത്തോട്ടത്തിലുമെത്തിയതായി നാട്ടുകാർ പറയുന്നു. എന്നാൽ, ജോളിക്ക് എന്തെങ്കിലും ജോലിയുള്ളതായൊന്നും നാട്ടുകാർക്ക് അറിയില്ല. കൂടത്തായിയിലെ കൂട്ടക്കൊലയിൽ ജില്ലാ ക്രൈംബ്രാ!*!ഞ്ച് അന്വേഷണം ഇപ്പോൾ ഇടുക്കിയിലേക്കും നീളുകയാണ്. ജോളിയുടെ ബന്ധുക്കൾക്ക് ഇവരുടെ കുറ്റകൃത്യത്തെക്കുറിച്ച് എന്തെങ്കിലും സൂചന ലഭിച്ചിരുന്നോയെന്നാണ് അന്വേഷിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ തനിക്ക് അറിവില്ലെന്ന് പിതാവ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. മരണങ്ങളെ കുറിച്ചുള്ള മുഴുവൻ സത്യങ്ങളും പുറത്തു വരട്ടെയെന്നാണ് ജോളിയുടെ പിതാവ് ജോസഫ് ആദ്യംതന്നെ വ്യക്തമാക്കിയത്. ജോളിക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നെന്നും ജോസഫ് വ്യക്തമാക്കി. രണ്ടാഴ്ച മുമ്പും ജോളി കട്ടപ്പനയിൽ എത്തിയിരുന്നു. ജോളിയെ കുറിച്ചോ മരണങ്ങളെ കുറിച്ചോ സംശയങ്ങൾ ഉണ്ടായിരുന്നില്ലെന്നും ജോസഫ് വ്യക്തമാക്കുന്നു. ജോളിയെ തള്ളി സഹോദരങ്ങളും രംഗത്തെത്തിയിരുന്നു. പണം ആവശ്യപ്പെട്ട് ജോളി തങ്ങളെ വിളിക്കാറുണ്ടായിരുന്നുവെന്നാണ് ഇവർ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ജോളിയുടെ ധൂർത്ത് അറിയാവുന്നതിനാൽ മക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ഇട്ടുകൊടുക്കാറ്. അറസ്റ്റിലാകുന്നതിന് രണ്ടാഴ്ച മുമ്പ് വീട്ടിലെത്തിയപ്പോഴും പിതാവിൽ നിന്നും പണം വാങ്ങിയാണ് പോയത്. എത്ര കിട്ടിയാലും മതിയാവാത്ത ആർത്തികൊണ്ടാണ് ജോളിക്ക് പണം നല്കാതെ മക്കളുടെ അക്കൗണ്ടിലേക്ക് പണം അയച്ചിരുന്നത്. ഭർത്താവ് റോയിയുടെ മരണശേഷം ഒരിക്കൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ കുടുംബം പോയിരുന്നു. അന്ന് മരിച്ചുപോയ റോയിയുടെ പിതാവ് ടോം ജോസഫ് എഴുതിയ വിൽപ്പത്രം ജോളി തങ്ങളെ കാണിച്ചു. അതു വ്യാജമാണെന്ന് സംശയം തോന്നിയതിനാൽ ജോളിയോട് ഇക്കാര്യം ചൂണ്ടിക്കാട്ടി. എന്നാൽ തങ്ങളെയും എതിർക്കുകയായിരുന്നു. സ്വത്ത് തട്ടിപ്പിനെ കുറിച്ചോ കൊലപാതകങ്ങളെക്കുറിച്ചോ ഒന്നും അറിയില്ലെന്നും ജോളിയെ കേസിൽ സഹായിക്കാനോ പുറത്തിറക്കാനോ ശ്രമിക്കില്ലെന്നും സഹോദരങ്ങൾ പറയുന്നു.