
സ്വന്തം ലേഖകന്‍
കൊച്ചി: സര്‍ക്കാരിന്റെയും കുട്ടികളുടെ അമ്മയുടെയും അപ്പീല്‍ അംഗീകരിച്ച് വാളയാര്‍ കേസില്‍ പ്രതികളെ വെറുതെവിട്ട വിചാരണകോടതിയുടെ വിധി ഹൈക്കോടതി റദ്ദാക്കി. പാലക്കാട് പോക്‌സോ കോടതിയുടെ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. വാളയാര്‍ കേസില്‍ പുനര്‍വിചാരണ നടത്താനും ഹൈക്കോടതി ഉത്തരവിട്ടു.
വിചാരണയില്‍ വീഴ്ചയുണ്ടെന്നും അതിനാല്‍ വിധി റദ്ദാക്കണമെന്നും സര്‍ക്കാരും നിലപാട് എടുത്തിരുന്നു. അതു കൊണ്ട് തന്നെ പുനര്‍വിചാരണയ്ക്ക് മുമ്പ് പുനരന്വേഷണത്തിന് സാധ്യതയുണ്ട്. ഇതിനുള്ള നിയമവശങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കും. സിബിഐ അന്വേഷണമെന്ന ആവശ്യത്തിനും സാധ്യത കൂടും. ഇതിലും സര്‍ക്കാര്‍ തീരുമാനം നിര്‍ണ്ണായകമാകും. കേസ് സിബിഐ അന്വേഷിക്കണമെന്നാണ് സമര സമിതിയുടെ ആവശ്യം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പുനഃരന്വേഷണം വേണമെങ്കില്‍ പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിക്കണം. നാലു പ്രതികളും 20ന് വിചാരണക്കോടതിയില്‍ ഹാജരാകണം. ആവശ്യമെങ്കില്‍ കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണം. പോക്സോ കോടതി ജഡ്ജിമാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജ്യൂഡീഷ്യല്‍ കമ്മീഷന് ഇതിനുള്ള ശുപാര്‍ശ നല്‍കി. പുനര്‍ വിചാരണയും തുടരന്വേഷണവും ആവശ്യപ്പെട്ട് സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. കുട്ടികളുടെ മാതാവും കോടതിയെ സമീപിച്ചിരുന്നു. ഷിബു, വലിയ മധു, ചെറിയ മധു, പ്രദീപ് എന്നിവരാണ് കേസിലെ പ്രതികള്‍.
കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് കാണിച്ച് നാല് പ്രതികളെയാണ് വിചാരണ കോടതി വെറുതെ വിട്ടത്. വാളയാറില്‍ 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ ഒമ്പത് വയസുകാരിയെ 2017 മാര്‍ച്ച് നാലിനുമാണ് വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികളുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തെന്നാണ് കേസ്.
രണ്ടു പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസില്‍ പ്രതിയായ പ്രദീപ് അപ്പീല്‍ പരിഗണനയിലിരിക്കെ ആത്മഹത്യ ചെയ്തു. വലിയ മധു രണ്ട് പെണ്‍കുട്ടികളെയും പീഡിപ്പിച്ച കേസിലും, ചെറിയ മധുവും ഷിബുവും മൂത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതികളാണ്.