play-sharp-fill
ഞങ്ങൾ എസ്.എഫ്‌ഐക്കാരാണ്, എന്തും ചെയ്യും: കോളേജിൽ സദ്യ തികഞ്ഞില്ല: എസ്.എഫ്.ഐ പ്രവർത്തകർ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

ഞങ്ങൾ എസ്.എഫ്‌ഐക്കാരാണ്, എന്തും ചെയ്യും: കോളേജിൽ സദ്യ തികഞ്ഞില്ല: എസ്.എഫ്.ഐ പ്രവർത്തകർ വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ചു തകർത്തു

സ്വന്തം ലേഖകൻ

കൊച്ചി: നവോദ്ധാനം പ്രസംഗിക്കുന്ന സംസ്ഥാന സർക്കാരിന്റെയും സിപിഎമ്മിന്റെയും വിദ്യാർത്ഥി സംഘടന വനിതകൾ നടത്തുന്ന ഹോട്ടൽ അടിച്ച് തകർത്തു. വിദ്യാർത്ഥികൾക്കായി മഹാജാരാസ് കോളേജിലേയ്ക്ക് കൊണ്ടു പോയ സദ്യ തികയാതെ വന്നതോടെയാണ് എസ്.എഫ്.ഐ പ്രവർത്തകർ കോളേജിൽ നിന്നും സംഘമായി എത്തി ഹോട്ടൽ അടിച്ചു തകർത്തത്.
ഒരുകൂട്ടം എസ്എഫ്ഐ പ്രവർത്തകർ അഞ്ചു വനിതകൾ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകർക്കുകയായിരുന്നുവെന്നാണ് പരാതി. എസ് ആർ എം റോഡിലെ ‘പൊതിയൻസ്’ എന്ന വനിതാഹോട്ടലാണ് വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് അടിച്ചു തകർത്തത്. ഹോട്ടലിലെ കാഷ് കൗണ്ടറിൽ ഉണ്ടായിരുന്ന ഇരുപതിനായിരത്തോളം രൂപ അക്രമികൾ എടുത്തുകൊണ്ട് പോയതായും ഹോട്ടൽ ജീവനക്കാർ ആരോപിച്ചു.ആലപ്പുഴക്കാരായ അഞ്ചോളം വനിതാസംരംഭകർ ചേർന്ന് ആരംഭിച്ചതാണ് ഭക്ഷണശാല.

കോളേജിലെ ഓണാഘോഷത്തോട് അനുബന്ധിച്ച്, ഹോട്ടലിന് സമീപത്തെ ഹോസ്റ്റിലെ അന്തേവാസികളായ രണ്ട് വിദ്യാർത്ഥികൾ വന്ന് ആദ്യം 50 സദ്യ ഓർഡർ ചെയ്തുവെന്ന് ഹോട്ടലുടമയായ ശ്രീകല പറഞ്ഞു. ഒരു ഇലയ്ക്ക് 90 രൂപ നിരക്കിലാണ് കരാർ ഉറപ്പിച്ചത്. ഹോട്ടലിലെ നിത്യസന്ദർശകരായ വിദ്യാർത്ഥികൾ ആയതിനാലാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് സദ്യ നൽകാമെന്നേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന് പിന്നാലെ വിദ്യാർത്ഥികൾ തിരിച്ചെത്തി വിവിധ ഡിപ്പാർട്ട്മെന്റിലേക്കായി 540 സദ്യ കൂടി ഓർഡർ ചെയ്തു. ഇത്രയും ഊണ് ഇത്ര ചെറിയ തുകയ്ക്ക് നൽകുന്നത് ലാഭകരമല്ലെങ്കിലും വിദ്യാർത്ഥികളെ സഹായിക്കാമെന്ന് തീരുമാനിച്ചു. ഇതനുസരിച്ച് പന്ത്രണ്ടരയോടെ ഹോട്ടലിൽ നിന്നും സദ്യ കൊണ്ടുപോകുകയും ചെയ്തു.എന്നാൽ രണ്ടുമണിയോടെ ഒരു കൂട്ടം വിദ്യാർത്ഥികൾ ഹോട്ടലിലെത്തി സദ്യ തികഞ്ഞില്ലെന്ന് ആരോപിച്ച് ബഹളം വെച്ചു. കടയുടെ ഗ്ലാസുകളും ബോർഡുകളും ഭക്ഷണസാധനങ്ങളും പാത്രങ്ങളുമെല്ലാം എറിഞ്ഞുടച്ചു. കാഷ് കൗണ്ടർ തകർത്ത് 20,000 രൂപയും എടുത്തുകൊണ്ടുപോയതായും ഹോട്ടൽ ജീവനക്കാർ പറഞ്ഞു.

എസ്എഫ്ഐക്കാരാണ്, ഞങ്ങൾ എന്തുംചെയ്യും എന്നുപറഞ്ഞായിരുന്നു ആക്രമണമെന്നും ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. ഇതോടെ പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയതോടെ, ഹോട്ടൽ അസോസിയേഷനുകൾ ഇടപെട്ട് നഷ്ടപരിഹാരം നൽകാമെന്ന് ധാരണയിലെത്തി പരാതി നൽകാതെ മടങ്ങുകയായിരുന്നു. എന്നാൽ രാത്രി പാത്രങ്ങൾ തിരികെ എടുക്കാൻ ചെന്നപ്പോൾ നൽകിയില്ലെന്നും, ഓട്ടോ തൊഴിലാളികളെ ആക്രമിക്കാൻ ചെന്നുവെന്നും വാഹനം അടിച്ചു തകർക്കാൻ ശ്രമിച്ചുവെന്നും ജീവനക്കാർ പറഞ്ഞു.

ഹോട്ടലിലെ സ്ഥിരം സാന്നിധ്യങ്ങളായ വിദ്യാർത്ഥികൾ ആയതിനാലാണ് ഇത്രയും കുറഞ്ഞ തുകയ്ക്ക് സദ്യ നൽകാമെന്നേറ്റതെന്നും ഇവർ പറയുന്നു. എന്നാൽ, ഹോട്ടലുകാർ തങ്ങളെ വഞ്ചിച്ചെന്നും ഓർഡർ ചെയ്തത് അനുസരിച്ച് ഭക്ഷണം തന്നില്ലെന്നും, തന്നത് തന്നെ മോശം ഭക്ഷണം ആയിരുന്നുവെന്നുമാണ് വിദ്യാർത്ഥികളുടെ ന്യായീകരണം.