യാത്രക്കാരുടെ കാത്തിരിപ്പിന് വിരാമം; ആഡംബര സൗകര്യങ്ങളോടെ സ്വാതന്ത്ര്യ ദിനത്തിൽ വന്ദേഭാരത് എത്തുന്നു,16 കോച്ചുകളുമായി ആദ്യം സർവീസ് നടത്തുക തിരക്കുള്ള റൂട്ടിൽ
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിൻ സംബന്ധിച്ച് നിരവധി പരാതികളും വിമർശനങ്ങളും ഉയരുന്നുണ്ടെങ്കിലും വന്ദേഭാരത് സ്ലീപ്പർ പുറത്തിറങ്ങുന്നത് കാത്തിരിക്കുകയാണ് യാത്രക്കാർ.
ദിവസങ്ങൾക്ക് മുമ്പാണ് വന്ദേഭാരത് സ്ലീപ്പറിന്റെ പരീക്ഷണ ഓട്ടത്തെക്കുറിച്ചുള്ള കാര്യങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് പുറത്തുവിട്ടത്. ദീർഘദൂര യാത്രയാണ് വന്ദേഭാരത് ലക്ഷ്യമിടുന്നത്. കൂടാതെ, അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞിരുന്നു.
ട്രെയിനുകളുടെ അവസാനഘട്ട നിർമ്മാണം ബംഗളൂരിൽ പുരോഗമിക്കുകയാണ്. പുതിയ സ്ലീപ്പർ കോച്ചുകളുടെ വരവോടെ ദീർഘദൂരത്തേക്ക് ആഡംബര യാത്ര സാദ്ധ്യമാകുമെന്നും മന്ത്രി അറിയിച്ചിരുന്നു. ഇപ്പോഴിതാ യാത്രക്കാർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാജ്യത്തെ ആദ്യ വന്ദേഭാരത് സ്ലീപ്പർ സർവീസുകൾ സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് സർവീസ് നടത്തുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഫ്ളാഗ് ഓഫ് ചടങ്ങ് നിർവഹിക്കുക.
ആഡംബര സൗകര്യങ്ങളോടെ 16 കോച്ചുകളാണ് സ്ലീപ്പർ ട്രെയിനുകളിലുള്ളത്. ഇതിൽ പത്ത് കോച്ചുകൾ തേഡ് എസിയായിരിക്കും. നാല് കോച്ചുകൾ സെക്കൻഡ് എസിയും ഒരു കോച്ച് ഫസ്റ്റ് എസിയുമായിരിക്കും.
റെയിൽവെ പറയുന്നത് അനുസരിച്ച് ആദ്യ ഘട്ടത്തിൽ 130 കിലോ മീറ്റർ വേഗത്തിൽ വന്ദേഭാരത് സഞ്ചരിക്കും. പിന്നീട് വേഗത 160 മുതൽ 220 കിലോ മീറ്റർ വരെ വർദ്ധിപ്പിക്കുമെന്നും വ്യക്തമാക്കുന്നു. ആദ്യ സർവീസ് ഏറ്റവും തിരക്കുള്ള ഡൽഹി-മുംബൈ റൂട്ടിലായിരിക്കും.
ഏറ്റവും കൂടുതൽ യാത്രക്കാരും റിസർവേഷനുമുള്ള റൂട്ടുകളിൽ ഒന്നാണിത്. യാത്രക്കാരുടെ എണ്ണം കൂടുതലായതിനാൽ നിരവധി യാത്രക്കാർക്ക് റിസർവേഷൻ ലഭിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഈ റൂട്ടിൽ സർവീസ് നടത്താൻ റെയിൽവെ തീരുമാനിക്കുന്നത്. ഭോപ്പാൽ, സൂറത്ത് വഴിയായിരിക്കും മുംബൈയിലേക്കുള്ള സർവീസ്.