play-sharp-fill
വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.സി.സി അംഗം കാവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു ; മണ്ഡലത്തിലെ യു.ഡി. എഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എ.ഐ.സി.സി അംഗം കാവല്ലൂർ മധു കുഴഞ്ഞുവീണ് മരിച്ചു ; മണ്ഡലത്തിലെ യു.ഡി. എഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു

 

സ്വന്തം ലേഖിക

തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിനിടെ എ.ഐ.സി.സി അംഗവും തിരുവനന്തപുരം ഡി.സി.സി വൈസ് പ്രസിഡന്റുമായ കാവല്ലൂർ മധു (63) കുഴഞ്ഞുവീണ് മരിച്ചു. ഇതേത്തുടർന്ന് വട്ടിയൂർക്കാവ് മണ്ഡലത്തിലെ യുഡിഎഫിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിന് വേണ്ടി പ്രചാരണം നടത്തുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മരണത്തിന് തൊട്ട് മുമ്പ് വരെ വട്ടിയൂർക്കാവ് മണ്ഡലത്തിലെ 110-ാം നമ്പർ ബൂത്തിൽ പ്രചാരണ പ്രവർത്തനങ്ങളിലും ഭവനസന്ദർശനത്തിലും സജീവമായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. മൃതദേഹം  തിങ്കളാഴ്ച്ച രാവിലെ ഒമ്പതിന് മൃതദേഹം ഡിസിസിയിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്‌കാരം 10 മണിയ്ക്ക് ശാന്തി കവാടത്തിൽ. കാവല്ലൂർ മധുവിന്റെ മരണത്തിൽ അനുശോചിച്ചു തിങ്കളാഴ്ച്ച  രാവിലെ 10.30 വരെ യുഡിഎഫ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ പ്രചാരണ പരിപാടികൾ നിർത്തിവച്ചതായി ഇലക്ഷൻ കമ്മിറ്റി ചെയർമാൻ ഡി.സുദർശനൻ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാവല്ലൂർ മധുവിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഗാധമായ ദുഖം രേഖപ്പെടുത്തി. കെ എസ് യു കാലം മുതൽ തന്റെ അടുത്ത സഹപ്രവർത്തകനും സുഹൃത്തുമായിരുന്നു കാവല്ലൂർ മധുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അടുപ്പമുള്ള എല്ലാവർക്കും വളരെ നല്ല ഓർമകൾ മാത്രമെ മധുവിനെക്കുറിച്ചുണ്ടാകു. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനും പ്രത്യയശാസ്ത്രത്തിനും വേണ്ടി അവസാന നിമിഷം വരെ പ്രവർത്തിച്ച് വിടവാങ്ങാൻ അപൂർവ്വം പേർക്കെ കഴിഞ്ഞിട്ടുള്ളു. വ്യക്തിപരമായും, കോൺഗ്രസ് പ്രസ്ഥാനത്തിന് പൊതുവെയും മധുവിന്റെ നിര്യാണം കനത്ത നഷ്ടമാണെന്നും അദ്ദേഹത്തിന്റെ ചൈതന്യവത്തായ ഓർമകൾ എന്നും നമ്മുടെ കർമ പഥങ്ങളിൽ കരുത്തായി നിലകൊള്ളുമെന്നും മേശ് ചെന്നിത്തല അനുശോചന സന്ദേശത്തിൽ പറഞ്ഞു.

മരണ വാർത്തയറിഞ്ഞ് ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ എത്തി മുതിർന്ന നേതാവ് എ.കെ ആന്റണി അന്തിമോപചാരമർപ്പിച്ചു. കാവല്ലൂർ മധുവിന്റെ കുടുംബാഗങ്ങളെ നേരിൽക്കണ്ടും അദ്ദേഹം അനുശോചനം അറിയിച്ചു.

കാവല്ലൂർ മധുവിന്റെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു. അവസാനശ്വാസം വരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച കാവല്ലൂർ മധുവിന്റെ ജീവിതം ഓരോ പൊതുപ്രവർത്തകനും മാതൃകയാണ്. പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യനീതിക്കായി അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.കാവല്ലൂർ മധുവിന്റെ നിര്യാണം കോൺഗ്രസ് പാർട്ടിക്ക് ഒരു വലിയ നഷ്ടമാണെന്നും മുല്ലപ്പള്ളി പറഞ്ഞു