play-sharp-fill
വൈക്കത്ത് അട്ടിമറി വിജയവുമായി ബിജെപി: അകലക്കുന്നത്ത് അഭിമാനം കാത്ത് ജോസ് കെ.മാണി വിഭാഗം; വിജയപുരം നിലനിർത്തി സിപിഎം

വൈക്കത്ത് അട്ടിമറി വിജയവുമായി ബിജെപി: അകലക്കുന്നത്ത് അഭിമാനം കാത്ത് ജോസ് കെ.മാണി വിഭാഗം; വിജയപുരം നിലനിർത്തി സിപിഎം

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിലെ മൂന്നു ഉപതിരഞ്ഞെടുപ്പുകളിലും ഓരോ സീറ്റ് വീതം നേടി ബിജെപിയും കേരള കോൺഗ്രസും സിപിഎമ്മും. സി.പി.എം സിറ്റിങ് സീറ്റ് നിലനിർത്തിയപ്പോൾ, കേരള കോൺഗ്രസിലെ ഇരുവിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടത്തിൽ ജോസ് കെ.മാണി കരുത്ത് തെളിയിച്ചു. അട്ടിമറി വിജയവുമായി താമര വിരിയിച്ച് വൈക്കത്തപ്പന്റെ മണ്ണിൽ അഭിമാനം ഉയർത്തിയാണ് ബിജെപി പോരാട്ടം നയിച്ചിരിക്കുന്നത്.

വൈക്കം നഗരസഭയിലെ 21 -ാം ഡിവിഷനിലെ എൽ.എഫ് ചർച്ച് വാർഡിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് ഭരിക്കുന്ന നഗരസഭയിൽ നഗരസഭ വൈസ് ചെയർമാൻ അംഗത്വം രാജി വച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ആകെയുള്ള 771 വോട്ടിൽ 605 വോട്ടും പോൾ ചെയ്യപ്പെട്ടിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ.ആർ രാജേഷിന് 257 വോട്ടും, കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയ രാജേഷിന് 178 വോട്ടും സിപിഎം സ്ഥാനാർത്ഥി ഷാനി സുരേഷ് 170 വോട്ടും നേടി. 79 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാർത്ഥി കെ.ആർ രാജേഷ് വിജയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള കോൺഗ്രസുകൾ തമ്മിൽ ഏറ്റുമുട്ടിയ അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിലെ ജോസ് കെ.മാണി വിഭാഗത്തിന് വിജയം. കേരള കോൺഗ്രസ് ജോസ് കെ.മാണി ജോസഫ് വിഭാഗങ്ങൾ നേരിട്ട് പോരാടിയ മണ്ഡലത്തിൽ 63 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജോസ് കെ.മാണി വിഭാഗത്തിന്റെ വിജയം. ജോസ് കെ.മാണി വിഭാഗത്തിലെ ജോർജ് തോമസിന് 320 വോട്ടും, ജോസഫ് വിഭാഗത്തിലെ ബിബിൻ തോമസിന് 257 വോട്ടും, എൽഡിഎഫ് സ്ഥാനാർത്ഥി ആന്റോച്ചന് 29 വോട്ടും, ബിജെപി സ്ഥാനാർത്ഥി രഞ്ജിത്തിന് 15 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്.

വിജയപുരം പഞ്ചായത്തിലെ രണ്ടാം വാർഡ് നാൽപ്പാമറ്റത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ ഉഷ സോമനാണ് വിജയിച്ചത്. 57 വോട്ടിന്റെ ലീഡാണ് എൽഡിഎഫിന് ലഭിച്ചിരിക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി ഉഷ സോമന് 467 വോട്ടും, യുഡിഎഫ് സ്ഥാനാർത്ഥി ലക്ഷ്മി എ നായർക്ക് 410 വോട്ടും, ബിജെപി സ്ഥാനാർത്ഥി സൈറ ബാനുവിന് 67 വോട്ടുമാണ് ലഭിച്ചിരിക്കുന്നത്. മുൻ പഞ്ചായത്ത് പ്രസിഡന്റും പഞ്ചായത്തംഗവുമായിരുന്ന ഗീതാ സുധാകരന്റെ നിര്യാണത്തെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

ജനങ്ങളും പാർട്ടി അണികളും ജോസ്.കെ.മാണിക്ക് ഒപ്പമെന്ന് അകല കുന്നം പഞ്ചായത്തിലെ പൂവത്തിളപ്പ് വാർഡ് ഉപതെരഞ്ഞെടുപ്പു ഫലം തെളിയിച്ചതായി കേരള കോൺഗ്രസ്.(എം) കോട്ടയം ജില്ലാ പ്രസിഡണ്ട് സണ്ണി തെക്കേടം പറഞ്ഞു. കേരളകോൺഗ്രസ് (എം) സിറ്റിംഗ് സീറ്റിൽ വാടക സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം നൽകി ജോസഫ് വിഭാഗം യു.ഡി.എഫിൽ ഭിന്നത സൃഷ്ടിക്കുവാൻ നടത്തിയ ശ്രമത്തെയാണ് ജനങ്ങൾ പരാജയപ്പെടുത്തിയിരിക്കുന്നത്. ഒരു കാലത്തും കേരള കോ ൺഗ്രസിൽ-ൽ അനുഭാവി പോലും അല്ലാതിരുന്നതും പാർട്ടിയുടെ പ്രാഥമിക അംഗത്വം പോലും ഇല്ലാത്ത ഒരാളെയാണ് ചെന്നായ്ക്ക് ആട്ടിൽ തോൽ അണിയിച്ചതു പോലെ രണ്ടിലചിഹ്നം നൽകി വോട്ട് ഭിന്നിപ്പിക്കുവാൻ രംഗത്ത് ഇറക്കിയത്.

പണക്കൊഴുപ്പിനും വോട്ടുകച്ചവടത്തിന് എതിരെയുള്ള ജനവിധിയാണ് പൂവത്തിളപ്പിലേത്. 15 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ 6 അംഗങ്ങളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായികേരളകോൺഗ്രസ് (എം) മാറി ‘ഇതേ വരെ കോട്ടയം ജില്ലയിൽ നടന്ന 8 ഉപതെരഞ്ഞെടുപ്പുകളിൽ കേരള.കോൺഗ്രസ് (എം) വിജയിച്ചിരുന്നു.