നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ സാക്ഷിയായി വിസ്തരിച്ചു: മറ്റ് സാക്ഷികളായ സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവർ കോടതിയിലെത്തി
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ മഞ്ജു വാര്യരെ
സാക്ഷിയായി വിസ്തരിച്ചു. കേസിലെ 11 ാം സാക്ഷിയാണ് മഞ്ജു. എറണാകുളം സെഷൻസ് കോടതിയിലാണ് മഞ്ജു വാര്യറുടെ വിസ്താരം നടന്നത്. പ്രതി ദിലീപും മറ്റ് സാക്ഷികളായ സിദ്ദീഖ്, ബിന്ദു പണിക്കർ എന്നിവരും കോടതിയിലെത്തിയിരുന്നു.
നടിക്ക് നേരെ ആക്രമണം നടന്നതിനെ തുടർന്ന് എറണാകുളത്ത് നടന്ന പ്രതിഷേധ യോഗത്തിൽ പങ്കെടുത്ത മഞ്ജു, സംഭവത്തിന് പിന്നിൽ ക്രിമിനൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പര്യസമായി പ്രതികരിച്ചിരുന്നു. കേസിൽ ദിലീപിനെ പ്രതി ചേർത്തതോടെ ആക്രമിക്കപ്പെട്ട നടിയോട് അദ്ദേഹത്തിന് വിരോധമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പൊലീസ്, മഞ്ജുവിനെ മുഖ്യ സാക്ഷിയാക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2015 ജനുവരി 31ന് മഞ്ജു-ദിലീപ് വിവാഹമോചന ഹരജി തീർപ്പാക്കിയ ഇതേ കോടതിയിൽ തന്നെയാണ് ദിലീപ് പ്രതിയായ കേസിൽ സാക്ഷിയായി മഞ്ജു എത്തിയത്. കലൂരിൽ പ്രവർത്തിച്ചിരുന്ന കുടുംബ കോടതി പിന്നീട് മഹാരാജാസ് കോളജിന് സമീപം പുതിയ കോടതി സമുച്ചയത്തിലേക്ക് മാറ്റി.
ഇതോടെ കുടുംബ കോടതി പ്രവർത്തിച്ച മുറി എറണാകുളം പ്രത്യേക സി.ബി.ഐ കോടതിയായി. നടിയെ അക്രമിച്ച കേസിന്റെ വിചാരണ സെഷൻസ് കോടതിയിലാണ് പുരോഗമിക്കുന്നത്. എന്നാൽ, വനിതാ ജഡ്ജിയുള്ള കോടതി വേണമെന്ന് ഇരയായ നടി ആവശ്യമുന്നയിച്ചതിനെ തുടർന്നാണ് കേസ് സി.ബി.ഐ കോടതിയിലെ വനിതാ ജഡ്ജിക്ക് മുന്നിൽ നടന്നത്.