8 വർഷത്തിനിടെ പെൺകുട്ടിക്ക് വിഷപാമ്പുകളുടെ കടിയേറ്റത് 12 തവണ; 3 തവണ അണലി, 4 തവണ മൂർഖൻ, 5 തവണ ശംഖുവരയൻ എന്നിവ കടിച്ചു; വിടാതെ തുടരുന്ന പാമ്പുകടിക്ക് പിന്നിലെ കാരണം പറഞ്ഞ് വാവ സുരേഷ്
സ്വന്തം ലേഖകൻ
കുറവിലങ്ങാട്: 8 വർഷത്തിനിടെ വിഷപാമ്പുകളുടെ കടി 12 തവണ ഏറ്റ് ജീവിതത്തിലേക്ക് അത്ഭുതകരമായി തിരിച്ചെത്തിയ ഒരു പെൺകുട്ടിയുണ്ട്. കുറവിലങ്ങാട് പഞ്ചായത്തിലെ കളത്തൂർ കണിയോടി ചിറക്കുഴിയിൽ സിബി – ഷൈനി ദമ്പതികളുടെ മകൾ ശ്രീക്കുട്ടിയാണ് പാമ്പിന്റെ കടിയിൽ നിന്ന് പലപ്പോഴായി ജീവിതത്തിലേക്ക് തിരികെ എത്തിയത്.
പലപ്പോഴും ഗുരുതരമായി ജീവിതത്തിനും മരണത്തിനും ഇടയിലൂടെ കടന്നു ശ്രീക്കുട്ടി കടന്നു പോയിട്ടുണ്ട്. കഴിഞ്ഞ ദിവസം കളത്തൂരിലെ വീട്ടിൽ എത്തിയ വാവ സുരേഷ് ഫെയ്സ്ബുക്കിൽ കുറിച്ച വരികളിൽ ശ്രീക്കുട്ടിയുടെ കഥയുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ചിലരുടെ ശരീരത്തിൽ പാമ്പുകൾക്ക് ഭക്ഷണം എന്ന് സെൻസ് ചെയ്യാൻ പറ്റുന്ന എന്തെങ്കിലും പ്രത്യേകത കാണും. അതാണ് ഇവർക്ക് ഇത്രയും പ്രാവശ്യം കടിക്കുന്നത്’. ഇക്കാര്യം ശരിയാണോ എന്നറിയാൻ ശാസ്ത്രീയ പരിശോധനകൾ വേണം. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘവുമായി എത്താമെന്നും സുരേഷ് ഉറപ്പു നൽകിയിട്ടുണ്ട്.
കളത്തൂർ കണിയോടി ഭാഗത്തു തോടിന്റെ കരയിലാണു സിബിയുടെ വീട്. പാമ്പുശല്യം കൂടുതലുള്ള മേഖലയാണിത്. 10 തവണയും പാമ്പ് കടിയേറ്റത് വീട്ടിലും പരിസരത്തും വച്ചാണ്. 2 തവണ പുറത്തു പോയപ്പോഴും. 2013ലാണ് ആദ്യമായി കടിയേറ്റത്. ഏറ്റവും ഒടുവിൽ കഴിഞ്ഞ തിങ്കളാഴ്ച കടിച്ചത് അണലി. വീട്ടിനുള്ളിൽ മുറിയിലേക്ക് ഇഴഞ്ഞു വന്ന പാമ്പ് കടിക്കുകയായിരുന്നു എന്നു ശ്രീക്കുട്ടി പറയുന്നു.
അതിന്റെ ചികിത്സയിലാണ് ഇപ്പോൾ. 2013 മുതൽ കഴിഞ്ഞ ദിവസം വരെ 3 തവണ അണലിയും 4 തവണ മൂർഖനും 5 തവണ ശംഖുവരയനും കടിച്ചു. കടിയേറ്റാൽ ഉടൻ ആശുപത്രിയിൽ പോകും. ചിലപ്പോൾ ദിവസങ്ങൾ നീളുന്ന ചികിത്സ.
വീട്ടിൽ അച്ഛൻ സിബി, അമ്മ ഷൈനി, സഹോദരി സ്വപ്ന മോൾ എന്നിവരാണുള്ളത്. പക്ഷേ ഇവരിൽ ആരെയും ഇതുവരെ പാമ്പു കടിച്ചിട്ടില്ല. 12 തവണ കടിയേറ്റെങ്കിലും പേടിയില്ല. പഠിച്ചു മുന്നേറും. ദുരിതങ്ങൾ ഏറെയുണ്ടെങ്കിലും ഓടിപ്പോകാൻ തയാറല്ല. സുരക്ഷിതമായി താമസിക്കാൻ നല്ലൊരു വീട് വേണം- ബിരുദവും ബിഎഡും കഴിഞ്ഞു എൽഎൽബിക്കു പഠിക്കുന്ന ശ്രീക്കുട്ടി പറയുന്നു.