വാരാപ്പുഴ കേസിൽ സസ്പെൻഷനിലുള്ള എസ്.പിയെ ഡി.ഐ.ജി ആക്കാൻ ശുപാർശ
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസുമായി ബന്ധപ്പെട്ടു സസ്പെൻഷനിലുള്ള എസ്പി എ.വി. ജോർജിന് ഡിഐജിയായി സ്ഥാനക്കയറ്റം നൽകണമെന്ന് വകുപ്പുതല ശുപാർശ മന്ത്രിസഭയുടെ പരിഗണനയ്ക്കു വന്നു. എന്നാൽ മന്ത്രിമാരുടെ എതിർപ്പിനെ തുടർന്ന് ഫയൽ മടക്കി. തുടർന്ന് എസ്പി എസ്. സുരേന്ദ്രന് ഡിഐജിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. 2005 ബാച്ചിലെ കൺഫേഡ് ഐപിഎസ് ഉദ്യോഗസ്ഥരായ എസ്. സുരേന്ദ്രൻ, എ.വി. ജോർജ് എന്നിവരുടെ സ്ഥാനക്കയറ്റ ഫയലാണ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിയത്. സംസ്ഥാന പോലീസ് മേധാവി അടങ്ങിയ വകുപ്പുതല സ്ഥാനക്കയറ്റ സമിതിയാണ് സസ്പെൻഷനിലുള്ള എ.വി. ജോർജിനു സ്ഥാനക്കയറ്റം നൽകാൻ ശിപാർശ നൽകിയത്. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മേൽനോട്ടത്തിലും അന്വേഷണത്തിലും വീഴ്ച വരുത്തിയതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു എ.വി.ജോർജ് സസ്പെൻഷനിലായത്. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ അന്നത്തെ എറണാകുളം റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ സംഭവം വിവാദമായതിനെ തുടർന്നു പോലീസ് അക്കാദമിയിലേക്കു സ്ഥലംമാറ്റിയിരുന്നു.