play-sharp-fill
കൊടുംങ്കാറ്റിലും പ്രളയത്തിലും രക്ഷകനായ വസിഷ്ഠ് ഓര്‍മയായി

കൊടുംങ്കാറ്റിലും പ്രളയത്തിലും രക്ഷകനായ വസിഷ്ഠ് ഓര്‍മയായി

സ്വന്തം ലേഖകന്‍

തിരുവനന്തപുരം:കൊടുങ്കാറ്റിലും പ്രളയത്തിലും കേരളത്തിന്റെ രക്ഷയ്ക്ക് പറന്നെത്തിയ സ്‌ക്വാഡ്രണ്‍ ലീഡര്‍ സിദ്ധാര്‍ത്ഥ് വസിഷ്ഠ് (31) ഇനി ഓര്‍മ്മയിലെ കണ്ണീര്‍ത്തുള്ളി. ഇന്ത്യ- പാക് സംഘര്‍ഷത്തിനിടെ കാശ്മീരിലെ ബദ്ഗാമില്‍ തകര്‍ന്നുവീണ എം.ഐ-17 വി-5 ഹെലികോപ്ടറിന്റെ പ്രധാന പൈലറ്റായിരുന്നു വസിഷ്ഠ്.

കഴിഞ്ഞ ആഗസ്റ്റിലെ മഹാപ്രളയത്തിലകപ്പെട്ട അകപ്പെട്ട നിരവധി പേരെ സുരക്ഷിതമായി എയര്‍ലിഫ്റ്റ് ചെയ്തതിന് സംസ്ഥാന സര്‍ക്കാരിന്റെയും വ്യോമസേനയുടെയും ആദരവ് ഏറ്റുവാങ്ങിയതിനു പിന്നാലെയാണ് കേരളത്തെ നോവിച്ച് വസിഷ്ഠ് യാത്രയായത്. വസിഷ്ഠിന്റെ മികവ് കേരളം ആദ്യമറിഞ്ഞത് 2017ഡിസംബറില്‍ ഓഖി ചുഴലി വീശിയടിച്ചപ്പോഴായിരുന്നു. കടലില്‍, തകര്‍ന്ന ബോട്ടുകളുടെ അവശിഷ്ടങ്ങളിലും കന്നാസുകളിലും പിടിച്ചുകിടന്ന നൂറോളം മത്സ്യത്തൊഴിലാളികളെ ജീവന്റെ തുരുത്തിലേക്ക് കൈപിടിച്ചുകയറ്റിയ സേനാദൗത്യത്തിന്റെ ഭാഗമായാണ് കോയമ്പത്തൂര്‍ സുളൂര്‍ എയര്‍ബേസില്‍ നിന്ന് വസിഷ്ഠ് തിരുവനന്തപുരത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിംഗ് കമാന്‍ഡര്‍ ആദിത്യ സിംഗിനൊപ്പം ധ്രുവ് ഹെലികോപ്ടറില്‍ താഴ്ന്നുപറന്നായിരുന്നു രക്ഷാദൗത്യം. ഒഴുകിനടക്കുന്ന ബോട്ടുകളെക്കുറിച്ചും കടലില്‍ രക്ഷാകരം കാത്തു കിടക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങള്‍ കണ്‍ട്രോള്‍ റൂമിനു കൈമാറി. ധ്രുവ് ഹെലികോപ്ടര്‍ നല്‍കിയ വിവരമനുസിച്ച് സേനാ കപ്പലുകളെത്തി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രക്ഷുബ്ധ കാലാവസ്ഥയിലും വസിഷ്ഠിന്റെ സംഘം തുടര്‍ച്ചയായി കടലില്‍ നിരീക്ഷണം നടത്തി, നിരവധി പേരെ എയര്‍ലിഫ്റ്റ് നടത്തി.

പിന്നീട് മഹാപ്രളയത്തില്‍ മുങ്ങിപ്പോയ ജില്ലകളില്‍ ‘ഓപ്പറേഷന്‍ കരുണ’ സേനാ ദൗത്യത്തിന്റെ ഭാഗമായി വസിഷ്ഠ് വീണ്ടും കേരളത്തിലെത്തി. പത്തനംതിട്ട, എറണാകുളം, തൃശൂര്‍ ജില്ലകളിലായിരുന്നു ദൗത്യം. നിരവധി പേരെ മരണത്തില്‍ നിന്ന് രക്ഷയിലേക്ക് പിടിച്ചുകയറ്റിയ സംഘം ടണ്‍കണക്കിന് ഭക്ഷണവും അവശ്യവസ്തുക്കളും ദുരിതബാധിതര്‍ക്ക് എത്തിച്ചു. കേരളത്തിലെ സ്ത്യുത്യര്‍ഹ സേവനത്തിന് ജനുവരി 26ന് വ്യോമസേന വസിഷ്ഠിനെ ആദരിച്ചിരുന്നു.

നാലു തലമുറകള്‍ നീളുന്ന സൈനിക സേവനത്തിന്റെ ധീരചരിത്രമുണ്ട്, വസിഷ്ഠിന്റെ കുടുംബത്തിന്. ഭാര്യ ആരതിയും വ്യോമസേനയില്‍ സ്‌ക്വാഡ്രണ്‍ ലീഡറാണ്. ഫൈറ്റര്‍ പൈലറ്റ് ആയിരുന്ന അമ്മാവന്‍ വിനീത് ഭരദ്വാജിനെ പിന്തുടര്‍ന്നാണ് വസിഷ്ഠ് 2010- ല്‍ വ്യോമസേനയില്‍ ചേര്‍ന്നത്. 2002 ഫെബ്രുവരിയില്‍ മിഗ്-21 വിമാനം തകര്‍ന്ന് വിനീത് മരിച്ചു. വസിഷ്ഠിന്റെ പിതാവ് ജഗദീഷ് കരസേനാ ഉദ്യോഗസ്ഥനായിരുന്നു. രണ്ടു വയസുകാരന്‍ അംഗദ് ആണ് മകന്‍. കോയമ്പത്തൂര്‍ സുളൂറിലെ വ്യോമസേനാ ബേസിലായിരുന്ന വസിഷ്ഠിനും ആരതിക്കും അടുത്തിടെയാണ് ശ്രീനഗറിലേക്ക് മാറ്റമായത്.