വാളയാറിൽ ജീവനൊടുക്കിയ പെൺകുട്ടികളുടെ ചിത്രം വച്ച് സോഷ്യൽ മീഡിയയിൽ നീതിയ്ക്കായി പ്രചാരണം: നിയമം ലംഘിച്ച് നീതിയ്ക്കായി മുറവിളി കൂട്ടണോ..? പെൺകുട്ടികളുടെ ചിത്രം പ്രചരിപ്പിക്കുന്നത് ക്രിമിനൽക്കുറ്റം
ക്രൈം ഡെസ്‌ക്
കോട്ടയം: വാളയാറിൽ ക്രൂരമായ പീഡനത്തിനിരയാകുകയും, ജീവനൊടുക്കുകയും, എന്നാൽ, സർക്കാരിന്റെയും പൊലീസിന്റെയും അനാസ്ഥയുടെ രക്തസാക്ഷികളായി നീതി നിഷേധിക്കുകയും ചെയ്ത പെൺകുട്ടികളുടെ ചിത്രം വച്ച് സോഷ്യൽ മീഡിയയിൽ പ്രതിഷേധം. പെൺകുട്ടികളുടെയും മാതാപിതാക്കളുടെയും ചിത്രം സഹിതമാണ് സോഷ്യൽ മീഡിയയിൽ പലരും നീതിയ്ക്കു വേണ്ടിയുള്ള ക്യാമ്പെയിനിന്റെ ഭാഗമാകുന്നത്. ഇത് അക്ഷരാർത്ഥത്തിൽ മരിച്ചു പോയ ആ പെൺകുട്ടികളോടും, ഇവരുടെ കുടുംബത്തോടും ചെയ്യുന്ന നീതികേടാണ്.
പീഡനത്തിനിരയാകുന്നതോ, കൊല്ലപ്പെടുന്നതോടെ ആയ പെൺകുട്ടികളുടെ ചിത്രമോ, വിലാസമോ ഇവരെ തിരിച്ചറിയാൻ സാധിക്കുന്ന ഒരു രേഖകളും പരസ്യപ്പെടുത്തരുതെന്നാണ് നിയമം. ഇത് മറികടന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയിയിൽ പലരും പെൺകുട്ടികളുടെ ചിത്രം സഹിതം പ്രചാരണം നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ വാളയാർ പീഡനക്കേസിൽ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ശക്തമായിട്ടുണ്ട്. കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് വനിതാ കമ്മിഷനും രംഗത്ത് എത്തി. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഹർത്താൽ കൂടി പ്രഖ്യാപിച്ചതോടെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പീഡനക്കേസ്. പ്രതികളെ വെറുതെ വിട്ട പശ്ചാത്തലത്തിൽ കേസ് വീണ്ടും സംസ്ഥാനത്ത് വൻ വിവാദത്തിന് തിരികൊളുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന വനിതാ കമ്മിഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി തെളിവുണ്ടായിട്ടും പ്രതികളെ വെറുതെ വിട്ടത് എന്തു കൊണ്ടാണെന്ന് പുനരന്വേഷണത്തിന്റെ ഭാഗമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ വ്യാപ്തി വേണമെന്നും പ്രൊസിക്യുഷന്റെ ഭാഗത്ത് നിന്ന് ഏതെങ്കിലും തരത്തിലുള്ള വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കണമെന്നും എംസി ജോസഫൈൻ ആവശ്യപ്പെട്ടു.