വഞ്ചിയൂർ ട്രഷറി തട്ടിപ്പ് കേസ്: ബിജുലാലിനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു; വഞ്ചിയൂർ ട്രഷറിയിൽ കൂട്ട സ്ഥലം മാറ്റം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വഞ്ചിയൂർ ട്രഷറിയില്‍ നിന്ന് രണ്ടു കോടി രൂപയുടെ തട്ടിപ്പ് നടത്തിയ സബ് ട്രഷറി സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍.ബിജുലാലിനെ സര്‍വീസില്‍ നിന്ന് അടിയന്തരമായി പിരിച്ചുവിട്ടു. നോട്ടീസ് പോലും നൽകാതെയാണ് ധനവകുപ്പ് നടപടി. നോട്ടീസ് ബിജുലാലിന് നൽകേണ്ടെന്നാണ് ധനവകുപ്പ് തീരുമാനം. ധനകാര്യ അഡീ. ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ട്രഷറി ഡയറക്ടർ ഇന്ന് ധനകാര്യ സെക്രട്ടറിക്ക് റിപ്പോർട്ട് നൽകിയിരുന്നു. ശേഷം ധനകാര്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിലായിരുന്നു അന്തിമ നടപടിയുണ്ടായത്.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് വിവരം. ജില്ലാ ട്രഷറി ഓഫീസർ, ടെക്‌നിക്കൽ കോഡിനേറ്റർ എന്നിവർക്കെതിരെ ഇന്നു തന്നെ നടപടിയുണ്ടാകുമെന്ന സൂചനയുണ്ട്. ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ട്രഷറിയുടെ സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്സ് സെന്ററിന്റെ സഹായം തേടും. ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെന്റ് സെല്ലിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥന്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിരമിച്ച സബ്ട്രഷറി ഓഫീസറുടെ യൂസര്‍നെയിമും പാസ്‌വേഡും ഉപയോഗിച്ച് രണ്ടുകോടി രൂപ ബിജുലാല്‍ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. ബിജുലാലിനെ കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിജുലാലിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു.
61.23 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകളിലേക്ക് ബിജുലാല്‍ മാറ്റി. 1.37 കോടി രൂപ ട്രഷറിയിലെ അക്കൗണ്ടില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് പിന്‍വലിക്കാന്‍ കഴിഞ്ഞില്ല. ഏപ്രില്‍ 20 മുതല്‍ തട്ടിപ്പ് തുടങ്ങിയെങ്കിലും ജൂലായ് 27-നാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. പ്രാഥമിക പരിശോധനയില്‍ ബിജു ലാലാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. ശനിയാഴ്ചയാണ് ട്രഷറി വകുപ്പ് പൊലീസില്‍ പരാതി നല്‍കിയത്.
അതേസമയം, സംഭവത്തിൽ കൂടുതൽ നടപടികളുമായി ധനവകുപ്പ് രംഗത്തെത്തി. വഞ്ചിയൂർ ട്രഷറിയിലെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലംമാറ്റി. തട്ടിപ്പ് കണ്ടുപിടിച്ച ഉദ്യോഗസ്ഥൻ ഒഴികെയുള്ളവർക്കാണ് സ്ഥലംമാറ്റം. തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ധനവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരും എൻഐസി പ്രതിനിധിയും ഈ സംഘത്തിൽ ഉൾപ്പെടുന്നു.