വഖഫ് സംരക്ഷണ വേദി പ്രസിഡന്റിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം : കേസ് ഒത്തു തീർപ്പാക്കി പിൻവലിക്കാനുള്ള ശ്രമം നടത്തുന്നു

വഖഫ് സംരക്ഷണ വേദി പ്രസിഡന്റിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം : കേസ് ഒത്തു തീർപ്പാക്കി പിൻവലിക്കാനുള്ള ശ്രമം നടത്തുന്നു

 

സ്വന്തം ലേഖകൻ

കൊച്ചി: വഖഫ് സംരക്ഷണ വേദി പ്രസിഡന്റിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് ആരോപണം . കേസ് ഒത്തു തീർപ്പാക്കി പിൻവലിക്കാനുള്ള ശ്രമം നടത്തുന്നതായി ആരോപണം. കൊച്ചി പുല്ലേപ്പടിയിലുള്ള ദാറുൽ ഉലൂം ഹയർ സെക്കന്ററി സ്‌കൂൾ ഉൾപ്പെട്ട ഖദീജാ ബായ് ട്രസ്റ്റിന്റെ 500 കോടി വില വരുന്ന വഖഫ് വസ്തുക്കൾ കൈമാറ്റം ചെയ്‌തെന്ന് ആരോപിച്ച് ഫയൽ ചെയ്തിരുന്ന കേസ് ഒത്തു തീർപ്പാക്കി പിൻവലിക്കാനുള്ള ശ്രമം നടത്തുന്നു.

അനധികൃതമായി വിദേശ പണം ട്രസ്റ്റിന്റെ കീഴിലുള്ള കൊച്ചി യത്തീംഖാനയുടെ പേരിൽ സ്വരൂപിച്ചിട്ടുണ്ടെന്നും വിലമതിക്കാനാവാത്ത വഖഫ് വസ്തുക്കൾ അനധികൃതമായി വിൽപ്പന നടത്തിയിട്ടുണ്ടെന്നും അത്തരം സ്വത്തുക്കൾ തിരിച്ചു പിടിക്കണമെന്നും ആവശ്യപ്പെട്ടാണ് എറണാകുളം വഖഫ് ട്രൈബ്യൂണലിൽ ട്രഷററായ റഷീദ് അറക്കൽ കേസ് ഫയൽ ചെയ്തത്. 2013ലാണ് കേസ് ഫയൽ ചെയ്തത്. ഇതേ കാര്യങ്ങൾ ആരോപിച്ച് വിജിലൻസ് കോടതിയിലും റഷീദ് അറക്കൽ ഹർജി നൽകിയിരുന്നു. ചട്ടം ലംഘിച്ച് വിദേശപണം, സർക്കാർ ഗ്രാന്റ് മുതലായവ തട്ടിയെടുക്കുകയാണെന്നും റഷീദ് അറക്കൽ സമൂഹ മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. വ്യാപകമായി പ്രചരണമാണ് നടത്തി വന്നത്. കേസ് ആരംഭിച്ചതു മുതൽ റഷീദ് അറക്കൽ മാത്രമായിരുന്നു ഹർജിക്കാരനായി ഉണ്ടായിരുന്നത്. എന്നാൽ വഖഫ് സംരക്ഷണ വേദി പ്രസിഡന്റും മറ്റും കേസിൽ 2018ൽ കക്ഷി ചേരുകയും ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷം തർക്കങ്ങളെല്ലാം ഒത്തുതീർന്നെന്നു പറഞ്ഞ് സംരക്ഷണ വേദി പ്രസിഡന്റ് ടിഎം അബ്ദുൽ സലാമും മറ്റ് ചിലരും ചേർന്ന് കേസ് പിൻവലിക്കാനുള്ള ഹർജി 2018ൽ കോടതിയിൽ ഫയൽ ചെയ്യുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ 2018 ജൂൺ 19ന് തയ്യാറാക്കിയ ഒത്തുതീർപ്പ് ഹർജിയിൽ ഒപ്പിടാൻ ട്രഷറർ റഷീദ് അറക്കൽ തയ്യാറല്ലായിരുന്നു. മാത്രമല്ല തൃശ്ശൂർ വിജിലൻസ് കോടതി മുമ്ബാകെ സിഎംപി406/12-ാം നമ്ബറായി ഇതേ വിഷയത്തിൽ ഫയൽ ചെയ്ത കേസിലെ ഹർജിക്കാരനായ റഷീദ് അറക്കൽ പ്രസ്തുത കേസ് പിൻവലിക്കാനും തയ്യാറായിരുന്നില്ല. വിജിലൻസ് കേസ് പിന്നീട് മൂവ്വാറ്റുപുഴ വിജിലൻസ് കോടതിയിലേക്ക് മാറ്റി. സിഎംപി536/16-ാം നമ്ബറായി ഇപ്പോൾ പരിഗണയിലിരിക്കുകയാണ്. ലക്ഷങ്ങൾ കൈമാറിയുള്ള ഒത്തു തീർപ്പിന്റെ പേരിൽ റഷീദ് അറക്കലും വഖഫ് സംരക്ഷണ വേദി പ്രസിഡന്റ് ടിഎം അബ്ദുൽ സലാമും മറ്റുള്ളവരും തമ്മിൽ അഭിപ്രായ വ്യത്യാസവുമുണ്ടായി.

തുടർന്ന് ഒരാഴ്ചയ്ക്കകം ജൂൺ 26ന് റഷീദ് അറക്കൽ എന്ന 42 കാരൻ ദുരൂഹസാഹചര്യത്തിൽ മരണപ്പെടുകയും ചെയ്തു. വഖഫ് സംരക്ഷണ വേദിയുടെ ട്രഷറർ മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസമായ ജൂൺ 27ന് തന്നെ റഷീദ് അറക്കൽ മരണപ്പെട്ടതായി കാണിച്ച് ടിഎം അബ്ദുൽ സലാമും മറ്റും ഒപ്പിട്ട് ജൂലായ് 5-ാം തീയതിയിലേക്ക് വെച്ചിരുന്ന കേസ് അഡ്വാൻസ് ചെയ്ത് ഒത്തുതീർപ്പ് ഹർജി കോടതിയിൽ സമർപ്പിക്കുകയാണുണ്ടായത്. വഖഫ് സംരക്ഷണ വേദിയുടെ ട്രഷറർ മരണപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേസ് അഡ്വാൻസ് ചെയ്തു കൊണ്ട് ഒത്തു തീർപ്പ് ഹർജി സമർപ്പിച്ചതിലും ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.

2018ലെ ഒത്തുതീർപ്പിനു ശേഷം സംരക്ഷണ വേദി പ്രസിഡന്റിന്റെ വീട് ലക്ഷങ്ങൾ ചെലവഴിച്ച് മോടിപിടിപ്പിച്ചു. ഇതും ആരോപണത്തിന്റെ ശക്തി കൂട്ടുന്ന ഒന്നായിരുന്നു. എറണാകുളം മാർക്കറ്റിലെ വെറും ഒരു പഴക്കച്ചവടക്കാരനാണ് സംരക്ഷണ വേദിയുടെ പ്രസിഡന്റ്. നിഗൂഢ ഉദ്ദേശത്തോടെ കേസ് ഒത്തുതീർപ്പാക്കാനുള്ള ഹർജിയെ വഖഫ് ബോർഡിന്റെ അഭിഭാഷകൻ റഫീക് ചേന്നറ ശക്തമായി എതിർത്തതിനാലാണ് ബോർഡിന്റെ അനുമതിയില്ലാതെ കേസ് ഒത്തു തീർപ്പാക്കാൻ സാധ്യമല്ലെന്ന് പറഞ്ഞ് ഡിസംബർ 2018ന് ഒത്തുതീർപ്പ് ഹർജി വഖഫ് ട്രൈബ്യൂണൽ തള്ളിയത്. അതേ സമയം ഹർജി തള്ളിയതിനെതിരെ ഹൈക്കോടതിയിൽ സിആർപി 53/2019-ാം നമ്ബറായി കേസ് ഫയൽ ചെയ്തത് വഖഫിന്റെ മാനേജിംഗ് ട്രസ്റ്റിയാണെന്നതും വിചിത്രം തന്നെയാണ്.