സ്ത്രീ വിദ്യാഭ്യാസത്തിന് എല്ലാക്കാലവും വൈക്കം പ്രാധാന്യം നൽകി: മന്ത്രി ജി സുധാകരൻ
സ്വന്തം ലേഖകൻ
വൈക്കം: സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ വിദ്യാഭ്യാസത്തിനും സ്ത്രീ വിദ്യാഭാസത്തിനും വൈക്കം പ്രാധാന്യം കൊടുത്തിരുന്നതിന് തെളിവാണ് 1926 ൽ സ്ഥാപിതമായ വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ. 1.5 കോടി രൂപ ചെലവിൽ നിർമ്മിച്ച വൈക്കം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിപ്രൈമറി സ്‌കൂൾ മുതൽ ഹയർ സെക്കണ്ടറി വരെയുള്ള അഞ്ച് വിദ്യാഭ്യാസ ഘടകങ്ങൾ ഒരു സ്‌കൂളിൽ വരുന്നത് അപൂർവമാണ്. ഇത്തരത്തിലുള്ള ഒരു മാതൃക സമ്പൂർണ വിദ്യാഭ്യാസ കേന്ദ്രമാണിത്. സർക്കാർ സ്‌കൂളുകളോടുള്ള സമീപനത്തിനും കാഴ്ചപ്പാടിനും മാറ്റം വരുത്തുന്നതിനും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് കഴിഞ്ഞിട്ടുണ്ട് എന്നതിന് തെളിവാണ് ഗവൺമെന്റ് സ്‌കൂളുകളിലേക്കുള്ള കുട്ടികളുടെ തിരിച്ചുവരവ്. ഹൈടെക് ക്ലാസ് മുറികൾ, ലൈബ്രറി, ടോയ്ലറ്റ് തുടങ്ങിയ മികച്ച വിദ്യാഭ്യാസത്തിനുള്ള എല്ലാ സൗകര്യവും സർക്കാർ സ്‌കൂളുകളിൽ ലഭ്യമാണ്. ഭൗതിക, സാമൂഹിക- ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് കൂടിയാണ് വിദ്യാഭ്യാസം നേടുന്നത് എന്ന ചിന്ത വിദ്യാർത്ഥികൾക്ക് ഉണ്ടാകണം. കാർഷികരംഗം മുതൽ ഇൻഫർമേഷൻ ടെക്‌നോളജി വരെയുള്ള മേഖലയിൽ നൂതന മാറ്റങ്ങൾ വരുത്താൻ നമ്മുടെ വിദ്യാർത്ഥികൾ പ്രാപ്തരാകണം എന്നും അദ്ദേഹം പറഞ്ഞു. സി.കെ ആശ എം എൽ എ അധ്യക്ഷത വഹിച്ചു. പിഡബ്‌ള്യുഡി സൂപ്രണ്ടിംഗ് എഞ്ചിനീയർ അൻസാർ എം റിപ്പോർട്ട് അവതരിപ്പിച്ചു. വൈക്കം നഗരസഭ ചെയർപേഴ്‌സൺ നിർമ്മലാ ഗോപി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീകുമാരൻ നായർ, വാർഡ് കൗൺസിലർ ഡി. രഞ്ജിത്ത് കുമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പാൾ വി.പി ശ്രീദേവി സ്വാഗതവും ഹെഡ്മിസ്ട്രസ് സുനിമോൾ എം.ആർ നന്ദിയും പറഞ്ഞു