പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും പിഴയും; ശിക്ഷിച്ചത് വൈക്കം സ്വദേശി ലങ്കോയെ

പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും പിഴയും; ശിക്ഷിച്ചത് വൈക്കം സ്വദേശി ലങ്കോയെ

Spread the love

സ്വന്തം ലേഖകൻ

വൈക്കം: പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസറെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയ്ക്ക് 20 വർഷം തടവും മുക്കാൽ ലക്ഷം രൂപ പിഴയും. വൈക്കം സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ റെജിമോനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി ഉല്ലല ഓണിശേരി ലക്ഷംവീട് കോളനിയിൽ അഖിലി(ലെങ്കോ-32)നെയാണ് അഡീഷണൽ സെൻഷൻസ് കോടതി ജഡ്ജി ജോൺസൺ ജോൺ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായി 20 വർഷം തടവ് അനുഭവിക്കണം.

2019 ഒക്ടോബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മറ്റൊരു വധശ്രമക്കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ലെങ്കോയെ പിടികൂടുന്നതിനായാണ് വൈക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ പ്രതി വീട്ടിൽ നിന്നും ഓടി രക്ഷപെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ ഓടിയെത്തിയ പൊലീസുകാരിൽ റെജിമോനെ മരക്കമ്പ് ഉപയോഗിച്ച് ആക്രമിച്ച പ്രതി, പാടത്തേയ്ക്കു തള്ളിയിട്ട് ശരീരത്തിൽ കയറിയിരുന്ന് ആക്രമിക്കുകയായിരുന്നു. തുടർന്നു വൈക്കം എസ്.ഐയും സംഘവും ബലം പ്രയോഗിച്ച് പ്രതിയെ പിടിച്ചുമാറ്റിയാണ് റെജിമോന്റെ ജീവൻ രക്ഷിച്ചത്. തുടർന്നു, പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

ലെങ്കോയ്‌ക്കെതിരെ വിവിധ സ്‌റ്റേഷനുകളിലായി കൊലപാതകം, കൊലപാതകശ്രമം, മോഷണം തുടങ്ങിയ വിവിധ വകുപ്പുകളിലായി 26 ഓളം കേസുകൾ നിലവിലുണ്ട്. പ്രതിയ്‌ക്കെതിരെ 294 ബി, 324, 333, 332 , 506 (2) എന്നീ വകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

വൈക്കം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.പ്രദീപാണ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തെളിവിനായി 15 സാക്ഷികളെ വിസ്തരിക്കുകയും, 19 പ്രമാണങ്ങളും, നാല് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ജിതേഷ് കോടതിയിൽ ഹാജരായി.