play-sharp-fill
സഭാ തർക്കം: പത്ത് ദിവസമായിട്ടും വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനാകെ ബന്ധുക്കൾ

സഭാ തർക്കം: പത്ത് ദിവസമായിട്ടും വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനാകെ ബന്ധുക്കൾ

സ്വന്തം ലേഖകൻ

കായംകുളം: സഭാ തർക്കംമൂലം പത്തുദിവസം കഴിഞ്ഞിട്ടും വൈദികന്റെ മൃതദേഹം സംസ്‌കരിക്കാനാവാതെ ബന്ധുക്കൾ. കറ്റാനം കട്ടച്ചിറ പള്ളിക്കലേത്ത്‌
വർഗീസ് മാത്യുവിന്റെ(മാത്തുക്കുട്ടി-95) മൃതദേഹമാണ് പത്തുദിവസങ്ങളായി സംസ്‌കരിക്കാനാവാതെ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത്. യാക്കോബായ സഭയുടെ വൈദികനായ കൊച്ചുമകനെ സഭാവേഷത്തിൽ ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമുള്ള പള്ളിയിൽ കയറ്റില്ലെന്ന പിടിവാശിയാണ് സംസ്‌കാരം നീണ്ടുപോകാൻ കാരണം.
കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് മാത്തുക്കുട്ടി മരിച്ചത്. യാക്കോബായ അംഗമായ ഇദ്ദേഹത്തിന്റെ ഇടവക കട്ടച്ചിറ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയാണ്. സഭ തർക്കത്തെ തുടർന്ന് പള്ളിയുടെ ഉടമാവകാശം ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകി സുപ്രീംകോടതി ഉത്തരവായിരുന്നു.
എന്നാൽ വിധി നടത്തിപ്പിൽ വ്യക്തതയില്ലാത്തതിനാൽ പള്ളി ഇരുപക്ഷത്തിനും നൽകാതെ ജില്ല ഭരണകൂടം ഏറ്റെടുത്തിരിക്കുകയാണ്. പക്ഷേ പള്ളിയുടെ താക്കോൽ യാക്കോബായക്കാരനായ ട്രസ്റ്റിയിൽനിന്ന് ജില്ല ഭരണകൂടം തിരിച്ചു വാങ്ങിയിട്ടുമില്ല.
കൂടാതെ പള്ളിയിലെ ഇടവകയിലെ സംസ്‌കാരച്ചടങ്ങുകളെ സംബന്ധിച്ച് കോടതി കൃത്യമായ നിർവചനം നൽകാതിരുന്നതും പ്രശ്‌നം രൂക്ഷമാക്കി. യാക്കോബായ വിഭാഗക്കാർ മരിച്ചാൽ പള്ളിയിൽ ശുശ്രൂഷ അനുവദിക്കുന്നില്ല. പള്ളിക്കുസമീപമുള്ള കുരിശിനു മുന്നിൽവച്ചാണ് ശുശ്രൂഷ. തുടർന്ന് സെമിത്തേരിയിലേക്ക് കൊണ്ടു പോകും. എന്നാൽ അവിടെയും അടുത്ത ബന്ധുക്കൾക്ക് മാത്രമാണ് പ്രവേശനമുള്ളൂ.ഇങ്ങനെയാണ് രണ്ട് സംസ്‌കാരച്ചടങ്ങുകൾ വിധി വന്ന ശേഷം നടത്തിയത്.
കുരിശിലെ ശുശ്രൂഷക്കുശേഷം മരിച്ച മാത്തുക്കുട്ടിയുടെ കൊച്ചുമകൻ ഫാ ജോർജി ജോണിനെ സഭവേഷത്തോടെ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് പ്രശ്‌നം തുടങ്ങുന്നത്. ആവശ്യം ഓർത്തോഡോക്‌സ് വിഭാഗം അംഗീകരിച്ചില്ല. ഓർത്തഡോക്‌സ് നിലപാടിനെ ജില്ല ഭരണകൂടവും പിന്തുണച്ചതോടെ യാക്കോബായ പക്ഷം പ്രതിരോധത്തിലായി.
ഒത്തു തീർപ്പായില്ലെങ്കിലും സംസ്‌കാരം വ്യാഴാഴ്ച നടത്താനായിരുന്നു കുടുംബം തീരുമാനിച്ചത്. എന്നാൽ പള്ളിയിലേക്ക് കൊണ്ടുവന്ന മൃതദേഹം പള്ളിക്ക് സമീപം പോലീസ് തടയുകയായിരുന്നു. രാവിലെ 11ന് റോഡരികിൽ ഇറക്കിവച്ച മൃതദേഹം രാത്രി 7.30ക്കാണ് വീട്ടിലേക്ക് തിരിച്ച് കൊണ്ടു പോകേണ്ടി വന്നു. ഒരു മൃതദേഹം ഇത്ര സമയം റോഡ് അരികിൽ ഇരുന്നിട്ടും വിഷയത്തിൽ രാഷ്ട്രീയക്കാരോ ഭരണകൂടമോ ആരും സഹായിച്ചില്ലെന്ന് യാക്കോബായ നേതൃത്വം പറഞ്ഞു.
അപ്പച്ചന്റെ അന്ത്യ അഭിലാഷമായിരുന്നു സഭാവേഷത്തോടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കണമെന്നത്. അത് നടപ്പാക്കാതിരിക്കാൻ തനിക്ക് കഴിയില്ലെന്നും ഫാ ജോർജി ജോൺ പറഞ്ഞു.