play-sharp-fill
കമ്പകക്കാനം കൂട്ടക്കൊല: ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു; പിടിക്കപ്പെടാതിരിക്കാൻ കോഴിയെ വെട്ടി പൂജ നടത്തി

കമ്പകക്കാനം കൂട്ടക്കൊല: ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു; പിടിക്കപ്പെടാതിരിക്കാൻ കോഴിയെ വെട്ടി പൂജ നടത്തി

സ്വന്തം ലേഖകൻ

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊല ആറു മാസത്തെ ആസൂത്രണം വിജയം കണ്ടു. ആറുമാസത്തെ പ്ലാനിങ് വിജയകരമായി പൂർത്തീകരിച്ചതിന്റെ സന്തോഷം മനസ്സിലുണ്ടായിരുന്നെങ്കിലും പിടിക്കപ്പെടുമോ എന്ന ആശങ്ക അനീഷിനെ വല്ലാതെ അലട്ടിയിരുന്നു. ഇതേത്തുടർന്ന് കൃത്യം നടന്നതിന്റെ അഞ്ചാം ദിവസം അടിമാലിയിലെ വീട്ടിൽ കോഴിയെ വെട്ടി പൂജ നടത്തുകയും ചെയ്തു. കമ്പകക്കാനത്തെ കൂട്ടക്കൊലക്കേസിലെ പ്രതികളായ അടിമാലി സ്വദേശി അനീഷ്,തൊടുപുഴ കാരിക്കോട് ലിസ്സിഭവനിൽ ലിബീഷ് (28)എന്നിവരുടെ ആദ്യദിവസത്തെ ക്രിയകളെ ക്കുറിച്ചുള്ള പൊലീസ് വിവരണം ഇങ്ങനെ.രാത്രി എട്ടരയോടെ വീട്ടിൽ നിന്ന് ബുള്ളറ്റിന്റെ സ്റ്റമ്പുകളും എടുത്ത് ഇറങ്ങി. ഇടയ്ക്ക് സമയം കളയാൻ മൂലമറ്റം പുഴയിൽ ചൂണ്ടയിട്ടു. 12.30 ഓടെ ബൈക്കിൽ കമ്പകക്കാനെത്തി. വീട്ടിലെ വൈദ്യൂതി ബന്ധം വിച്ഛേദിച്ച ശേഷം തന്ത്രത്തിൽ കൃഷ്ണനെ പുറത്തെത്തിച്ച് ,അടിച്ചുവീഴ്ത്തി. പിന്നാലെ ഭാര്യ സുശീല, മകൾ ആർഷ, മകൻ അർജ്ജുൻ എന്നീ ക്രമത്തിൽ വെട്ടിയും കുത്തിയും വീഴ്ത്തി. ഇതിന് ശേഷം മുറ്റത്ത് കിടന്നിരുന്ന കൃഷണന്റെ ശരീരം മുറിയിലെ ഹാളിൽ കൊണ്ടുവന്നിട്ടു. തുടർന്ന് വെങ്ങല്ലൂരിലെത്തി പുഴയിൽ കുളിച്ചു. പിന്നെ വീടുകളിൽ പോയി ഭാര്യമാർക്കൊപ്പം സുഖമായി ഉറങ്ങി. ശവം മറവുചെയ്തില്ലെങ്കിൽ പിടക്കപ്പെടുമെന്നുള്ള ഭീതിയിൽ രണ്ടാം ദിവസം രാത്രിയിൽ വീട്ടിലെത്തിയപ്പോൾ കണ്ടത് ഞരങ്ങിയും മൂളിയും മുറിക്കുള്ളിൽ തലകുമ്പിട്ടിരിക്കുന്ന അർജ്ജുനെയാണ്. തപ്പിയപ്പോൾ കിട്ടിയ ആയുധം സാമാന്യം വലിപ്പമുള്ള ചുറ്റികയായിരുന്നു. ഒട്ടുംമടിക്കാതെ അനീഷ് ചുറ്റിക കൊണ്ട് പകുതി ജീവനുണ്ടായിരുന്ന ആ യുവാവിന്റെ തല ഇടിച്ചുപൊളിച്ചു. തുടർന്ന് ആട്ടിൻകൂടിനടിയിൽ സൂക്ഷിച്ചിരുന്ന തൂമ്പ കൊണ്ട് കുഴിതീർത്തു.


ഇതിന് പിന്നാലെ അടിച്ചുവീഴ്ത്തിയവരുടെ ദേഹത്തുനിന്നും ആഭരണങ്ങൾ ഊരിയെടുത്തു. വീടുമുഴവൻ പരതിയപ്പോൾ മൂവായിരത്തിൽ പരം രൂപയും കിട്ടി.തുടർന്ന് ആദ്യം കൃഷ്ണൻ,പന്നീട് സുശീല,ആർഷ ,അർജ്ജുൻ എന്നീക്രമത്തിൽ ശരീരങ്ങൾ കുഴിയിലിട്ട് മൂടി. തിരിച്ചെത്തി മുറികൾ കഴുകി, കുളിച്ച് വീടുകളിലേക്ക് മടങ്ങി. കൃത്യത്തിന്റെ തെളിവ് ഒന്നുപോലും അവശേഷിക്കാതെ നശിപ്പിക്കുക എന്ന ലക്ഷ്യത്തിൽ വീട് ഒന്നുകൂടി വിശദമായി കഴുകി വൃത്തിയാക്കണമെന്ന് പറഞ്ഞ് ലീബിഷ് മൂന്നാം ദിവസം രാത്രി അടിമാലിയിൽ എത്തിയെങ്കിലും അനീഷ് നിരുത്സാഹപ്പെടുത്തിയത് മൂലം തിരിച്ചുപോയി. വീടിന്റെ പിൻഭാഗത്താണ് കൃഷ്ണൻ ആട്ടിൻകൂട് സ്ഥാപിച്ചിരുന്നത്. മക്കളെ സ്‌നേഹിക്കുന്നതുപോലെയാണ് ഇയാൾ ആടുകളെ സ്‌നേഹിച്ചിരുന്നതെന്ന് അനീഷ് മനസ്സിലാക്കിയിരുന്നു.അതുകൊണ്ടുതന്നെ കൃഷ്ണനെ പുറത്തെത്തിക്കാൻ അനീഷ് കരുവാക്കിയതും ഈ മിണ്ടാപ്രാണികളെയായിരുന്നു. സ്റ്റമ്പുകൊണ്ട് ആദ്യപ്രഹരം ഏൽക്കേണ്ടിവന്നത് ആടുകൾക്കായിരുന്നു. ഇവ നിലവിളിക്കുന്നത് കേട്ട് കൃഷ്ണൻ പിൻവശത്തെ വാതിൽ വഴി പുറത്തെത്തിയപ്പോൾ തലയ്ക്കിട്ട് അടി കൊടുത്തതോടെ കൃഷ്ണൻ നിമഷങ്ങൾ കൊണ്ട് തറപറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബൈക്കിന്റെ സ്റ്റമ്പിന് പുറമേ വാക്കത്തി, കഠാര,ചുറ്റിക എന്നിവയാണ് ആക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളതെന്നാണ് പൊലീസ് കണ്ടെത്തൽ. കഠാരയും ചുറ്റികയും ബുധനാഴ്ച പൊലീസ് കണ്ടെടുത്തിരുന്നു. ഈമാസം 1-ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ അരും കൊല പുറം ലോകമറിയുന്നത്. വീടിനുള്ളിൽ രക്തക്കറ കണ്ടെത്തുകയും ആട്ടിൻകൂടിന് താഴെ കുഴിയെടുത്ത് എന്തോ മൂടിയതായി കാണപ്പെടുകയും ചെയതതോടെ സഹോദരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് മണ്ണുമാറ്റി പരിശോധിച്ചപ്പോഴാണ് നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.

 

ഇപ്പോൾ ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. മാതാവിനെ ആക്രമിക്കുന്നത് കണ്ട് ഇറങ്ങിവന്ന ആർഷ അനീഷിനെ കമ്പിവടികൊണ്ട് നേരിട്ടുവെന്നും ഇയാൾക്ക് തലയ്ക്ക് അടിയേറ്റെന്നും തുടർന്നു നടന്ന പിടിവലിക്കിടയിൽ ഇയാളുടെ കൈയിലെ ചെറുവിരലിൽ പെൺകുട്ടി കടിച്ചെന്നും ഇതേത്തുടർന്ന് നഖം അടക്കം പൊളിഞ്ഞുപോയി എന്നും പൊലീസ് വിശദമാക്കിയിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രികളിൽ ചികത്സ തേടിയതായി ഇതുവരെ അറിവ് ലഭിച്ചിട്ടില്ലന്നും വാർത്താസമ്മേളനത്തിൽ ഇടുക്കി എസ്പി കെ ബി വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.

നാലുവർഷത്തോളം കൃഷ്ണന്റെ ശിഷ്യനായി നിന്ന് മന്ത്ര-തന്ത്രങ്ങൾ പഠിച്ച അനീഷ് ഇടക്കാലത്ത് സ്വന്തം നിലയിലും ആഭിചാര പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇത് ഫലിക്കാതെ വന്നതോടെ കാരണം തിരക്കി മറ്റൊരു ജോത്സ്യനെ കണ്ടു. ഈ അവസരത്തിൽ കൃഷ്ണൻ മൂലമാണ് മന്ത്ര ശക്തി ഇല്ലാതായത് എന്ന് താൻ തിരിച്ചറിഞ്ഞെന്നും തുടർന്ന് കൃഷ്ണനെ വകവരുത്താൻ തീരുമാനിച്ചു എന്നുമാണ് അനീഷ് വെളിപ്പെടുത്തിയത്. വർഷങ്ങൾക്ക് മുമ്പ് ബൈക്ക് ഷോറുമിൽ ഒരുമിച്ച് ജോലിചെയ്തിരുന്നെന്നും ഈ പരിചയത്തിൽ, കിട്ടുന്നതിന്റെ പാതി തുക നൽകണമെന്ന വ്യവസ്ഥയിലാണ് താൻ കൃത്യത്തിൽ പങ്കാളിയായതെന്നും ലിബീഷ് സമ്മതിച്ചിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.കൃഷ്ണന്റെ മാന്ത്രിക ശക്തി തന്നിലേക്ക് ആവാഹിക്കാനാണ് അനീഷ് കൊലയ്ക്ക് കർമ്മപദ്ധതി ആസൂത്രണം ചെയ്തതെന്നും ഇതിന്റെ ഭാഗമായി അടിച്ചുവീഴ്ത്തിയ ഉടൻ കൃഷ്ണന്റെ ദേഹത്തുണ്ടായിയിരുന്ന ഏലസ്സ് അനീഷ് വലിച്ചുപൊട്ടിച്ച് ദൂരെ ഏറിഞ്ഞെന്നും ഇത് വീടിന്റെ പിന്നിൽ നിന്നും കണ്ടെടുത്തെന്നും എസ്പി അറിയിച്ചു.

കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഇവർ ആക്രമിച്ചത് അർജ്ജുനെയായിരുന്നെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ നിന്നും വ്യക്തമായിരുന്നു. 17 മുറിവുകൾ ശരീരത്തിൽ കണ്ടെത്തിയിരുന്നു. കുടൽ മാല പുറത്തുവന്ന നിലയിലുമായിരുന്നു. കൃഷ്ണനെയും അർജ്ജുനെയും ജീവനോടെയാണ് കുഴിച്ചിട്ടതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ലിബീഷിനും അനീഷിനും പറയത്തക്ക ക്രിമിനൽ പശ്ചാത്തലമില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയത്. ഈ ക്രൂരകൃത്യത്തിന് പിന്നിൽ ‘മന്ത്രവിദ്യ മോഷണം’ മാത്രമാണോ ഉള്ളതെന്ന സംശയം ഉയർന്നിട്ടുണ്ട്. ഇരുപത് പവനിലേറെ സ്വർണം നഷ്‌പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ഇതിന് വേണ്ടി നാല് കൊലകൾ നടത്താൻ ഇവർ തയ്യാറാവുമോ എന്നാണ് നാട്ടുകാരിൽ ഏറെപ്പേരുടെയും സംശയം.

പരിചയക്കാരിൽ നടത്തിയ അന്വേഷണത്തിലാണ് കൃത്യത്തിൽ അനീഷിന്റെയും, ലിബീഷിന്റെയും പങ്ക് വ്യക്തമായതെന്നാണ് പൊലീസ് സ്ഥിരീകരണം. കൃഷ്ണൻ സൂക്ഷിച്ചിരുന്ന താളിയോലകൾ കവർച്ച ചെയ്യുക എന്ന ലക്ഷ്യവും അനീഷിന് ഉണ്ടായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.ഇത് കൃഷ്ണന്റെ വീട്ടിൽ അനീഷ് കടത്തിക്കൊണ്ടുപോയോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഇരുവരെയും കുറിച്ച് കൂടുതൽ അന്വഷിച്ചുവരികയാണെന്നും കളവുപോയ സ്വർണം കണ്ടെത്താനായിട്ടില്ലന്നും പൊലീസ് അറിയിച്ചു. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.